36 വര്‍ഷത്തെ ഔദ്യോഗികപദവികളിലും അല്ലാതെയുമായി അരനൂറ്റാണ്ടുകാലം കേരളീയസമൂഹത്തില്‍ സജീവസാന്നിധ്യമായിരുന്നു സി. പരമേശ്വരന്‍ നായര്‍ എന്ന സി.പി. നായര്‍. ഹാസസാഹിത്യകാരന്‍ എന്‍.പി. ചെല്ലപ്പന്‍ നായരുടെയും കമലമ്മയുടെയും മകനാണ്.

1940ല്‍ മാവേലിക്കരയിലാണ് സി.പി. നായര്‍ ജനിച്ചത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് എം.എ. ഇംഗ്ലീഷില്‍ ഒന്നാംറാങ്ക് നേടിയശേഷം മൂന്നുവര്‍ഷം കോളേജ് അധ്യാപകനായിരുന്നു. 1962ലാണ് സിവില്‍സര്‍വീസില്‍ പ്രവേശിച്ചത്. ഒറ്റപ്പാലം സബ്കളക്ടറായി ഔദ്യോഗികജീവിതം ആരംഭിച്ചു. തിരുവനന്തപുരം കളക്ടര്‍, സിവില്‍സപ്ലൈസ് ഡയറക്ടര്‍, കൊച്ചി തുറമുഖ ട്രസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍, നികുതി, തൊഴില്‍, ആഭ്യന്തരവകുപ്പുകളുടെ സെക്രട്ടറി, റവന്യൂബോര്‍ഡില്‍ നികുതി വിഭാഗത്തിന്റെ ചുമതല, ഭരണപരിഷ്‌കാര കമ്മിഷന്‍ അംഗം, ദേവസ്വം കമ്മിഷണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1982 മുതല്‍ '87 വരെ കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു. ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരിക്കേ 1996ല്‍ ചീഫ് സെക്രട്ടറിയായി. 1998ല്‍ വിരമിച്ചു. 'ഇരുകാലിമൂട്ടകള്‍' എന്ന കൃതിക്ക് 1994ല്‍ മികച്ച ഹാസസാഹിത്യത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

നേത്രദാനത്തിനു സമ്മതമാണെന്നും മരണാനന്തര ചടങ്ങുകള്‍ നടത്തരുതെന്നും അദ്ദേഹം പ്രത്യേകം എഴുതിവെച്ചിരുന്നു. ഒക്ടോബര്‍ ഒന്ന് വെള്ളിയാഴ്ച്ച് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു

മനുഷ്യപക്ഷത്തുനിന്നുള്ള നോട്ടങ്ങള്‍,ആധ്യാത്മിക നിസ്സംഗത സി.പി. നായര്‍ എന്ന  സ്ഥിതപ്രഞ്ജന്‍ - കെ. ജയകുമാര്‍

സി.പി. നായര്‍ 1962ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. പിന്നെയും 16 വര്‍ഷത്തിനുശേഷമാണ് ഞാന്‍ ഐ.എ.എസില്‍ ചേരുന്നത്. പക്ഷേ, അദ്ദേഹവും ഞാനുമായി അത്രയും പ്രായവ്യത്യാസമില്ല. വളരെ ചെറുപ്പത്തിലേ സിവില്‍ സര്‍വീസ് പരീക്ഷ പാസായ പ്രഗല്ഭനായ വിദ്യാര്‍ഥി, പ്രസിദ്ധനായ പിതാവിന്റെ പുത്രനായ പരമേശ്വരന്‍നായര്‍ എന്ന് നാമറിയുന്ന സി.പി. നായര്‍. അദ്ദേഹം കേരളത്തിന്റെ ഔദ്യോഗികമണ്ഡലത്തില്‍ അനേകം സ്ഥാനങ്ങളില്‍ സേവനം നടത്തി. 1998ല്‍ സംസ്ഥാന ചീഫ് സെക്രട്ടറിയായി വിരമിച്ചു. എന്നാല്‍, വിരമിക്കാത്ത ഒരു സി.പി. നായരുണ്ട്. ആ വ്യക്തിത്വമാണ് അദ്ദേഹത്തെ എന്നും പ്രസക്തനാക്കുന്നത്.

