കേരളത്തിലെ സർക്കാർ ലോ കോളേജുകളിലെയും സർക്കാരുമായി സീറ്റ് പങ്കുവെക്കൽ കരാറിൽ ഏർപ്പെട്ടിരിക്കുന്ന സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെയും (ഗവ. സീറ്റുകൾ) വിവിധ നിയമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സർക്കാർ ലോ കോളേജുകൾ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണുള്ളത്.

പഞ്ചവത്സര എൽഎൽ.ബി. പ്രവേശനത്തിത് 45 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ത്രിവത്സര എൽഎൽ.ബി.ക്ക് 45 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. രണ്ടിലും എസ്.ഇ.ബി.സി.ക്കാർക്ക് 42-ഉം പട്ടിക വിഭാഗക്കാർക്ക് 40-ഉം ശതമാനം മാർക്ക് മതി. വിവരങ്ങൾക്ക്: www.cee.kerala.gov.in

പ്രത്യേകം പ്രവേശനപരീക്ഷകൾ വഴിയാണ് രണ്ടിലെയും പ്രവേശനം. പരീക്ഷകൾക്ക് പൊതുവായ ഘടനയാണ്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് ജനറൽ ഇംഗ്ലീഷ്, ജനറൽ നോളജ്, അരിത്മറ്റിക് ആൻഡ് മെന്റൽ എബിലിറ്റി, ആപ്റ്റിറ്റിയൂഡ് ഫോർ ലീഗൽ സ്റ്റഡീസ് എന്നീ വിഷയങ്ങളിൽനിന്ന് മൂന്നു മാർക്കു വീതമുള്ള 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് വീതം കുറയ്ക്കും. പ്രവേശന പരീക്ഷയിൽ യോഗ്യത നേടാൻ പത്തുശതമാനം മാർക്ക് നേടണം. പട്ടിക വിഭാഗക്കാർ അഞ്ച് ശതമാനവും.

രണ്ടു വർഷ എൽഎൽ.എം. പ്രോഗ്രാം പ്രവേശനത്തിന് 50 ശതമാനം മാർക്കോടെ 3/5 വർഷ എൽഎൽ.ബി. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. എൽഎൽ.ബി. നിലവാരമുള്ള, രണ്ടു ഭാഗങ്ങളിലായി 200 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള രണ്ട് മണിക്കൂർ ദൈർഘ്യമുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും പ്രവേശനം. മൂന്നു പ്രോഗ്രാമുകളുടെയും അപേക്ഷ www.cee.kerala.gov.in വഴി ജൂലായ് 28-ന് വൈകീട്ട് നാലുവരെ നൽകാം. ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷകളുടെ തീയതി പിന്നീട്.

Content Highlights: Three year, Five Year LLB programs in Kerala Law colleges