കേന്ദ്ര സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ ഭിന്നശേഷി ശാക്തീകരണവകുപ്പിന്റെ (ദിവ്യാംഗ്ജൻ) കീഴിലുള്ള മുൻനിര സ്ഥാപനങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

സ്ഥാപനങ്ങൾ: സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (എസ്.വി.എൻ.ഐ.ആർ.ടി.എ.ആർ.-കട്ടക്), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (എൻ.ഐ.എൽ.ഡി. -കൊൽക്കത്ത), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (എൻ.ഐ.ഇ.പി.എം.ഡി. - ചെന്നൈ).

ബിരുദം: മൂന്നുസ്ഥാപനങ്ങളിലും ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.), ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി.), ബാച്ചിലർ ഇൻ പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബി.പി.ഒ.) എന്നീ പ്രോഗ്രാമുകളുണ്ട്. കോഴ്സ് ദൈർഘ്യം നാലുവർഷം. കൂടാതെ, ആറുമാസത്തെ ഇന്റേൺഷിപ്പ് ഉണ്ട്.

യോഗ്യത: പ്രോഗ്രാമിനനുസരിച്ച് ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നിവയിൽ നിശ്ചിത വിഷയങ്ങൾ പഠിച്ച് പ്ലസ് ടു/തത്തുല്യം നിശ്ചിത മാർക്ക് വാങ്ങി ജയിച്ചിരിക്കണം.

പ്രവേശനപരീക്ഷ: പൊതുപ്രവേശനപരീക്ഷ (സി.ഇ.ടി.) വഴിയാണ് മൂന്നുപ്രോഗ്രാമുകളിലെയും പ്രവേശനം. ജൂലായ് 18-ന് രാവിലെ 11 മുതൽ ഒന്നുവരെ നടത്തുന്ന പരീക്ഷയ്ക്ക് ഒരു മാർക്ക് വീതമുള്ള 100 മൾട്ടിപ്പിൾ ചോയ്സ്, ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ജനറൽ എബിലിറ്റി ആൻഡ് ജനറൽ നോളജ് (10 ചോദ്യങ്ങൾ), ഫിസിക്സ്, കെമിസ്ട്രി, ബയോളജി (സുവോളജി ബോട്ടണി)/മാത്തമാറ്റിക്സ് (30 വീതം ചോദ്യങ്ങൾ) എന്നിവയിൽ നിന്നാകും ചോദ്യങ്ങൾ.

പി.ജി.: എസ്.വി.എൻ.ഐ. ആർ.ടി.എ.ആറിൽ ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് എന്നീ മാസ്റ്റേഴ്സ് പ്രോഗ്രാമുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം വേണം. ജൂലായ് 18-ന് നടത്തുന്ന പ്രവേശന പരീക്ഷ (പി.ജി.ഇ.ടി.) വഴിയാണ് പ്രവേശനം.

ബിരുദ, പി.ജി. പ്രോഗ്രാമുകളിലേക്ക് www.svnirtar.nic.in വഴി ജൂൺ 15 വരെ അപേക്ഷിക്കാം.

Content Highlights: UG, PG admission central government course