വിവിധ മേഖലകളില്‍ പ്രശസ്തരായ 10 വനിതകളെയും അവരുടെ ജീവിതവും പരിചയപ്പെടുത്തുകയാണ് ക്വിസ് കോര്‍ണറില്‍.

ചോദ്യങ്ങള്‍

 1. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന സ്ത്രീകൾ കുറവായിരുന്ന കാലത്തിലാണ് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ സി.വി. രാമന്റെ കീഴിൽ ഗവേഷണം ചെയ്യാൻ ഇവർ എത്തുന്നത്. എന്നാൽ, സാങ്കേതിക തടസ്സങ്ങൾ നിരത്തി മദ്രാസ് സർവകലാശാല ഇവർക്ക് പിഎച്ച്.ഡി. ബിരുദം നിഷേധിച്ചു. 1963-ൽ‌ തുമ്പയിൽനിന്ന്‌ ആദ്യത്തെ റോക്കറ്റ് വിക്ഷേപണം നടത്തുമ്പോൾ ഇവരുടെ മേൽനോട്ടത്തിലാണ് അന്തരീക്ഷ പഠനസംവിധാനങ്ങൾ ഒരുക്കിയത്. ആരാണീ വനിത?
 2. ചെറുപ്രായത്തിൽത്തന്നെ പി.കെ.എൻ. റാവുവെന്ന പൈലറ്റിനെ വിവാഹംചെയ്ത ഇവർ, 1984-ലെ ഭോപാൽ ദുരന്തസമയത്ത് സേവനങ്ങളിൽ ഏർപ്പെട്ട വൈദ്യശാസ്ത്രസംഘത്തിന് നേതൃത്വം നൽകുകയും സിഖ് കലാപത്തിൽ സമാധാനപ്രവർത്തങ്ങളിൽ ഏർപ്പെടുകയും ചെയ്തു. തൊണ്ണൂറ്റിരണ്ടാം വയസ്സിലും രോഗികളെ ചികിത്സിക്കുകയും സൗജന്യ വൈദ്യസേവനങ്ങൾ നൽകുകയും ചെയ്തിരുന്ന ഈ വനിതയെ നമ്മൾ അറിയുന്നത് മറ്റുപല കാരണങ്ങൾകൊണ്ടാണ്. ആരാണിവർ?
   
 3. അൽബേനിയയിലെ സ്കോപ്‌ജേയിൽ ജനിച്ച ഇവരാണ് ആദ്യമായി ടെംപിൾടൺ പുരസ്കാരം നേടിയ വ്യക്തി. ആഗ്നസ് ബോയസ്ക്യു എന്നാണ് യഥാർഥ നാമമെങ്കിലും മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. 1931 മുതൽ ഒരു പതിറ്റാണ്ടോളം കൊൽക്കത്തയിലെ സെയ്ന്റ് മേരീസ് ഹൈസ്കൂളിൽ ഭൂമിശാസ്ത്രം അധ്യാപികയായിരുന്ന ഇവരെ തിരിച്ചറിയുക?
   
 4. അഡലിൻ സ്റ്റീഫൻ എന്നാണ് യഥാർഥ പേരെങ്കിലും, തൂലികാനാമത്തിലായിരുന്നു ഇവർ രചനകൾ നടത്തിയത്. ജോൺ കെയ്ൻസ്, ഇ.എം. ഫോസ്റ്റർ, ലിറ്റൻ സ്ട്രാക്കി എന്നിവരുടെകൂടെ ബ്ലൂംസ്ബെറി ഗ്രൂപ്പ്‌ എന്ന സാഹിത്യഗ്രൂപ്പിൽ അംഗമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ആധുനികതയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കുന്ന ഇവരുടെ പ്രധാന നോവലുകളാണ് ‘ദി വോയേജ് ഔട്ട്’‌, ‘ദി വേവ്സ്’, ‘നൈറ്റ്‌ ആൻഡ് ഡേ’ തുടങ്ങിയവ. ആരാണീ പ്രശസ്ത സാഹിത്യകാരി?
   
 5. ‘കാസാ ദി ബാംബിനി’ കുട്ടികളുടെ വീട്, ശിശുഭവനം എന്നൊക്കെ അർഥംവരുന്ന ഈ പ്രസ്ഥാനം കാൻഡിഡ ന്യൂസിടെല്ലി എന്ന സ്ത്രീയോടൊപ്പം തുടങ്ങിയ വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നത്. സൈലന്റ് ഗെയിം, ചോക്കുവരയിലൂടെയുള്ള നടത്തം എന്നിങ്ങനെയുള്ള കളികൾ ഉൾപ്പെടുന്ന ഇറ്റലിയിലെ സാൻ ലോറൻസോയിൽനിന്ന് തുടങ്ങിയ ഈ പ്രസ്ഥാനത്തെയും വ്യക്തിയെയും തിരിച്ചറിയുക.
   