സമൂഹത്തിന്റെ ചലനങ്ങളെ എന്നും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. സമകാലികജീവിതത്തിന്റെ ആകുലതകളും അനാശാസ്യമായ മാറ്റങ്ങളും തലതിരിഞ്ഞ അഭിരുചികളും വികലമായ മൂല്യബോധവുമെല്ലാം നിരീക്ഷിക്കുകയെന്നത് തന്റെ നിയോഗമായി ഏറ്റെടുത്ത സാമൂഹിക നിരീക്ഷകന്‍. സാമൂഹികനിരീക്ഷണം പലതരത്തിലാകാം. അക്കാദമിക് പാണ്ഡിത്യംകൊണ്ടും ഗവേഷണംകൊണ്ടും സമൂഹത്തെ നിരീക്ഷിക്കാം. രാഷ്ട്രീയസാമൂഹിക പ്രസ്ഥാനങ്ങളുടെയും ഭാഗമായി നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യാം. എന്നാല്‍, സി.പി. നായര്‍ നിരന്തരം നടത്തിക്കൊണ്ടിരുന്ന സാമൂഹികനിരീക്ഷണങ്ങള്‍, ഹൃദയാലുത്വവും ഭരണപരിചയവുമാര്‍ജിച്ച ഒരെഴുത്തുകാരന്‍ മനുഷ്യപക്ഷത്തുനിന്ന് നടത്തുന്നവയാണ്. ആ ദൗത്യത്തിന്റെ നിറവാണ് അദ്ദേഹത്തെ ധന്യാത്മാവാക്കുന്നത്.

ജീവിതാനുഭവങ്ങളോട് ഉത്തരവാദിത്വം പുലര്‍ത്തിക്കൊണ്ട് അദ്ദേഹം രചിച്ച 'എന്ദരോ മഹാനുഭാവുലു' എന്ന ഓര്‍മക്കുറിപ്പുകളില്‍ നിറയുന്ന നിരീക്ഷണകൗതുകം ഔദ്യോഗികജീവിതത്തില്‍ മാത്രമല്ല, തന്റെ ജീവിതത്തിലുടനീളം അദ്ദേഹം പുലര്‍ത്തി. ആകസ്മികമായ മരണത്തിന് കീഴടങ്ങുന്ന ദിവസംവരെയും അദ്ദേഹം ലേഖനങ്ങളെഴുതി. നര്‍മം അദ്ദേഹത്തിന് സഹജമായിരുന്നു; പൈതൃകമായിരുന്നു. സെക്രട്ടേറിയറ്റില്‍ കണ്ടുമുട്ടിയ എത്ര ഉഗ്രമൂര്‍ത്തികളെയും ലഘുചേതസ്സുകളെയും നര്‍മംകലര്‍ന്ന സ്ഥിതപ്രജ്ഞയോടെ കാണാനും ആ അനുഭവങ്ങളില്‍നിന്ന് എന്തെങ്കിലുമൊരു മൂല്യം ഗ്രഹിക്കാനുമുള്ള സവിശേഷമായ വാസന ജീവിതത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധത്തെ നിര്‍വചിക്കുന്നുണ്ട്. അതിലൊരു ആധ്യാത്മിക നിസ്സംഗതയുണ്ട്. നര്‍മത്തിനുപിന്നിലുള്ള ആ ആധ്യാത്മികമായ സമഭാവനയുടെയും മാനവികതയുടെയും ഉള്‍ബലം തിരിച്ചറിയാതെ പോവുകില്‍ അവയുടെ വായന ചിലപ്പോള്‍ ഉപരിപ്ലവമായേക്കാം. ഓര്‍മക്കുറിപ്പുകളുടെ അവതാരികയില്‍ ജസ്റ്റിസ് കെ.ടി. തോമസ് ഇക്കാര്യം ഇങ്ങനെ സൂചിപ്പിക്കുന്നു: '...സമയമെടുത്ത് വായിച്ചാല്‍ ഈ ഗ്രന്ഥം ഒരു വിജ്ഞാനകുംഭമാണെന്ന് ബോധ്യമാകും. പെട്ടെന്ന് വായിച്ചുതീര്‍ക്കുന്നവര്‍ക്ക് ഈ ഗ്രന്ഥത്തിലെ പല താളുകളിലും നിറഞ്ഞുകിടക്കുന്ന ചെറുസംഭവങ്ങളുടെ രസകരമായ പ്രതിപാദ്യം നിര്‍വൃതിക്ക് ഇട നല്‍കും.'

