അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ചിലര്‍ ഓഫ് വെറ്ററിനറി സയന്‍സ് ആന്‍ഡ് ആനിമല്‍ ഹസ്ബന്‍ഡ്രി (ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് കൗണ്‍സലിങ്ങിനുള്ള ചോയ്‌സ് ഫില്ലിങ് ജനുവരി 10ന് വൈകീട്ട് അഞ്ചുവരെ http://vcicounseling.nic.in വഴി നടത്താം.

സൈറ്റില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയാണ്. ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗങ്ങള്‍ക്ക് 900 രൂപയും പട്ടിക/ഭിന്നശേഷി/ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 500 രൂപയുമാണ്. ഓണ്‍ലൈന്‍/ചെലാന്‍ രീതിയില്‍ അടയ്ക്കാം.

വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ (വി.സി.ഐ.) നടത്തുന്ന പ്രക്രിയയില്‍ 54 സ്ഥാപനങ്ങളിലായി മൊത്തം 607 സീറ്റുകളാണ് നികത്താനുള്ളത്. ഇതില്‍ 441 എണ്ണം യു.ആര്‍. (അണ്‍ റിസര്‍വ്ഡ്  ഓപ്പണ്‍ സീറ്റുകള്‍) വിഭാഗത്തിലാണ്. കേരളത്തിലെ മണ്ണുത്തിയില്‍ 15ഉം (യു.ആര്‍. 12, എസ്.സി. 2, എസ്.ടി.1), പൂക്കോട് 12ഉം (യു.ആര്‍.8, യു.ആര്‍. പി.എച്ച്. 1, എസ്.സി. 2, എസ്.ടി. 1)സീറ്റുകളാണ് ഈ പ്രക്രിയവഴി നികത്തുന്നത്.

നീറ്റ് യു.ജി. 2020 യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജനുവരി 14ന് വൈകീട്ട് ആറിന് പ്രഖ്യാപിക്കും. കോളേജില്‍ പ്രവേശനം നേടാന്‍ 15 മുതല്‍ 20ന് വൈകീട്ട് അഞ്ചുവരെ സമയമുണ്ട്. 

രണ്ടാം റൗണ്ട് ഫലം 29ന് പ്രഖ്യാപിക്കും. പ്രവേശനം ഫെബ്രുവരി ഒന്നിനും അഞ്ചിനും ഇടയ്ക്ക് നേടണം. മോപ്അപ്പ് റൗണ്ട് നടപടികള്‍ ഫെബ്രുവരി ഒന്‍പതിന് ആരംഭിക്കും. വിശദമായ സമയക്രമം, വിവിധ വിഭാഗങ്ങള്‍ക്കുള്ള സ്ഥാപനതല സീറ്റ് ലഭ്യത എന്നിവ വെബ്‌സൈറ്റില്‍ ലഭിക്കും.

Content Highlights: Veterinary UG all India quota seat allotment, choice filling till January 10