മ്മുടെ രണ്ടു വലിയ കാര്‍ട്ടൂണിസ്റ്റുകളുടെ ജന്മശതാബ്ദി ഈ വര്‍ഷമാണ്. നൂറുവര്‍ഷംമുമ്പ് സെപ്റ്റംബറില്‍ പി.കെ.എസ്. കുട്ടി ഒറ്റപ്പാലത്തും ഒക്ടോബറില്‍ ആര്‍.കെ. ലക്ഷ്മണ്‍ മൈസൂരുവിലും ജനിച്ചു.

57 കൊല്ലം പലയിടത്തു വരച്ച കുട്ടിയെക്കാള്‍ ആറുദശാബ്ദം ഒറ്റപത്രത്തില്‍ വരച്ച ലക്ഷ്മണെ ഓര്‍ക്കാന്‍ ആളുണ്ടാവും. പോരാഞ്ഞ് ഇന്ത്യ മുഴുവന്‍ കണ്ടാലറിയുന്ന സാധാരണക്കാരന്‍ (Common Man) എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം ഒന്നുമതി ലക്ഷ്മണിനു ചിരസ്മാരകമായി. ഇത്തരം സ്ഥിരനിക്ഷേപങ്ങളൊന്നും കുട്ടി നടത്തിയിട്ടില്ല. അന്നന്നത്തെ വാര്‍ത്തയോട് പ്രതികരിച്ച് രാഷ്ട്രീയ കാര്‍ട്ടൂണുകള്‍മാത്രം വരച്ചു.

ഒരല്പം കൂടിപ്പോയ ഈ അച്ചടക്കത്തിനു പിന്നില്‍ പരിശീലനമുണ്ട്, ചെറുതല്ലാത്ത പാരമ്പര്യവും. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഇംഗ്ലീഷ് പഠിപ്പിച്ചത് സഞ്ജയനാണ്. അദ്ദേഹം പത്രാധിപരായി മാതൃഭൂമി പ്രസിദ്ധീകരിച്ച 'വിശ്വരൂപ'ത്തിലാണ് വരച്ചുതുടങ്ങിയത്. ഡല്‍ഹിയില്‍ എത്തിയത് ശങ്കറിന്റെ പ്രഥമശിഷ്യനാവാനാണ്. പണി പഠിപ്പിക്കുക മാത്രമല്ല, പരിശീലനകാലത്ത് മാന്യമായ സ്‌റ്റൈപ്പെന്‍ഡും തുടര്‍ന്നു നല്ല ശമ്പളമുള്ള ജോലിയും ഉറപ്പുവരുത്തിയതും ശങ്കര്‍തന്നെ. കാര്‍ട്ടൂണിങ്ങിനപ്പുറം ഒരു തൊഴിലിനെപ്പറ്റി കുട്ടി ചിന്തിച്ചില്ല.

pks kutty cartoon
ഇന്ദിരാ ഗാന്ധിയുടെ അധികാരം പങ്കുപറ്റാന്‍
സംസ്ഥാനനേതൃനിര (കുട്ടിയുടെ കാര്‍ട്ടൂണ്‍)

അമ്പതുവര്‍ഷം ഡല്‍ഹിയില്‍ താമസിച്ചാല്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന ആധികാരികത ഈ കാര്‍ട്ടൂണിസ്റ്റില്‍ കണ്ടിട്ടില്ല. വന്‍ ബന്ധങ്ങളുടെയും മുന്‍വിധികളുടെയുമൊക്കെ ഭാരം ഒട്ടും ഇല്ലാതിരുന്നതുകൊണ്ട് ഒരുപാടുകാലം മധ്യവയസ്സിനപ്പുറം പ്രായംതോന്നിയില്ല. രാവിലെ കാര്‍ട്ടൂണ്‍ കൊടുക്കാന്‍ റഫി മാര്‍ഗിലെ ഐ.എന്‍. എസ്. കെട്ടിടത്തിലേക്ക് കാറോടിച്ചുവരും. പല പത്രങ്ങളുടെ പ്രതിനിധികള്‍ ജോലിചെയ്യുന്ന ഇവിടെ അതിശൈത്യത്തില്‍പ്പോലും പകല്‍ എട്ടരയോടെ എത്തും. പത്തുമണിയോടെ വിടവാങ്ങുമ്പോള്‍ പറയും: ''സഞ്ചരിക്കുന്ന മുഖപ്രസംഗങ്ങളെത്തുന്നതിനുമുമ്പ് സ്ഥലം വിടട്ടെടോ.''