ഓണാട്ടുകരക്കാരന്റെ ഫലിതബോധം

മരണത്തിന്റെ തലേന്നാള്‍ അദ്ദേഹം വീണ്ടും ഭാഗവതം വായിച്ചുപൂര്‍ത്തിയാക്കി. മരണശേഷം തന്റെ കണ്ണുകള്‍ ദാനംചെയ്യണമെന്ന് അദ്ദേഹം നിഷ്‌കര്‍ഷിച്ചിരുന്നു. പലതും കണ്ട ആ കണ്ണുകള്‍ ഇന്നലെ ദാനംനല്‍കി. നര്‍മത്തിന്റെ പിന്നിലെ മാനവികതയും ആത്മീയതയും തിരിച്ചറിയുമ്പോള്‍ സി.പി. നായര്‍ എന്ന എഴുത്തുകാരന്റെ സംഭാവനകളെയും സാംഗത്യത്തെയും ഗൗരവപൂര്‍വം പുനര്‍വിചിന്തനംനടത്താന്‍ നാം പ്രേരിതരാവും. അത് അദ്ദേഹമര്‍ഹിക്കുന്നുണ്ട്. കുഞ്ചന്‍ നമ്പ്യാരും ഇ.വി. കൃഷ്ണപിള്ളയും വി.കെ.എന്നും സഞ്ചരിച്ച ആക്ഷേപഹാസ്യത്തിന്റെ വഴിതന്നെയായിരുന്നു സി.പി. നായരുടേതും. ചുറ്റുംകാണുന്ന വ്യക്തികളെയും സന്ദര്‍ഭങ്ങളെയും പ്രത്യേകിച്ച്, കാപട്യങ്ങളെ ചാക്യാരുടെ കണ്ണിലൂടെ കാണുന്ന ഒരു ഓണാട്ടുകരക്കാരന്റെ ഫലിതബോധവും ജീവിതത്തിന്റെ സിംഹഭാഗവും ചെലവിട്ട തിരുവനന്തപുരത്തിന്റെ ഭാഷാപ്രയോഗശീലനങ്ങളും. ചില 'അസല്‍' മനോഭാവങ്ങളും അദ്ദേഹത്തിന് പ്രചോദനത്തിന്റെ അക്ഷയഖനിയായിരുന്നു.

പുതിയ തലമുറയുടെ അഭിലഷണീയമല്ലാത്ത ശീലങ്ങളോടും ഇതേ നിശിതസമീപനംതന്നെ പുലര്‍ത്തി. ഓരോ കഥാപാത്രവും മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ ഒരു തുള്ളല്‍ക്കാരന്റെയോ ചാക്യാരുടെയോ ധൈര്യവും നിശിതത്വവും അദ്ദേഹം പ്രകടമാക്കി. എല്ലാ ഫലിതസാഹിത്യവും അഗാധമായ മനുഷ്യസ്‌നേഹത്തില്‍നിന്നാണ് ഉറവപൊട്ടുന്നത്. സി.പി. നായരുടെ രചനകളിലൂടെ പരിഹാസത്തിന് ശരവ്യരായിട്ടുള്ളവര്‍ക്കുപോലും നീരസം തോന്നാതിരിക്കുന്നതും ഇക്കാരണത്താലാണ്. ആ പരിഹാസത്തിന്റെ ചാലകോര്‍ജം മനുഷ്യസ്‌നേഹവും ഉത്കര്‍ഷേച്ഛയുമാണ്. സജീവമായിരുന്ന, സമാനതകളില്ലാത്ത ഒരു ജീവിതത്തിന്റെ മുന്നിലാണ് മൃത്യു ഇന്നലെ രാവിലെ മുന്നറിയിപ്പില്ലാതെ അധൃഷ്യമായ തിരശ്ശീലതാഴ്ത്തിയത്. ഒരു ദിവസംപോലും അസുഖബാധിതനായി കിടക്കാതെ, സ്വച്ഛന്ദമൃതനാകാനും അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. അതിലുമുണ്ട് നിയന്താവിന്റെ കൈയൊപ്പ്.

