ന്ത്യന്‍ ബഹിരാകാശപദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായിയുടെ ഓര്‍മയ്ക്ക് അരനൂറ്റാണ്ട്. 1971 ഡിസംബര്‍ 30ന് കോവളത്ത് ഹൃദയാഘാതംമൂലമാണ് അദ്ദേഹം മരിച്ചത്. 1966ല്‍ പദ്മഭൂഷണും 1972ല്‍ മരണാനന്തരബഹുമതിയായി പദ്മവിഭൂഷണും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു. 1919 ഓഗസ്റ്റില്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ധനിക ജൈന കുടുംബത്തിലാണ് വിക്രം സാരാഭായി ജനിച്ചത്. 1940ല്‍ പ്രകൃതിശാസ്ത്രത്തില്‍ ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. തിരിച്ച് ഇന്ത്യയിലെത്തിയ അദ്ദേഹം സി.വി. രാമന്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ഗവേഷണമാരംഭിച്ചു. 1947ല്‍ കോസ്മിക് രശ്മികളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന് കേംബ്രിജില്‍നിന്ന് പിഎച്ച്.ഡി. ലഭിച്ചു. തുടര്‍ന്ന്, അഹമ്മദാബാദിലെ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ ഭൗതികശാസ്ത്ര പ്രൊഫസറായി.

ഇദ്ദേഹം ശാസ്ത്രത്തില്‍ അതിതത്പരനായ ചെറുപ്പക്കാരനാണെന്നും കേംബ്രിജിലെ പഠനം വിക്രമിന് ഉന്നതമൂല്യമുള്ളതാകുമെന്ന് എനിക്കുറപ്പുണ്ടെന്നും രവീന്ദ്രനാഥ ടാഗോര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലെ അണുശക്തി കമ്മിഷനില്‍ ഉദ്യോഗസ്ഥനായ സാരാഭായി, ഉപഗ്രഹവിക്ഷേപണത്തില്‍ പ്രത്യേകതാത്പര്യം കാട്ടിയിരുന്നു. ബഹിരാകാശഗവേഷണത്തെ ശൂന്യാകാശയാത്രകളായി വഴിതിരിച്ചുവിടാതെ, വാര്‍ത്താവിനിമയത്തിനും കാലാവസ്ഥാനിരീക്ഷണത്തിനും ഉപയോഗപ്രദമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. തുമ്പയിലെ ബഹിരാകാശകേന്ദ്രം ഈ ആശയത്തിന്റെ സൃഷ്ടിയാണ്.

അദ്ദേഹത്തോടുള്ള ബഹുമാനാര്‍ഥം തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം 'വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍' എന്നാണറിയപ്പെടുന്നത്.

ശ്രീഹരിക്കോട്ടയിലെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ശില്പിയും അദ്ദേഹമാണ്. റോക്കറ്റുകളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ കഴിവുള്ള ഒരു നല്ല സംഘത്തെ തന്റെ പിന്മുറക്കാരായി വാര്‍ത്തെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1975 - 76ല്‍ നാസയുടെ സാറ്റലൈറ്റ് ഉപയോഗിച്ച നടത്തിയ ടെലിവിഷന്‍ പരീക്ഷണത്തിന്റെ തുടക്കം വിക്രം സാരാഭായിയുടെ പരിശ്രമത്തെത്തുടര്‍ന്നായിരുന്നു. അത് പൂര്‍ത്തിയാകാന്‍ അദ്ദേഹം കാത്തുനിന്നില്ലെങ്കിലുംസൈറ്റ് എന്നപേരിലുള്ള ഈ സംവിധാനം ഉപയോഗിച്ച് ഇന്ത്യയിലെ 2400 പിന്നാക്കഗ്രാമങ്ങളില്‍ ആധുനികവിദ്യാഭ്യാസം എത്തിക്കുന്നതിന് പദ്ധതിയുണ്ടായി

പാലക്കാട് സ്വദേശിയും പ്രശസ്ത നര്‍ത്തകിയുമായ പരേതയായ മൃണാളിനി സാരാഭായിയാണ് ഭാര്യ. മകള്‍ മല്ലികാ സാരാഭായിയും പ്രശസ്ത നര്‍ത്തകിയാണ്. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മൃദുല സാരാഭായി ഇദ്ദേഹത്തിന്റെ സഹോദരിയാണ്.

Content Highlights: Vikram Sarabhai father of the Indian space program