 6. 2017-ൽ സ്പെയിനിലെ ഒരു ഗ്രാമത്തിൽ കുട്ടികൾക്കുവേണ്ടി നഗരസഭ ഒരു പാർക്ക് നിർമിച്ചു. അവിടത്തെ സ്കൂൾ കുട്ടികളോട് അവരെ സ്വാധീനിച്ച ഒരു സ്ത്രീയുടെ പേര് പാർക്കിനു നൽകാൻ പറഞ്ഞപ്പോൾ ഇവരുടെ പേരാണ് നിർദേശിച്ചത്. 2015-ൽ നാസ കണ്ടുപിടിച്ച ആസ്ട്രോയിഡിന് ആദരസൂചകമായി ഇവരുടെ പേര് നൽകുകയുണ്ടായി. വിആർ ഡിസ്‌പ്ലെയ്സ്ഡ് (We are Displaced) അടുത്തിടെ പുറത്തിറങ്ങിയ ഇവരുടെ മൂന്നാമത്തെ പുസ്തകമാണ്. ഈ വ്യക്തിയെ തിരിച്ചറിയുക.
   
 7. ‘‘ഇന്ത്യയിൽ ഉള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുണ്ട് താജ്മഹലും ഈ വനിതയും ഒഴികെ.’’ ലോകപ്രശസ്തയായ ഒരു ഇന്ത്യൻ വനിതയെക്കുറിച്ച് അമിതാഭ് ബച്ചനോട് അദ്ദേഹത്തിന്റെ വിദേശസുഹൃത്തുക്കൾ പറഞ്ഞ വാക്കുകളാണിത്.  ‘ബാരി മാ’യാണ് ഇവർ അഭിനയിച്ച ആദ്യ ഹിന്ദി  ചലച്ചിത്രം. ഇവർ രൂപകല്പനചെയ്ത രത്നാഭരണങ്ങൾ സ്വരാഞ്ജലി എന്ന പേരിൽ വിപണിയിൽ ഇറങ്ങിയിരുന്നു. ആരാണ് ഈ പ്രശസ്ത വനിത?
   
 8. കർണാടകയിലെ മാണ്ഡ്യയിൽ ജനിച്ച ഇവരുടെ ആദ്യത്തെ പേര് കോമളവല്ലി എന്നായിരുന്നു. ഇവർ അഭിനയിച്ച ഏക ഹിന്ദി ചലച്ചിത്രമാണ് ‘ഇസ്സത്ത്’. പല വാരികകളിലും കോളങ്ങളും നോവലുകളുമെഴുതിയിരുന്ന, വിദ്യാവതി എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ വനിതയെ തിരിച്ചറിയുക?
   
 9. ഇന്ത്യയൊട്ടാകെ ‘നാമക്കുഴി സിസ്റ്റേഴ്സ്’ എന്നറിയപ്പെടുന്നവരിൽ ഒരാളായ ഇവർ ലേഡി പപ്പൻ,  ലേഡി ബല്ലു എന്നീ അപരനാമങ്ങളിലും അറിയപ്പെട്ടിരുന്നു.
   
 10. ഫ്രീഡം പാർട്ടി എന്ന പാർട്ടിയിലെ അംഗമായിരുന്ന ഇവരുടെ പേരിന്റെ മധ്യനാമങ്ങൾ  Ratwatte Dias എന്നായിരുന്നു. ഇവരുടെ ഭർത്താവിനെ വെടിവെച്ചുകൊന്നത് ഒരു ബുദ്ധസന്ന്യാസിയാണ്. ലോകത്തിൽതന്നെ വളരെ അപൂർവമായ ഒരു ബഹുമതി ലഭിച്ച വനിതയാണിവർ. തിരിച്ചറിയുക.

ഉത്തരങ്ങൾ

 1. അന്നാ മാണി
 2. ലക്ഷ്മി സെഹ്ഗാൾ
 3. മദർ തെരേസ
 4. വിർജീനിയ വൂൾഫ്
 5. മരിയ മോണ്ടിസോറി
 6. മലാല യൂസുഫ്സായ് 
 7. ലത മങ്കേഷ്കർ
 8. ജയലളിത 
 9. കെ.സി. ഏലമ്മ 
 10. സിരിമാവോ ബണ്ഡാരനായകെ

കൂടുതലറിയാം

Anna Maniഫിസിക്സ് എന്ന ഇഷ്ടമേഖലയിൽനിന്ന്‌ യാദൃച്ഛികമായാണ് അന്ന മാണി കാലാവസ്ഥാ പഠനമേഖലയിലേക്ക് എത്തിയത് (Metereology). നിരീക്ഷണ ഉപകരണങ്ങളുടെ കാര്യത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കാൻ ഇവരുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. കെ.ആർ. രാമൻ മെഡൽ നേടിയ ഇവർ അന്തരീക്ഷ ഓസോൺ ഗവേഷണരംഗത്ത് മികച്ച സംഭാവനകൾ നൽകി.