'തനിയ്ക്കു നിഷേധിച്ച അര്‍ഹമായ ഐ.എ.എസ്. മകന്‍ നേടുന്നത് കാണാനാണ് ആ പിതാവ് ആഗ്രഹിച്ചത്'

എഴുത്ത്: എം.കെ. സുരേഷ്‌

ഐ.എ.എസുകാരനാകാന്‍ സി.പി. നായര്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, മകന്‍ അങ്ങനെയാവണമെന്ന് അച്ഛന്‍ എന്‍.പി. ചെല്ലപ്പന്‍നായര്‍ ആഗ്രഹിച്ചു. അതിന് കാരണവുമുണ്ടായിരുന്നു. ഐക്യകേരളം രൂപപ്പെട്ടപ്പോള്‍ തിരുക്കൊച്ചിയിലെ ഏറ്റവും സീനിയറായ ഡെപ്യൂട്ടി കളക്ടറായിരുന്നിട്ടും തനിയ്ക്കു നിഷേധിച്ച അര്‍ഹമായ ഐ.എ.എസ്. മകന്‍ നേടുന്നത് കാണാനാണ് പിതാവാഗ്രഹിച്ചത്. ഐ.എ.എസില്‍ താത്പര്യമില്ലെന്നു പറഞ്ഞത് അച്ഛനുണ്ടാക്കിയ മനോവിഷമം ചെറുതായിരുന്നില്ല. തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ അധ്യാപകനായിരിക്കെ ലോഡ്ജില്‍ കാണാന്‍ വന്ന അച്ഛന്‍ പറഞ്ഞതിങ്ങനെയായിരുന്നു 'ഐ.എ.എസ് എഴുതുന്നില്ലെങ്കില്‍ വേണ്ട. എനിക്കു നേടാന്‍ കഴിയാത്തത് എന്റെ മകന്‍ നേടണമെന്ന എന്റെ ആഗ്രഹം നടക്കില്ലെന്നേയുള്ളു. എങ്കിലും നീ ഒന്നോര്‍ക്കണം. നിന്റെ കൂടെ പഠിച്ചവരാരെങ്കിലും നാളെ വിദ്യാഭ്യാസ സെക്രട്ടറിയോ മറ്റോ ആയേക്കാം. അയാളുടെ മുന്‍പില്‍ ഒരു നിവേദനവും കൊണ്ടു ചെല്ലുന്ന നിന്നെ അറിയുന്ന ഭാവംപോലും കാണിക്കാതെ അയാള്‍ അപമാനിച്ചു തിരിച്ചയച്ചാല്‍ നീ പശ്ചാത്തപിക്കേണ്ടി വരില്ലേ? ശാന്തമായി ആലോചിച്ചു തീരുമാനിക്കുക,. കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. ഇനി എല്ലാം നിന്റെ ഇഷ്ടം പോലെ...' പിന്നെ സി.പിക്ക് ഇരിപ്പുറച്ചില്ല. പരീക്ഷ എഴുതാന്‍ തീരുമാനിച്ചു.

