തെളിയിക്കപ്പെടാത്ത കുറ്റത്തിന് അന്യായമായി 13 വര്‍ഷം തടവില്‍ കഴിയേണ്ടിവന്ന സ്വാതന്ത്ര്യസമര പോരാളി എന്ന നിലയില്‍ മാത്രമല്ല എം.പി. നാരായണമേനോന്റെ ത്യാഗത്തെ കാലം ഓര്‍മിക്കുക, ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉപാധികള്‍ അംഗീകരിച്ചാല്‍ മോചിപ്പിക്കാമെന്ന വാഗ്ദാനം നിരസിച്ച രാജ്യസ്‌നേഹത്തിന്റെ വീരഗാഥകൂടിയാണ് അദ്ദേഹത്തിന്റെ ജീവിതം. മലബാറില്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിനുവേണ്ടി ശക്തമായ നിലപാടെടുത്ത ഖിലാഫത്ത് നിസ്സഹകരണ പോരാളി.

സംഭവബഹുലമായ ജീവിതം

കുടിയാന്മാരുടെയും കൃഷിക്കാരുടെയും പ്രയാസങ്ങള്‍ കണ്ടുവളര്‍ന്ന മേനോന്‍ കുടിയാന്‍ സംഘം സ്ഥാപിച്ച് കര്‍ഷകസമരത്തിന് നേതൃത്വം നല്‍കി. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തനം തുടങ്ങിയ കാലത്താണ് ബ്രിട്ടീഷ് യുദ്ധഫണ്ടിലേക്ക് പണക്കിഴി നല്‍കണമെന്ന മലബാര്‍ കളക്ടറുടെ അഭ്യര്‍ഥന നിരസിക്കണമെന്ന് നാരായണമേനോന്‍ പ്രസംഗിച്ചത്. 1920-ല്‍ മലബാറിലെ പല പ്രദേശങ്ങളിലും നടന്ന കര്‍ഷകസമരങ്ങളുടെ സൂത്രധാരന്‍ നാരായണ മേനോനായിരുന്നു. ഇതേസമയംതന്നെ കോണ്‍ഗ്രസിലും സജീവമായി. വടക്കേ മലബാറിലെ കോണ്‍ഗ്രസ് ഓര്‍ഗനൈസിങ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ഈ സമയത്താണ് കോഴിക്കോട്ട് സ്വരാജ് ട്രെയിനിങ് സ്‌കൂള്‍ സ്ഥാപിച്ചത്. താമസിയാതെ ഏറനാട് കോണ്‍ഗ്രസ് സെക്രട്ടറിയായി. മഞ്ചേരിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു.

വാറന്റില്ലാത്ത അറസ്റ്റ്

മലബാറില്‍ ലഹള തുടങ്ങിയപ്പോള്‍ ഹിന്ദു-മുസ്‌ലിം മൈത്രിക്കായി അക്ഷീണം പ്രയത്‌നിച്ച അഹിംസാവാദിയായ മേനോന്‍ പല പ്രദേശങ്ങളിലും നേരിട്ടെത്തി സമാധാനം ഉറപ്പു വരുത്താന്‍ കഠിനാധ്വാനം ചെയ്തു. മേനോന്റെ സമാധാനശ്രമങ്ങള്‍ ബ്രിട്ടീഷ് അധികാരികളെ ചൊടിപ്പിച്ചു. ഏതു വിധേനയും എം.പിയെ മലബാറില്‍നിന്ന് നാടുകടത്തണമെന്ന് നിശ്ചയിച്ചുറപ്പിച്ച മലബാര്‍ കളക്ടര്‍ കരുനീക്കം തുടങ്ങി. 1921 സെപ്റ്റംബര്‍ 10ന് അറസ്റ്റുവാറന്റ് പോലുമില്ലാതെയാണ് മഞ്ചേരിയില്‍വെച്ച് പട്ടാളനിയമപ്രകാരം അദ്ദേഹത്തെ അറസ്റ്റുചെയ്തത്.

കൈയിലും കാലിലും ചങ്ങലയിട്ടു പൂട്ടി 30 നാഴിക അദ്ദേഹത്തെ റോഡിലൂടെ നടത്തിച്ചു. മുസ്‌ലിങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടായിരുന്ന എം.പിയുടെ അറസ്റ്റ് മലബാറിലെ സ്ഥിതി കലുഷിതമാക്കി. ഹിന്ദു-മുസ്‌ലിം ഐക്യം തകര്‍ക്കുകയായിരുന്നു അധികാരികളുടെ ലക്ഷ്യം. മാപ്പിള ആക്ടുപ്രകാരം അറസ്റ്റു ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതുപ്രകാരം അറസ്റ്റുവാറന്റ് തയ്യാറാക്കി കളക്ടര്‍ ഒപ്പുവെച്ചു. 29 പേരെ മാപ്പിള ആക്ടുപ്രകാരം തടങ്കലിലാക്കാനാണ് അന്ന് 1921 ഓഗസ്റ്റ് 18ന് കളക്ടര്‍ ഉത്തരവിട്ടത്.

