സാമുവെല്‍ ജാക്‌സണ്‍, മോര്‍ഗന്‍ ഫ്രീമാന്‍, ഡെന്‍സല്‍ വാഷിങ്ടണ്‍, വില്‍ സ്മിത്ത്, ജാമി ഫോക്‌സ്, മൈക്കല്‍ ജോര്‍ഡാന്‍, എഡ്ഡി മര്‍ഫി, വൂപ്പി ഗോള്‍ഡ്ബര്‍, ജാനറ്റ് ജാക്‌സണ്‍, ആലി... ഇവരെല്ലാം ഇന്നത്തെ ഹോളിവുഡില്‍ താരമൂല്യവും അഭിനയശേഷിയും തെളിയിച്ച കറുത്ത അഭിനേതാക്കളാണ്. പലര്‍ക്കും ഒന്നിലേറെ തവണ ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്, ഓസ്‌കര്‍ നാമനിര്‍ദേശങ്ങളും. പക്ഷേ, കറുത്തവര്‍ക്ക് ഇത്രയും സ്വാതന്ത്ര്യം ലഭിക്കാന്‍ അമേരിക്കയില്‍ സിനിമ പിറന്നിട്ട് ഒരു നൂറ്റാണ്ടോളംവേണ്ടിവന്നിട്ടുണ്ട്.

അമേരിക്കയില്‍ അടിമത്തം നിരോധിച്ച 1863ലെ വിമോചനപ്രഖ്യാപനത്തിന് വഴിയൊരുക്കിയതെന്ന് എബ്രഹാം ലിങ്കണ്‍തന്നെ വിശേഷിപ്പിച്ചത്, 1852ല്‍ വെള്ളക്കാരിയായ ഒരു യുവതി, ഹാരിയെറ്റ് ബീച്ചര്‍ സ്റ്റോവ് എഴുതിയ അങ്കിള്‍ ടോംസ് കാബിന്‍ എന്ന നോവലാണ്. പിന്നെയും അരനൂറ്റാണ്ടിനുശേഷം ഈ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം ഉണ്ടായപ്പോള്‍ കഥയിലെ മുഖ്യകഥാപാത്രമായ അങ്കിള്‍ ടോമിനെ അവതരിപ്പിക്കാന്‍ ഒരു വെളുത്ത നടന്‍ ശരീരം മുഴുവന്‍ കറുത്തനിറം അടിക്കുകയായിരുന്നു.

ഏറെക്കാലം കറുത്ത നടീനടന്മാര്‍ക്ക് സിനിമയില്‍ ലഭിക്കുന്ന വേഷങ്ങള്‍ സമാനമായിരുന്നു. വേലക്കാര്‍, കുറ്റവാളികള്‍ വില്ലന്മാര്‍, അപ്രധാനവേഷങ്ങളിലുള്ള കഥാപാത്രങ്ങള്‍ എന്നിങ്ങനെ. അതിന് മാറ്റംവന്നത്, 1963ലാണ്. ബ്രിട്ടീഷ് കോളനിയായിരുന്ന ബഹാമസ് ദ്വീപസമൂഹത്തിലെ കാറ്റ് ഐലന്‍ഡ് എന്ന ദ്വീപിലെ കര്‍ഷകകുടുംബത്തിലാണ് വളര്‍ന്നതെങ്കിലും ജന്മംകൊണ്ട് അമേരിക്കന്‍ പൗരനായിപ്പോയ സിഡ്‌നി പോയ്റ്റിയെര്‍ എന്ന 36കാരന്‍ 'ലില്ലീസ് ഓഫ് ദ ഫീല്‍ഡ്' എന്ന സിനിമയിലെ അഭിനയത്തിന് നായകനടനുള്ള ഓസ്‌കര്‍ നേടിയപ്പോള്‍. നായകവേഷത്തിലുള്ള കറുത്തനടന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിക്കുന്നതും ചരിത്രത്തിലാദ്യം.

അഭിനയത്തിന് പുരസ്‌കാരം നേടുക മാത്രമല്ല, പോയ്റ്റിയെറിന്റെ അഭിനയത്തിനും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കും വമ്പിച്ച ജനപ്രീതിയും ഉണ്ടായിരുന്നു. 1960കളില്‍ ഹോളിവുഡിലെ ഏറ്റവും പ്രതിഫലംപറ്റുന്ന താരങ്ങളിലൊരാളായിരുന്ന അദ്ദേഹം ജനപ്രീതിയില്‍ റിച്ചാഡ് ബര്‍ട്ടന്‍, പോള്‍ ന്യൂമാന്‍, ലീ മാര്‍വിന്‍, ജോണ്‍ വെയ്ന്‍ എന്നിവര്‍ക്കൊപ്പമായിരുന്നു.