പരീക്ഷാഹാളില്‍ ബോധംകെട്ടുവീണു

പരീക്ഷയെഴുത്തും ഒരു ചരിത്രമായി. യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നു ദിവസത്തെ പരീക്ഷ കഴിഞ്ഞു. നാലാമത്തെ പരീക്ഷ ഇംഗ്ലീഷാണ്. ഇഷ്ടവിഷയം. അവസാന പരീക്ഷയുടെ തലേന്നുമുതല്‍ വല്ലാത്ത ഭയം. ചോദ്യപ്പേപ്പര്‍ വാങ്ങിയ സി.പി. ബോധരഹിതനായി വീണു. വൈകാതെ ബോധം വന്നെങ്കിലും നിശ്ചിത സമയം കഴിയാതെ ഹാളില്‍നിന്നു പുറത്തുവിടില്ലെന്നായപ്പോള്‍ ശേഷിക്കുന്ന 50 മിനിറ്റുകൊണ്ട് പരീക്ഷയെഴുതിയാണ് ജയിച്ചതും അഭിമുഖത്തിനെത്തിയതും. .

ഇംഗ്ലീഷ് സാഹിത്യം പഠിച്ച് അധ്യാപകനാകാനാഗ്രഹിച്ച സി.പി. നായരെ എഴുത്തിന്റെ വഴിയിലെത്തിച്ചതും ഹാസസാഹിത്യകാരനും പണ്ഡിതനുമായ അച്ഛന്‍ എന്‍.പി. ചെല്ലപ്പന്‍നായരാണ്. കേരളശബ്ദം മാനേജിങ് എഡിറ്ററായിരുന്ന ഡോ. ബി.എ. രാജാകൃഷ്ണനാണ് ആത്മകഥയെഴുതാന്‍ പ്രേരിപ്പിച്ചതും അത് ഖണ്ഡശഃയായി പ്രസിദ്ധീകരിച്ചതും. തന്റെ സര്‍വീസ് സ്റ്റോറിയും ജീവിതവും ഐ.എ.എസ്. ദിനങ്ങളും 'എന്ദരോ മഹാനുഭാവുലു' എന്ന ആത്മകഥയിലൂടെ വിവരിച്ചപ്പോള്‍ വലിയൊരു കാലഘട്ടത്തെ രേഖപ്പെടുത്തുകയാണ് സി.പി. ചെയ്തത്. ഒരിക്കലും ഹാസ്യരസം സി.പിയെ കൈവിട്ടില്ല.

കരുണാകരന്റെ വിശ്വസ്തന്‍

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു സി.പി. നായര്‍. ഐ.എസ്.ആര്‍.ഒ. ചാരക്കേസ് വീണ്ടും ചര്‍ച്ചയായപ്പോള്‍ ആരോപണ വിധേയനായ ഐ.ജി. രമണ്‍ ശ്രീവാസ്തവയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നു അന്നു ആഭ്യന്തര സെക്രട്ടറിയായിരുന്ന സി.പി. മാതൃഭൂമിയോട് പറഞ്ഞിരുന്നു. ശ്രീവാസ്തവയ്‌ക്കെതിരേ ഹൈക്കോടതി വിധിയുണ്ടായപ്പോള്‍ സര്‍ക്കാര്‍ അപ്പീല്‍പോകേണ്ടെന്നാണ് കരുണാകരന്‍ പറഞ്ഞതെന്നു സി.പി. വിശദീകരിച്ചു. ചാരക്കേസില്‍ വിധി വന്നപ്പോള്‍ കരുണാകരന്‍ ഡല്‍ഹിയിലായിരുന്നു. ടെലിപ്രിന്റര്‍ വഴി കിട്ടിയ വിധിപ്പകര്‍പ്പിന്റെ പേജുകള്‍ വായിച്ച മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശം ഇതായിരുന്നു 'രാവിലെ ഞാന്‍ തിരുവനന്തപുരത്ത് എത്തും. പത്രക്കാര്‍ ചോദിക്കുമ്പോള്‍ ശ്രീവാസ്തവ സസ്‌പെന്‍ഷനിലാണ് എന്നെനിക്കു പറയാന്‍ കഴിയണം'. രാത്രിയില്‍ ഒരു സെക്ഷന്‍ ഓഫീസറുമായി ഓഫീസിലിരുന്ന് ശ്രീവാസ്തവയുടെ സസ്‌പെന്‍ഷന്‍ ഉത്തരവ് തയ്യാറാക്കി നേരിട്ടെത്തിച്ചു. ചാരക്കേസില്‍ കരുണാകരനോട് ഒരുവിഭാഗം കോണ്‍ഗ്രസുകാര്‍ പകതീര്‍ത്തു എന്നുതന്നെ സി.പി. നായര്‍ വിശ്വസിച്ചു.