കുട്ടി കാര്‍ട്ടൂണിനെ ദ്രുതരചനയായി കണ്ടു. സുഗമമായി വരയ്ക്കുന്നതിനെക്കുറിച്ച് ഒരു സൂചന ഒരിക്കല്‍ കിട്ടി. 'മുഖങ്ങള്‍ സാധകം ചെയ്‌തെടുക്കുക...' കാരിക്കേച്ചര്‍ എന്ന യൂറോപ്യന്‍ കലയോട് സാധകം എന്ന ഇവിടത്തെ കലാപരിശീലനത്തെ ചേര്‍ത്തുപറഞ്ഞത് ഒരു വന്‍ കണ്ടുപിടിത്തം അവതരിപ്പിക്കുന്ന പോലല്ല. ഒറ്റപ്പാലത്തെ ചെറുപ്പകാലത്തും തുടര്‍ന്നും നന്നായി കഥകളി ആസ്വദിച്ചിരുന്ന ആളുടെ സാദാ അനുഭവം എന്ന മട്ടിലാണ്. വലിയൊരു പാഠം ആയത് കേട്ട ആള്‍ക്കാണ്.

kutty cartoon
കാര്‍ട്ടൂണിസ്റ്റ് കുട്ടി അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് കാള്‍ ഹ്യൂബന്‍താലിനൊപ്പം

നെഹ്രുവിനപ്പുറം വ്യാപിച്ച ഇന്ത്യന്‍ രാഷ്ട്രീയം കുട്ടി പെട്ടെന്ന് പിടിച്ചെടുത്തു. കോണ്‍ഗ്രസിനകത്തും പുറത്തുമുള്ള സംസ്ഥാനനേതാക്കളുടെ നീണ്ടനിര നേരത്തേ വരച്ചിട്ടു. ഒരുപാടു മുഖങ്ങള്‍ ഒരു മുന്നറിയിപ്പുമില്ലാതെ കയറിയിറങ്ങുന്ന രാഷ്ട്രീയമാണ് നമ്മുടേത്, സായ്പിന്റെ അടുക്കും ചിട്ടയുമുള്ള ദ്വികക്ഷി, ത്രികക്ഷി ജനാധിപത്യം അല്ലയിത്. ഈ കുത്തൊഴുക്കില്‍ പിടിച്ചുനില്‍ക്കാന്‍ കാര്‍ട്ടൂണിസ്റ്റിനു സാധകംതന്നെ വേണം.

ആവര്‍ത്തിച്ച് വരച്ചുറപ്പിച്ചതുകൊണ്ടാണ് ഒരുപറ്റം നേതൃരൂപങ്ങള്‍ ആ വിരല്‍ത്തുമ്പില്‍ നിന്നത്. വേണ്ടനേരത്ത് അനായാസേന ഓര്‍ത്തെടുക്കുമ്പോള്‍ കൃത്യമായ പകര്‍പ്പല്ല നടക്കുക. ഏതു കടലാസിലും ഏതു പേനകൊണ്ടുവരച്ചാലും കുട്ടിയുടെ രൂപങ്ങള്‍ മനോധര്‍മത്തോടെ, പുതുമയോടെ അമ്പരപ്പിക്കുന്ന ലാളിത്യത്തോടെ തെളിഞ്ഞുവരുന്നതു കണ്ടിട്ടുണ്ട്. ഇതുപോലെ എടുത്തുപറയേണ്ട അടിവരയിടാത്ത നേട്ടങ്ങള്‍ പലതുണ്ട്.

ഡല്‍ഹിയിലെക്കാള്‍ പ്രശസ്തി കൊല്‍ക്കത്തയിലായിരുന്നു. ബംഗാളി പോയിട്ട് ഹിന്ദിപോലും ശരിക്കറിയാത്ത ഈ മലയാളി 1975 മുതല്‍ ബംഗാളിന്റെ സ്വന്തം കാര്‍ട്ടൂണിസ്റ്റാണ്. 'ആനന്ദ ബസാര്‍ പത്രിക'യിലും തുടര്‍ന്നു 'ആജ്കല്‍' പത്രത്തിലും വരയ്ക്കുമ്പോള്‍ നിത്യേന നടന്നതു ബഹുഭാഷകള്‍ താണ്ടിയ അദ്ഭുതക്കുതിപ്പാണ്. കാര്‍ട്ടൂണിസ്റ്റ് ഒന്നാംഭാഷയായ മലയാളത്തില്‍ ചിന്തിച്ചു കര്‍മഭാഷയായ ഇംഗ്ലീഷില്‍ എഴുതിയ അടിക്കുറിപ്പ് കൊല്‍ക്കത്തയിലെ പത്രമോഫീസിലെ മര്‍മജ്ഞര്‍ വെടിപ്പായി ബംഗാളിയില്‍ മാറ്റിയെഴുതി.

വിവര്‍ത്തനത്തിന് എളുപ്പം വഴങ്ങാത്ത നര്‍മം വരയോടൊപ്പം നില്‍ക്കുമ്പോള്‍ മറിച്ചാവുന്ന ചരിത്രം 'അസ്റ്റെറിക്‌സ്' (Asterix) കോമിക്‌സ് സൃഷ്ടിച്ചിട്ടുണ്ട്. കോമിക്കുകള്‍ തൊട്ടു കാഫ്കവരെ ഇംഗ്ലീഷിലേക്കാക്കിയ അന്തിയാ ബെല്‍ എന്ന ബ്രിട്ടീഷുകാരി എണ്‍പത്തിരണ്ടാം വയസ്സില്‍ 2018-ല്‍ മരിച്ചു. ഇവരെപ്പോലുള്ള വിവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നമ്മുടെ ഒരുപാടു കുട്ടിമാരുടെ കാര്‍ട്ടൂണുകള്‍ ഇന്റര്‍നെറ്റില്‍ പല ഭാഷകളിലേക്ക് സഞ്ചരിക്കും.