ക്ലാസ് മുറികളില്‍ പഠിച്ച കാര്യങ്ങള്‍ പരീക്ഷണ നിരീക്ഷണത്തിലൂടെ മനസ്സിലാക്കുന്നതിനും ശാസ്ത്രപരവും സാങ്കേതികവുമായ കഴിവുകള്‍ വളര്‍ത്തുന്നതിനും പ്രാക്ടിക്കല്‍ ക്ലാസുകള്‍ക്ക് സവിശേഷ സ്ഥാനമുണ്ട്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെര്‍ച്വല്‍ ലാബ് ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് പലതരത്തിലും പ്രയോജനകരമാണ്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ നേരിട്ട് പരീക്ഷണങ്ങള്‍ ചെയ്യാനാവാത്തതും അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലും വിദ്യാര്‍ഥികള്‍ക്കിടയിലുമുള്ള ചര്‍ച്ചകള്‍ നടക്കുന്നില്ലായെന്നതും അക്കാദമിക് മേഖലയില്‍ ഇപ്പോള്‍ നേരിടുന്ന പ്രശ്‌നമാണ്. ഇവിടെയാണ് സ്വന്തമായി പരീക്ഷണങ്ങള്‍ ചെയ്തു ബോധ്യപ്പെടുന്നതിനും ഓണ്‍ലൈന്‍ തിയറി ക്ലാസുകളുമായി അവ ബന്ധപ്പെടുത്തുന്നതിനും വെര്‍ച്വല്‍ ലാബ് പ്രയോജനകരമാകുന്നത്.

ഐ.ഐ.ടി.കള്‍ക്കൊപ്പം

ലബോറട്ടറി അനുഭവങ്ങള്‍ ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന്റെ പ്രധാനഘടകമാണ്. നൂതന ആശയങ്ങള്‍ മനസ്സിലാക്കാന്‍ സമ്പൂര്‍ണമായ ഒരു പഠനസമ്പ്രദായമാണ് വെര്‍ച്വല്‍ ലാബ് ലക്ഷ്യംവെക്കുന്നത്. ശാസ്ത്രസാങ്കേതിക മേഖലയില്‍ പരിജ്ഞാനമുള്ള തലമുറയെ സൃഷ്ടിക്കാന്‍ വെര്‍ച്വല്‍ ലാബ് സഹായകരമാണ്. ഇതിനു പിന്നില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടൊപ്പം ഐ.ഐ. ടി. ബോംബെ, ഐ.ഐ.ടി. ഡല്‍ഹി, ഐ.ഐ.ടി., ഖരക്പുര്‍, ഐ.ഐ.ടി. ഹൈദരാബാദ്, ഐ.ഐ.ടി. റൂര്‍ക്കി, ഐ.ഐ.ടി. കാണ്‍പുര്‍, ഐ.ഐ.ടി. ഗുവാഹാട്ടി, എന്‍.ഐ. ടി.കെ. സൂരത്കല്‍, അമൃത വിശ്വ വിദ്യ പീഠം  ഉള്‍പ്പെടെയുള്ള ദേശീയസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

വിഷയങ്ങള്‍

എന്‍ജിനിയറിങ് ശാഖകളായ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍, കെമിക്കല്‍, ബയോടെക്നോളജി ആന്‍ഡ് ബയോമെഡിക്കല്‍, സിവില്‍, ശാസ്ത്രവിഷയങ്ങളായ ഫിസിക്കല്‍ സയന്‍സ്, കെമിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലെ പരീക്ഷണങ്ങള്‍ ഈ വെര്‍ച്വല്‍ ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്.

പ്രായോഗിക കഴിവുകള്‍ നേടുക

കേരളത്തില്‍ എ.പി.ജെ. അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളേജുകളെ എന്‍.ഐ.ടി.കെ. സൂരത്കലുമായാണ് ബന്ധപ്പെടുത്തിയത്. ഇതുവഴി വെര്‍ച്വല്‍ ലാബിലെ പരീക്ഷണ സൗകര്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും. ഇന്റര്‍നെറ്റ്, വിഷ്വല്‍ എയ്ഡ്സ് മുതലായവ ഉപയോഗിച്ച് ഉപകരണങ്ങള്‍ ഇല്ലാതെ പരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും. ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും അറിവ് വര്‍ധിപ്പിക്കുന്നതിനും വെര്‍ച്വല്‍ ലാബ് സഹായിക്കും. ചെലവുകുറഞ്ഞ മാര്‍ഗത്തിലൂടെയും വിദൂരപഠന പ്രവര്‍ത്തനങ്ങളിലൂടെയും പഠിതാക്കള്‍ക്ക് ആവശ്യമായ പ്രായോഗിക കഴിവുകള്‍ ലഭ്യമാക്കാന്‍ വെര്‍ച്വല്‍ ലാബ് അവസരംനല്‍കുന്നു.

വിവരങ്ങള്‍ക്ക്: www.vlab.co.in

(കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളേജ് ഓഫ് എന്‍ജിനിയറിങ്ങിലെ റിസര്‍ച്ച് ഡീന്‍ ആണ് ലേഖകന്‍)

 Content Highlights: Virtual Lab under the Union Ministry of Education