Lakshmi Sehgwal1914-ൽ സ്വാമിനാഥൻ-അമ്മുക്കുട്ടി ദമ്പതിമാരുടെ മകളായി ജനിച്ച ലക്ഷ്മി 1947-ൽ ലഹോറിൽവെച്ച് പ്രേംകുമാർ സെഹ്ഗാളിനെ വിവാഹം 
ചെയ്തതിനെ തുടർന്നാണ്‌ ലക്ഷ്മി സെഹ്ഗാൾ എന്നറിയപ്പെടാൻ തുടങ്ങിയത്. ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗമായ ഝാൻസിറാണി റെജിമെന്റിന് നേതൃത്വം നൽകുകയും ക്യാപ്റ്റൻ ലക്ഷ്മി എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ഓൾ ഇന്ത്യ ഡെമോക്രാറ്റിക്‌ വിമൻസ് അസോസിയേഷന്റെ സ്ഥാപകനേതാക്കളിൽ ഒരാളായ ഇവർ ലോകപ്രശസ്ത ക്ലാസിക്കൽ നർത്തകിയായ മൃണാളിനി സാരാഭായിയുടെ മൂത്തസഹോദരിയാണ്.

Mother Theresa‘അഗതികളുടെ അമ്മ’ എന്നും ‘കനിവിന്റെ മാലാഖ’ എന്നുമൊക്കെ അറിയപ്പെടുന്ന മദർ തെരേസ സ്ഥാപിച്ച സേവനസംഘമാണ് മിഷണറീസ് ഓഫ് ചാരിറ്റി. കൊൽക്കത്തയിലെ മദർ ഹൗസ് ആണ് സ്ഥാപനത്തിന്റെ ആസ്ഥാനം. 1979-ൽ സമാധാനത്തിനുള്ള നൊബേൽ നേടിയ മദർ തെരേസയെ, ആഗോള കത്തോലിക്കാ സഭ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടുണ്ട്. നൊബേൽ സമ്മാനം നേടിയ ആദ്യ വനിത മേരി ക്യൂറിയാണ്. സമാധാനത്തിനുള്ള നൊബേൽ  ലഭിച്ച ആദ്യ വനിത ബെർത്ത വോൺ സട്ട്നറും സാഹിത്യത്തിനുള്ള ആദ്യ നൊബേൽ  ലഭിച്ച വനിത സൽമ ലാഗറോഫുമാണ്.

Virginiaകൊൽക്കത്തയിൽ ജനിച്ച ജൂലിയ ജാക്സന്റെ മകളായി അഡെലിൻ വിർജീനിയ സ്റ്റീഫൻ എന്നപേരിൽ ലണ്ടനിലെ ഹൈഡ് പാർക്ക് ഗെയ്റ്റിലാണ് വിർജീനിയ ജനിച്ചത്. വിഷാദരോഗബാധിതയായിരുന്ന വിർജീനിയ സസ്സെക്സിലെ തന്റെ വീടിനടുത്ത ഔസ് നദിയിൽ മുങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യചെയ്ത മറ്റൊരു പ്രശസ്ത സാഹിത്യകാരിയാണ്‌ സിൽവിയ പ്ലാത്ത്. The Bell Jar, Ariel എന്നിവ സിൽവിയ പ്ലാത്തിന്റെ പ്രധാന കൃതികളാണ്.

Montessoriഇറ്റലിയിലെ സാൻ ലോറൻസോയിലെ വ്യവസായശാലകളിലെ തൊഴിലാളികളുടെ മക്കളെ പകൽസമയം നോക്കാനായി ഒരു പദ്ധതി എന്ന രീതിയിലാണ് ആദ്യത്തെ മോണ്ടിസോറി ക്ലാസ് റൂം ആരംഭിക്കുന്നത്. പ്രിയപ്പെട്ട അമ്മ എന്നർഥംവരുന്ന ‘മാമ്മോലിന’, ലേഡി ഡോക്ടർ എന്നർഥംവരുന്ന ‘ലാ സോട്ടോറസ്സ’ എന്നീ പേരുകളിലും മരിയ മോണ്ടിസോറി അറിയപ്പെട്ടിരുന്നു. ഇറ്റലിയിൽനിന്നുള്ള ആദ്യത്തെ മെഡിക്കൽ വിദ്യാർഥികളിലൊരാളായിരുന്ന ഇവരുടെ പ്രശസ്ത ഗ്രന്ഥങ്ങളാണ് ദി ഡിസ്കവറി ഓഫ് ചൈൽഡ്, ദ സീക്രട്ട് ഓഫ് ചൈൽഡ് ഹുഡ്, ദ മോണ്ടിസോറി മെത്തേഡ് എന്നിവ.

