''ഞാന്‍  ഗ്ലാസ്ഗോയിലെ കോണ്‍ഫറന്‍സ് സെന്ററില്‍ സുഖമായി ഇരിക്കുമ്പോള്‍ എന്റെ രാജ്യത്തെ 20 ലക്ഷത്തിലധികം ആളുകള്‍ കാലാവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം പട്ടിണിയിലാണ്. വരള്‍ച്ചകാരണം പലര്‍ക്കും ഭക്ഷണം പോലും ലഭിക്കുന്നില്ല.''ഇതായിരുന്നു കെനിയന്‍ പരിസ്ഥിതിപ്രവര്‍ത്തക എലിസബത്ത് വാതുറ്റി ഗ്ലാസ്‌ഗോ കാലാവസ്ഥസമ്മേളനം (കോപ്പ് 26) ത്തില്‍ പറഞ്ഞത്. വെറും 26 വയസ്സ് മാത്രമുള്ള ഇവര്‍ ലോകത്തിന് മുന്നില്‍ പുതിയൊരു മാതൃക പണിയുകയാണ്. കെനിയന്‍ പരിസ്ഥിതി പ്രവര്‍ത്തകയായ വംഗാരി മതായിയുടെ മാതൃക പിന്തുടര്‍ന്ന് കൊണ്ട് പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് എലിസബത്ത് വാതുറ്റിയെന്ന യുവ പരിസ്ഥിതി പ്രവര്‍ത്തക.

കെനിയയിലെ നയേരിയിലാണ് എലിസബത്തിന്റെ ജനനം. വനങ്ങളാല്‍ സമ്പുഷ്ടമായ ഇവിടെയാണ് ആഫ്രിക്കയിലെ വേഗത്തില്‍ ഒഴുകുന്ന ഗുറ നദിയുള്ളത്. തന്റെ ഏഴാമത്തെ വയസ്സില്‍ കരിമ കുന്നില്‍ നട്ട ആ വൃക്ഷത്തൈ വളര്‍ന്നത് ആ കുഞ്ഞു മിടുക്കിയുടെ ഹൃദയത്തിലും കൂടിയായിരുന്നു

അധ്യാപികയുടെ പ്രചോദനത്താല്‍ നിരവധി പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പം മുതല്‍ തന്നെ എലിസബത്ത് പങ്കാളിയായി. വീട്ടുകാരും എലിസബത്തിന്റെ ഒപ്പം ചേര്‍ന്നപ്പോള്‍ പിന്നെ പിറന്നത് ചരിത്രം. 

Elizabath vathuty
Elizabeth Wathuti Twitter

സ്‌കൂളിലെ ഒഴിഞ്ഞ ഇടത്ത് മരങ്ങള്‍ വെച്ചു പിടിപ്പിക്കാന്‍ എലിസബത്തും കൂട്ടുകാരും മുന്‍പന്തിയില്‍ തന്നെയുണ്ടായിരുന്നു. പരിസ്ഥിതി ക്ലബിലെ സജീവ പ്രവര്‍ത്തനവും അവിടെ നിന്ന് ലഭിച്ച മികച്ച ക്ലാസുകളും പരിസ്ഥിതി സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതായിരുന്നു

കെനിയാത്ത സര്‍വകലാശാലയില്‍ നിന്ന് പരിസ്ഥിതി പഠനത്തില്‍ എലിസബത്ത്  ബിരുദം നേടി. തുടര്‍ച്ചയായി മൂന്ന് വര്‍ഷവും സര്‍വകലാശാലയിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വം എലിസബത്തിനായിരുന്നു.

കേളേജ് പഠനകാലത്ത് പരിസ്ഥിതിയെ കുറിച്ചും അവ നേരിടുന്ന വിനാശത്തെ പറ്റിയും എലിസബത്ത് ആഴത്തില്‍ മനസിലാക്കി. തന്റെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരിലേക്കും അതിവേഗം എത്തിക്കണമെന്നും അവ മറ്റുള്ളവര്‍ക്ക് പ്രചോദനമാവണമെന്നും അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇക്കാലയളവില്‍ തന്നെ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും, പരിസരത്തുള്ള കുട്ടികള്‍ക്കും പരിസ്ഥിതി അവബോധ ക്ലാസുകളും എലിസബത്ത് സംഘടിപ്പിച്ചു.

eli
എലിസബത്ത് കുട്ടികള്‍ക്കൊപ്പം

2016 ല്‍ എലിസബത്ത് സ്ഥാപിച്ച ഗ്രീന്‍ ജനറേഷന്‍ ഇനിഷേറ്റീവ് പെട്ടെന്ന് തന്നെ ജനശ്രദ്ധ നേടി. രാജ്യത്ത് പരിസ്ഥിതി പ്രവര്‍ത്തകരെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഈ സംഘടനയുടെ പ്രഥമലക്ഷ്യം. 