നാരായണമേനോന്‍ ഹിന്ദുവായതിനാല്‍ മാപ്പിള ആക്ട് അദ്ദേഹത്തിന് ബാധകമാവില്ലെന്നു കളക്ടര്‍ക്ക് മനസ്സിലായി. 29 പേരുടെ വാറന്റു ഷീറ്റില്‍ നാരായണമേനോന്റെ പേരിനുനേരെ 'അറസ്റ്റ് ഇപ്പോള്‍ വേണ്ടാ' എന്ന് എഴുതി. 1921 സെപ്റ്റംബറില്‍ പട്ടാളനിയമം നടപ്പാക്കിയ ശേഷമാണ് മേനോനെ അറസ്റ്റു ചെയ്യുന്നത്. കോയമ്പത്തൂര്‍ ജയിലിലടച്ച് ഒരു വര്‍ഷത്തോളമായിട്ടും കുറ്റപത്രം സമര്‍പ്പിക്കുകയോ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുകയോ ചെയ്തില്ല. അറസ്റ്റിന്റെ നിയമസാധുത ചോദ്യംചെയ്ത് അഭിഭാഷകന്‍ കൂടിയായ മേനോന്‍ മദിരാശി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. താമസിയാതെ, ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ യുദ്ധംചെയ്തു എന്ന കുറ്റം ചുമത്തി സ്‌പെഷ്യല്‍ ജഡ്ജിമുമ്പാകെ ഹാജരാക്കി. മാപ്പിളമാരെ ബ്രിട്ടീഷ് സര്‍ക്കാരിനെതിരേ യുദ്ധംചെയ്യാന്‍ ഇളക്കിവിട്ടു എന്നായിരുന്നു കുറ്റം.

തട്ടിയെറിഞ്ഞ ഉപാധികള്‍

കെ. മാധവന്‍നായരുടെ സഹോദരന്‍ കെ. കേശവന്‍നായരാണ് നാരായണമേനോന്റെ കേസ് വാദിച്ചത്. കുറ്റം ചെയ്തു എന്നുപറയുന്ന ദിവസം നാരായണമേനോന്‍ തന്റെ കൂടെയായിരുന്നുവെന്ന് കെ. മാധവന്‍നായര്‍ കോടതിയില്‍ സാക്ഷിമൊഴി നല്‍കി. എങ്കിലും കോടതി ജീവപര്യന്തത്തിന് ശിക്ഷിച്ചു. അന്തമാനിലേക്ക് നാടു കടത്താനും തീരുമാനിച്ചു. അന്യായമായ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. കേളപ്പന്റെ നേതൃത്വത്തില്‍ പ്രമുഖര്‍ക്ക് നിവേദനമയച്ച് പ്രതിഷേധം രേഖപ്പെടുത്തി. കേന്ദ്ര അസംബ്ലിയില്‍ അന്യായ അറസ്റ്റിനെച്ചൊല്ലി തര്‍ക്കം നടന്നു. വൈസ്രോയിക്ക് നിവേദനം ലഭിച്ചതിനെ തുടര്‍ന്ന് ഉപാധികള്‍ അംഗീകരിച്ചാല്‍ എം.പിയെ വിട്ടയക്കാമെന്നു പറഞ്ഞു.