പരിഷ്‌കരിക്കാന്‍ നോക്കി; തോറ്റുപോയി

രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയില്ലാത്തതുകൊണ്ടും ഔദ്യോഗിക ഏജന്‍സികളുടെ സഹകരണം കിട്ടാതെയും സി.പിയുടെ ചില പരിഷ്‌കരണ നടപടികള്‍ പരാജയപ്പെട്ടു. ചീഫ് സെക്രട്ടറിയായിരിക്കെ, സെക്രട്ടേറിയറ്റ് പടിക്കലെ സമരപ്പന്തലുകള്‍ നീക്കുന്നതായിരുന്നു ഇതിലൊന്ന്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാന തലസ്ഥാനത്തും ഈ നാണക്കേടില്ലെന്നു സി.പി. നായര്‍ പറഞ്ഞിരുന്നു. കരുണാകരന്റെ അനുമതിയോടെ, സിറ്റിപോലീസ് കമ്മിഷണറുടെ സഹായത്തോട, ഒരു രാത്രി പന്തലുകളും ബോര്‍ഡുകളും നീക്കി. നാട്ടുകാര്‍ക്ക് നടപ്പാത തിരിച്ചുനല്‍കി. കരുണാകരന്‍ മാറിയതോടെ സമരനായകര്‍ അട്ടഹസിച്ചെത്തി. അഭിപ്രായ സമന്വയം ഉണ്ടാവാത്ത സഹചര്യത്തില്‍ പഴയ സാഹസം ആവര്‍ത്തിക്കേണ്ടെന്നായിരുന്നു സി.പി.ക്കു കിട്ടിയ നിര്‍ദേശം. വഴിമുടക്കിയുള്ള പ്രകടനങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ട മറ്റൊന്ന്.

വീടുപണിക്ക് കാര്‍ വിറ്റു

ആഭ്യന്തര സെക്രട്ടറിയായപ്പോഴും ചീഫ് സെക്രട്ടറിയായപ്പോഴും സി.പിക്ക് സ്വന്തം കാറില്ലായിരുന്നു. വീടുപണിക്ക് പണമില്ലാതെ സ്വന്തമായുണ്ടായിരുന്ന പൊട്ട കാര്‍ വിറ്റെന്നു സി.പി. ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. കാര്‍ വില്‍ക്കാനും സര്‍ക്കാരിന്റെ അനുമതി വേണമായിരുന്നു. അപേക്ഷ കണ്ട് അന്നത്തെ ചീഫ് സെക്രട്ടറി പദ്മകുമാര്‍ പറഞ്ഞതിങ്ങനെ 'വീടുപണിക്ക് കാശില്ലാതെ കാര്‍ വില്‍ക്കുന്ന ഹോം സെക്രട്ടറി ഇന്ത്യാമഹാരാജ്യത്ത് താന്‍ മാത്രമേ കാണൂ...' ഹോം സെക്രട്ടറിക്ക് അടിതെറ്റുന്നതു കാണാന്‍ കാത്തിരിക്കുന്ന കണ്ണുകള്‍ ഏറെയുണ്ടായിരുന്നെന്നു സി.പി. വിശ്വസിച്ചു. ചെറിയ കാര്യങ്ങളില്‍പ്പോലും വലിയ ശ്രദ്ധചെലുത്തി. ഡ്രൈവര്‍ ചാക്കോ ഒരിക്കല്‍ സി.പിയുടെ ഭാര്യയോടു പറഞ്ഞു 'എന്തിനാണോ സാര്‍ ഇതിനൊക്കെ ഇത്രേം വേവലാതിപ്പെടുന്നത്. സാറും ഗോപാലസ്വാമി സാറും  മാത്രമാണ് ഇത്ര കൃത്യമായി കണക്കുവെക്കുന്നതും കാശടയ്ക്കുന്നതും. ഇതൊക്കെ ആരറിയുന്നു?'

Content Highlights: About IAS C Parameswaran nair