തന്റെ പരിസ്ഥിതി സ്‌നേഹം കൊണ്ട് ലോകത്തെ മുഴുവന്‍ വിസ്മയിപ്പിച്ച വംഗാരി മാതായിയായിരുന്നു എലിസബത്തിന്റെ റോള്‍മോഡല്‍. നന്നായി പഠിച്ച് ഒരിക്കലെങ്കിലും ആ മഹത് വ്യക്തിത്ത്വത്തെ നേരില്‍ കാണാന്‍ എലിസബത്ത് ആഗ്രഹിച്ചു. എന്നാല്‍ ആഗ്രഹം പൂര്‍ത്തിയാക്കും മുന്‍പേ വംഗാരി മാതായി ലോകത്തോട് വിട പറഞ്ഞു .വംഗാരി മാതായിയുടെ വിയോഗം എലിസബത്തിനെ വലിയ രീതിയില്‍ തന്നെ ഉലച്ചു കളഞ്ഞു.

പരിസ്ഥിതിയോടുള്ള എലിസബത്തിന്റെ പ്രതിബദ്ധതയും  അഭിനിവേശവും സമൂഹം മനസിലാക്കി തുടങ്ങി. 2016 ല്‍ വംഗാരി മാതായി സ്‌കോളര്‍ഷിപ്പിന്‌ അവള്‍ യോഗ്യത നേടി.

എലിസബത്തിന്റെ രാജ്യാന്തര പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് ഈ അവാര്‍ഡ് വളരെയധികം സഹായിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധയില്‍ വരികയും ചെയ്തു. ഗ്രീന്‍ ജനറേഷന്‍ ഇനിഷേറ്റീവിന്റെ ഭാഗമായി ടെറ്റുവില്‍ വ്യക്ഷ തൈകളുടെ നഴസറിയും അവര്‍ സ്ഥാപിച്ചു.

തന്റെ രാജ്യം നേരിടുന്ന പരിസ്ഥിതി പ്രശ്‌നങ്ങളും അതിഭീകരമായ കാലാവസ്ഥ വൃതിയാനത്തിനെതിരെയും മികച്ച രീതിയില്‍ തന്നെ പ്രതിരോധിക്കാന്‍ എലിസബത്ത് ശ്രമിച്ചു കൊണ്ടേയിരുന്നു. ബോധവത്കരണ റാലികള്‍ സംഘടിപ്പിച്ചും സ്‌കൂള്‍ തലം മുതല്‍ ഈ പ്രശ്‌നത്തെ എല്ലാവര്‍ക്കും മനസിലാക്കി കൊടുത്തും എലിസബത്ത് അഭിനന്ദനീയമായ പ്രവര്‍ത്തനളുമായി മുന്നോട്ട് പോയി കൊണ്ടേയിരുന്നു.

e
Elizabeth Wathuti Twitter

2019ല്‍ ലോകത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ആഫ്രിക്കയിലെ മൂന്ന് യുവ കാലാവസ്ഥാ പ്രവര്‍ത്തകരില്‍ ഒരാളായി ഗ്രീന്‍പീസ് വനേസ നകേറ്റ്, ഒലാഡുസോ അഡെനികെ എന്നിവരോടൊപ്പം എലിസബത്തിനെയും അവതരിപ്പിച്ചു. ഇതിന് പുറമേ നിരവധി ശ്രദ്ധേയ പുരസ്‌ക്കാരങ്ങളും എലിസബത്തിനെ തേടിയെത്തി.

എലിസബത്ത് ഇന്ന് വെറും ഒരു പേരല്ല ലോകം നേരിടുന്ന അതിഭീകര പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ കഴിവിന്റെ പരമാവധി പോരാടി കൊണ്ടിരിക്കുന്ന വിപ്ലവമാണ്‌. കോപ്പ് 26 ന്റെ വേദിയില്‍ എലിസബത്ത് തൊടുത്ത് വിട്ട ചോദ്യങ്ങളും നിലപാടുകളും ലോകം അതീവശ്രദ്ധയോടെ കേള്‍ക്കേണ്ടത് തന്നെയാണ്

 

Content Highlights:  About Elizabath Wathutti environmentalist COP 26