സിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടുന്നതിനും ഗവേഷക ഫെലോഷിപ്പുകള്‍ക്ക് അര്‍ഹരാകാനും യു.ജി.സി. നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) ജൂണ്‍ 2020 പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ആകെ 101 വിഷയങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ബന്ധപ്പെട്ട/അനുബന്ധ വിഷയത്തില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് (എന്‍.ടി.എ.) ഇത്തവണയും പരീക്ഷ നടത്തുന്നത്. പരീക്ഷാര്‍ഥികള്‍ക്ക് ugcnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഏപ്രില്‍ 16 രാത്രി 11.50 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 

ഏപ്രില്‍ 17 വരെ ഫീസ് അടയ്ക്കാവുന്നതാണ്. ഫീസ്: ജനറല്‍, - 1000 രൂപ, ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. (എന്‍.സി.എല്‍.)  500 രൂപ, പട്ടികവിഭാഗം, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ - 250 രൂപ. 

അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ തിരുത്താനുള്ള അവസരം നല്‍കും. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായി മൂന്ന് മണിക്കൂറുള്ള ഒറ്റ സെഷനിലാണ് പരീക്ഷ നടത്തുന്നത്. 50 ചോദ്യങ്ങളുള്ള പേപ്പര്‍ I-ന് ഒരു മണിക്കൂറും 100 ചോദ്യങ്ങളുള്ള പേപ്പര്‍ II-ന് രണ്ട് മണിക്കൂറുമാണ് അനുവദിച്ചിട്ടുള്ളത്.  

മേയ് 15 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈന്‍ പരീക്ഷ ജൂണ്‍ 15 മുതല്‍ 20 വരെ നടക്കും. 

രാവിലെയും ഉച്ചതിരിഞ്ഞും രണ്ട് സെഷനുകളില്‍ പരീക്ഷ നടക്കും. രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചതിരിഞ്ഞ് 2.30 മുതല്‍ 5.30 വരെയുമായിരിക്കും ഷിഫ്റ്റുകള്‍.  ജൂലായ് അഞ്ചിനകം ഫലം പ്രഖ്യാപിക്കും. 

സി.എസ്.ഐ.ആര്‍. - യു.ജി.സി. നെറ്റ്

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍.), യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്‍ (യു.ജി.സി.) ജോയന്റ് സി.എസ്.ഐ.ആര്‍. - യു.ജി.സി. നെറ്റ് ശാസ്ത്രമേഖലയിലെ വിഷയങ്ങള്‍ക്കായാണ് നടത്തുന്നത്. ലൈഫ് സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ് എന്നീ അഞ്ചു വിഷയങ്ങളിലായി പരീക്ഷ ജൂണ്‍ 21-ന് നടക്കും.

ഒരു പേപ്പറാണുള്ളത്. അതില്‍ മൂന്നുഭാഗങ്ങളില്‍ നിന്നുമായി ചോദ്യങ്ങള്‍ ഉണ്ടാകും. വിഷയമനുസരിച്ച് ചോദ്യങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകും. ഫലപ്രഖ്യാപനം, ജൂലായ് രണ്ടാംവാരം പ്രതീക്ഷിക്കാം. അപേക്ഷ csirnet.nta.nic.in വഴി ഏപ്രില്‍ 15-ന് രാത്രി 11.50 വരെയും ഫീസ് 16-ന് രാത്രി 11.50 വരെയും നല്‍കാം.

Content Highlights: UGC NET June 2020; Apply by 16 April