ഭാരതത്തിന്റെ അഭിമാനമായ ശ്രീനിവാസ രാമാനുജന് ഒരു പിന്‍ഗാമിയുണ്ടായിരിക്കുന്നു. അമേരിക്കന്‍ മാത്തമാറ്റിക്കല്‍ സൊസൈറ്റിയുടെ ഷിപ്രിയന്‍ ഫോയ പുരസ്‌കാരം നേടിയ ഇന്‍ഡോ അമേരിക്കന്‍ ഗണിതശാസ്ത്രജ്ഞന്‍ നിഖില്‍ ശ്രീവാസ്തവയല്ലാതെ അത് മറ്റാരുമല്ല. ലോകോത്തരനിലവാരമുള്ള ഇത്തരം രണ്ടു പുരസ്‌കാരങ്ങള്‍കൂടി അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 2014ലെ ജോര്‍ജ് പോളിയ പുരസ്‌കാരവും 2021ലെ ഹെല്‍ഡ് പുരസ്‌കാരവുമാണവ.

ഗണിതശാസ്ത്രജ്ഞന്റെ ഗണിതശാസ്ത്രജ്ഞനുള്ള പുരസ്‌കാരം എന്നാണ് ഷിപ്രിയന്‍ ഫോയ പുരസ്‌കാരം അറിയപ്പെടുന്നത്. ഓപ്പറേറ്റര്‍ തിയറിയിലും ഫ്‌ളൂയിഡ് മെക്കാനിക്‌സിലും ഏറെ പ്രശസ്തനായ ഷിപ്രിയന്‍ ഫോയ എന്ന ഗണിതശാസ്ത്രജ്ഞന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

62 വര്‍ഷം പഴക്കമുള്ള ഒരു ഗണിതപ്രശ്‌നത്തിനു പരിഹാരംകണ്ടതിനാണ് നിഖില്‍ ശ്രീവാസ്തവയ്ക്കു പുരസ്‌കാരം ലഭിച്ചത്. 1959 മുതല്‍ ലോകമാകെയുള്ള ഗണിതശാസ്ത്രജ്ഞന്മാര്‍ തലപുകഞ്ഞാലോചിച്ചുകൊണ്ടിരുന്ന കാഡിസണ്‍സിംഗര്‍ പ്രശ്‌നത്തിനാണ് പരിഹാരമായത്. ഗവേഷണവേളയില്‍ പലപ്പോഴും തളര്‍ന്നുപോയിട്ടുണ്ടെങ്കിലും അവസാന അഞ്ചുവര്‍ഷത്തെ കഠിനാധ്വാനം വിജയത്തിലേക്കു നയിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ഓപ്പറേറ്റര്‍ തിയറിയടക്കം നിഖില്‍ ശ്രീവാസ്തവ ആവിഷ്‌കരിച്ച സിദ്ധാന്തങ്ങള്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കാം.

നിഖില്‍ ശ്രീവാസ്തവ ന്യൂഡല്‍ഹിയിലാണ് ജനിച്ചത്. 2005ല്‍ അദ്ദേഹം ന്യൂയോര്‍ക്കിലെ യൂണിയന്‍ കോളേജില്‍നിന്ന് ഗണിതത്തിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദം നേടി. 2010ല്‍ യേല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്.ഡി. എടുത്തു. ഇപ്പോള്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ മാത്തമാറ്റിക്‌സ് പ്രൊഫസറാണ്.

വെറും 30 വയസുള്ളപ്പോഴാണ് നിഖില്‍ ശ്രീവാസ്തവ ഗണിതലോകത്തിനു തലവേദനയായിരുന്ന കാഡിസണ്‍സിംഗര്‍ പ്രശ്‌നം പരിഹരിച്ചതെന്നോര്‍ക്കുക. 2022 ജനുവരി അഞ്ചിന് സിയാമിയില്‍ നടക്കുന്ന സംയുക്ത ഗണിതശാസ്ത്രസമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ലോകത്തിലെ ഏറ്റവും വലിയ ഗണിതശാസ്ത്രസംഗമമാണിത്.

Content Highlights: About Mathematician Nikhil Sreevastava