രണ്ടു കൊല്ലത്തേക്ക് മലബാറില്‍ കാലു കുത്തില്ല എന്ന് ഉറപ്പുനല്‍കണം, എം.പി. മാപ്പുപറയണം. ഇതായിരുന്നു ഉപാധികള്‍. പ്രതീക്ഷിച്ചതുപോലെ ഉപാധികള്‍ എം.പി. നിരസിച്ചു. ജനരോഷം തിരിച്ചറിഞ്ഞ ബ്രിട്ടീഷ് സര്‍ക്കാര്‍ ഉപാധികള്‍ മയപ്പെടുത്തി. ലഹളയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായി ഒരു നിലയ്ക്കും പ്രവര്‍ത്തിക്കില്ലെന്നും എഴുതിക്കൊടുത്താല്‍ നാരായണമേനോനെ വിട്ടയക്കാമെന്നറിയിച്ചു. ''ഒന്നാമത്തെ നിബന്ധന എനിക്ക് സ്വീകാര്യമാണ്. കാരണം, ഞാന്‍ ലഹളയ്‌ക്കോ യുദ്ധത്തിനോ നേതൃത്വം കൊടുത്തിട്ടില്ല. രണ്ടാമത്തെ നിബന്ധന സ്വീകാര്യമല്ല. കാരണം, നാളത്തെ ഇന്ത്യയിലെ സംഭവവികാസങ്ങള്‍ എന്തെല്ലാമാണെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് നിബന്ധന എനിക്ക് സ്വീകാര്യമല്ല.'' ഇതായിരുന്നു എം.പിയുടെ മറുപടി. അങ്ങനെ 13 വര്‍ഷം ജയില്‍വാസമനുഷ്ഠിച്ചു. മലബാറിലാകെ പ്രതിഷേധമുയര്‍ന്നതോടെ നാടുകടത്താനുള്ള നീക്കം ഉപേക്ഷിക്കേണ്ടിവന്നു.

വീണ്ടും ജയില്‍വാസം

നാരായണമേനോന്റെ മോചനത്തിനായി ഭാര്യ ഗാന്ധിജിയെ സമീപിച്ചിരുന്നു. നിബന്ധനകള്‍ക്കു വഴങ്ങി ജയില്‍മുക്തനാവണമെന്ന് നിര്‍ബന്ധിക്കാനാണെങ്കില്‍ ഇങ്ങോട്ടു വരണമെന്നില്ല എന്നാണ് പിന്നീട് ജയിലില്‍ കാണാന്‍ ചെന്നപ്പോള്‍ മേനോന്‍ ഭാര്യയോടു പറഞ്ഞത്.

1931-ല്‍ വടകരയില്‍ നടന്ന അഞ്ചാം കോണ്‍ഗ്രസ് സമ്മേളനനഗരിക്ക് എം.പി. നാരായണമേനോന്റെ പേരിട്ടാണ് കോണ്‍ഗ്രസ് ഈ ദേശാഭിമാനിയുടെ നടപടിയെ പ്രശംസിച്ചത്. ജയില്‍മോചിതനായ ശേഷം താമസിയാതെ നാരായണമേനോനെ കെ.പി.സി.സി.യുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിനാല്‍ എം.പിയുടെ വക്കീല്‍ ജോലിക്കുള്ള സനദ് സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനാല്‍ പ്രാക്ടീസ് ഉപേക്ഷിക്കേണ്ടിവന്നു. 1936-ല്‍ കേന്ദ്ര അസംബ്ലിയിലേക്ക് നാരായണമേനോനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെങ്കിലും ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ഭക്തവത്സലം ആവശ്യപ്പെട്ടപ്പോള്‍ എം.പി. സ്വമേധയാ പിന്മാറി.

ക്വിറ്റിന്ത്യാ സമരത്തില്‍ പങ്കെടുത്ത് പിന്നെയും നാലു വര്‍ഷം ജയിലില്‍. കേരളത്തിലെ സ്വാതന്ത്ര്യസമര സേനാനികളില്‍ ഏറ്റവും കൂടുതല്‍ കാലം ജയില്‍ശിക്ഷ അനുഭവിച്ചത് നാരായണമേനോനായിരിക്കും. രാജ്യം സ്വതന്ത്രമായ ശേഷം മദ്രാസ് സര്‍ക്കാര്‍ നാരായണമേനോനെ ദുര്‍ഗുണപാഠശാലയുടെയും കാരാഗൃഹ പുനര്‍നിര്‍മാണ വകുപ്പിന്റെയും തലവനായി നിയമിച്ചു. അങ്ങനെ 60-ാം വയസ്സില്‍ ആദ്യമായി സര്‍ക്കാരുദ്യോഗസ്ഥനായി. ഈ പ്രായത്തില്‍ ഇങ്ങനെയൊരു നിയമനം വേണോ എന്നു സംശയിച്ചവരോട് രാജാജി പറഞ്ഞു: ''ദീര്‍ഘകാലം ജയിലില്‍ക്കഴിഞ്ഞ എം.പിയെക്കാള്‍ ജയിലിനെ കുറിച്ചറിയുന്ന മറ്റൊരാള്‍ ഇന്ത്യയിലില്ല.'' ജയിലുകളുടെ നവീകരണത്തിനും തടവുകാരുടെ ക്ഷേമത്തിനുമായി ഒട്ടേറെ പദ്ധതികള്‍ക്ക് തുടക്കമിട്ടത് നാരായണമേനോന്റെ നേതൃത്വത്തിലാണ്.

Content Highlights: About M P Narayana Menon