Malalaചോളപ്പൂവ് എന്നർഥംവരുന്ന ഗുൽമകായ്‌ എന്ന പേരിലായിരുന്നു പാകിസ്താനിലെ താലിബാൻ പ്രവർത്തനങ്ങളെക്കുറിച്ചുള്ള  ബ്ലോഗ് മലാല  എഴുതിയിരുന്നത്. ‘ദുഃഖാർത്തരായ’ (grief stricken) എന്നതാണ് മലാല എന്ന വാക്കിനർഥം.  സമാധാനത്തിനുള്ള നൊബേൽ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയും യു.എന്നിന്റെ മെസഞ്ചർ ഓഫ് പീസ്  പുരസ്കാരം ലഭിക്കുന്ന പ്രായംകുറഞ്ഞ വ്യക്തിയുമാണ്. ജൂലായ്‌ 12-ന് മലാല ദിനമായി യു.എൻ. ആചരിക്കുന്നു. ഞാൻ മലാല എന്ന ആത്മകഥ കൂടാതെ മലാലയുടെ മാജിക് പെൻസിൽ എന്ന പുസ്തകവും  രചിച്ചിട്ടുണ്ട്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി മലാല ഫണ്ട് എന്ന പ്രസ്ഥാനവും ആരംഭിച്ചു.

Latha Mangeshkar

ഹേമ എന്ന് ആദ്യം പേരുനൽകപ്പെട്ടെങ്കിലും പിന്നീട് പിതാവിന്റെ നാടകത്തിലെ ഒരു കഥാപാത്രത്തിന്റെ പേരായ ലതികയോടുള്ള ഇഷ്ടം കാരണം ലത എന്ന പേര് നൽകി. ഗോവയിലെ മംഗേഷ് എന്ന ഗ്രാമത്തിന്റെ പേരിൽനിന്നാണ് മങ്കേഷ്കർ എന്ന പേര് ലഭിച്ചത്.

Jayalalithaaഅമ്മയെന്നും പുരട്ചി തലൈവി എന്നും അറിയപ്പെട്ടിരുന്ന ജയലളിത ഏറ്റവും ചെറിയ പ്രായത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയായ വനിതയും  ഏറ്റവും കൂടുതൽ കാലം തമിഴ്നാട് മുഖ്യമന്ത്രിപദത്തിലിരുന്ന  വനിതയുമാണ്.

KC Elammaഅർജുന അവാർഡ് നേടിയ ആദ്യ മലയാളി വനിതയാണ് കെ.സി.  ഏലമ്മ. കേരളം ആദ്യമായി നാഷണൽ വോളിബോൾ കിരീടം ചൂടിയ ടീമിലും ഇവർ ഉണ്ടായിരുന്നു. കേരള പോലീസിൽ ഇൻസ്പെക്ടറായിരുന്ന ഇവർ വിരമിച്ചശേഷം കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ്‌ വനിതാ ടീമിന്റെ പരിശീലകയായിരുന്നു. കെ.സി. ഏലമ്മയും ഇവരുടെ സഹോദരിമാരും നാമക്കുഴി സിസ്റ്റേഴ്സ് എന്നപേരിൽ പ്രശസ്തരായിരുന്നു. രാജീവ് ഗാന്ധി ഖേൽരത്ന ലഭിച്ച ആദ്യ മലയാളി കെ.എം. ബീനാമോളാണ്.

Sirimaoഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന ലോകത്തിലെ ആദ്യ വനിതയാണ് ഇവർ. സിലോൺ എന്ന പേര് മാറ്റി ശ്രീലങ്ക എന്ന പേര് നൽകിയതും റിപ്പബ്ലിക്‌ ആയി പ്രഖ്യാപിച്ചതും സിംഹള ഔദ്യോഗിക ഭാഷയായതും സിരിമാവോ പ്രധാനമന്ത്രിയായിരുന്ന സമയത്താണ്. അർജന്റീനയിലെ പ്രസിഡന്റായ വനിതയാണ്‌ ഇവ പെരോൺ.

തയ്യാറാക്കിയത് - സ്‌നേഹജ് ശ്രീനിവാസ് (അന്താരാഷ്ട്ര ക്വിസിങ് അസോസിയേഷന്‍ ദക്ഷിണേന്ത്യ ചാപ്റ്റര്‍ ഡയറക്ടര്‍, ക്യു ഫാക്ടറി സി.ഇ.ഒ.)

Content Highlights: 10 famous women who are become idol and role model for others