അമേരിക്കയില്‍ വംശീയാസ്വാസ്ഥ്യം കത്തിയെരിഞ്ഞ കാലത്ത് വംശഭേദമില്ലാതെ പ്രേക്ഷകരുടെ പ്രിയതാരമാകാന്‍ കഴിയുക എന്നത് നിസ്സാരമല്ല. മാത്രമല്ല, അക്കാലത്തെ ചിത്രങ്ങളില്‍ വംശീയസംഘര്‍ഷം പശ്ചാത്തലമുള്ള സിനിമകളില്‍ത്തന്നെയാണ് അദ്ദേഹം അഭിനയിച്ചതെന്നും ഓര്‍ക്കണം. ടു സര്‍, വിത്ത് ലവ്, ഇന്‍ ദ ഹീറ്റ് ഓഫ് ദ നൈറ്റ്, ഗസ് ഹൂ ഈസ് കമിങ് ഫോര്‍ ഡിന്നര്‍ ടുനൈറ്റ് തുടങ്ങിയ ചിത്രങ്ങളെടുക്കാം. ആദ്യസിനിമയില്‍, അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എന്‍ജിനിയറിങ് ബിരുദമെടുത്തശേഷം ലണ്ടനില്‍ തൊഴില്‍ തേടിയെത്തിയ കറുത്ത ചെറുപ്പക്കാരന്‍ നിവൃത്തിയില്ലാതെ ഒരു തല്ലിപ്പൊളി സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകന്റെ ജോലിചെയ്യുന്നതാണ് കഥ (മലയാളത്തില്‍ ഇറങ്ങിയ മാണിക്യക്കല്ല് എന്ന ചിത്രത്തിന് സമാനമായ കഥ).

നാമെല്ലാം അപൂർണരാണ്. ജീവിതമെന്നുവെച്ചാൽ ആ അപൂർണതകൾക്കെതിരായ നിരന്തരമായ, അനന്തമായ സമരം മാത്രമാണ്. -സിഡ്‌നി പോയ്റ്റിയെർ

ഇന്‍ ദ ഹീറ്റ് ഓഫ് നൈറ്റിലാണെങ്കില്‍ ഇന്നും വംശീയവിദ്വേഷവും കറുത്തവരോടുള്ള വിവേചനവും കത്തിനില്‍ക്കുന്ന തെക്കന്‍ സംസ്ഥാനമായ മിസിസിപ്പിയില്‍ ഒരു കൊലക്കേസ് അന്വേഷണത്തിനായി എത്തുന്ന വടക്കന്‍ സംസ്ഥാനത്തുനിന്നുള്ള വെര്‍ജില്‍ ടിബ്‌സ് എന്ന കറുത്ത പോലീസുദ്യോഗസ്ഥനാണ് പോയ്റ്റിയെര്‍. മിസിസിപ്പിയിലെ വെള്ളക്കാര്‍ കറുത്ത വര്‍ഗക്കാരോട് പതിവായി പെരുമാറുംപോലെ ചെറുക്കാ, മോനേ എന്നൊക്ക വിളിക്കുമ്പോള്‍ 'ദേ കാള്‍ മി മിസ്റ്റര്‍ ടിബ്‌സ്' എന്ന പോയ്റ്റിയെറിന്റെ വാചകം അക്കാലത്തെ ഹിറ്റ് സംഭാഷണങ്ങളിലൊന്നായിരുന്നു. മൂന്നാമത്തെ ചിത്രം കറുത്തഡോക്ടറും വെളുത്തവര്‍ഗക്കാരിയായ കാമുകിയും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ളതായിരുന്നു.

ആന്തരികമായ രോഷത്തില്‍ എരിയുമ്പോഴും അനീതിക്കെതിരേ ശാന്തമായ നിശ്ചയദാര്‍ഢ്യത്തോടെ പ്രതികരിക്കുകയും വെറുപ്പിനെയും വിദ്വേഷത്തെയും യുക്തിയും മാപ്പുകൊടുക്കല്‍ മനഃസ്ഥിതിയുമായി നേരിടുകയും ചെയ്യുന്ന കഥാപാത്രങ്ങളെയാണ് പോയ്റ്റിയെര്‍ എന്നും അവതരിപ്പിച്ചത്. മാല്‍ക്കം എക്‌സിനെപ്പോലുള്ള കറുത്തനേതാക്കള്‍ വെളുത്തവരുടെ അക്രമങ്ങളെ കറുത്തവര്‍ അക്രമംകൊണ്ട് ചെറുക്കണമെന്ന് ആഹ്വാനംചെയ്യുന്ന കാലത്ത് വെള്ളക്കാരെ ഭയപ്പെടുത്താത്ത കറുത്തവരുടെ സൗമ്യഭാവമാണ് പോയ്റ്റിയെര്‍ ബോധപൂര്‍വം വെള്ളിത്തിരയില്‍ തിരഞ്ഞെടുത്തത്.

1973ല്‍ ബ്രിട്ടീഷ് രാജ്ഞി പോയ്റ്റിയെറിന് നൈറ്റ്സ്ഥാനം നല്‍കി. 2009ല്‍ പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കയിലെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിച്ചു.

സിഡ്‌നി പോയ്റ്റിയെര്‍

അന്തസ്സിന്റെയും ആകര്‍ഷണീയതയുടെയും ഉദാത്തമാതൃകയായ പോയ്റ്റിയെര്‍ താനവതരിപ്പിച്ച വേഷങ്ങളിലൂടെ നമ്മളെ ഒന്നിപ്പിക്കാനുള്ള കരുത്ത് സിനിമയ്ക്ക് എത്രമാത്രമുണ്ടെന്ന് തെളിയിച്ചു. അഭിനേതാക്കളുടെ തലമുറകള്‍ക്കായി അദ്ദേഹം വാതായനങ്ങള്‍ തുറന്നിടുകയും ചെയ്തു.

ഒബാമ ട്വിറ്ററില്‍