അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍, ബിരുദതലം മുതല്‍ മാസ്റ്റേഴ്‌സ് തലം വരെ ആകര്‍ഷകമായ ഫെലോഷിപ്പോടെ പഠിക്കാന്‍ അവസരം.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പാണ് പ്ലസ് ടു സയന്‍സ് പഠിച്ചവര്‍ക്ക് കിഷോര്‍ വൈജ്ഞാനിക് പ്രോത്സാഹന്‍ യോജന (കെ.വി.പി.വൈ.) വഴിയാണ് അവസരം ഒരുക്കുന്നത്. നവംബര്‍ ഏഴിന് നടക്കുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത കെ.വി.പി.വൈ. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ www.kvpy.iisc.ernet.in വഴി ഓഗസ്റ്റ് 25 വരെ നല്‍കാം.

ബിരുദപഠനത്തിന് മാസം 5000 രൂപ ഫെലോഷിപ്പ് ലഭിക്കും. കണ്ടിജന്‍സി ഗ്രാന്റായി വര്‍ഷം 20,000 രൂപയും മാസ്റ്റഴ്‌സ് പഠനത്തിന് ഇത് യഥാക്രമം 7000 രൂപ, 28000 രൂപ എന്ന തോതിലേക്ക് ഉയര്‍ത്തും

യോഗ്യത

2021'22 വര്‍ഷത്തില്‍ സയന്‍സ് സ്ട്രീമില്‍ 11, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍, സയന്‍സ് ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ ആദ്യ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് യഥാക്രമം SA, SX, SB സ്ട്രീമുകളില്‍ അപേക്ഷിക്കാം.

11, 12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് ഈ വര്‍ഷം ഫെലോഷിപ്പ് അര്‍ഹത ലഭിച്ചാലും ബിരുദ പ്രവേശനം നേടിയ ശേഷമേ ഫെലോഷിപ്പ് ലഭിക്കൂ. ഇപ്പോള്‍ 11ല്‍ പഠിക്കുന്നവര്‍ക്ക് 2023'24 മുതലും 12 ല്‍ പഠിക്കുന്നവര്‍ക്ക് 2022 -23 മുതലും ഫെലോഷിപ്പ് ലഭിക്കും. അവര്‍ പ്ലസ് ടു തല ബോര്‍ഡ് പരീക്ഷയില്‍ മാത്തമാറ്റിക്‌സിനും സയന്‍സ് വിഷയങ്ങള്‍ക്കും (ഫിസിക്‌സ്/ കെമിസ്ട്രി/ബയോളജി) കൂടി മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം) നേടിയിരിക്കണം.

2021-22 ല്‍ ബിരുദ പോഗ്രാം ആദ്യവര്‍ഷം പഠിക്കുന്നവര്‍ക്ക് 2021- 22 മുതല്‍ ഫെലോഷിപ്പ് ലഭിക്കും. അവര്‍ ആദ്യവര്‍ഷ ബിരുദ തല പരീക്ഷയില്‍ മൊത്തത്തില്‍ 60 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷിക്കാര്‍ക്ക് 50 ശതമാനം) നേടണം.

മറ്റു നേട്ടങ്ങള്‍
ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ നാല് വര്‍ഷ ബി.എസ്. (റിസര്‍ച്ച്), ഐസര്‍ ബി. എസ്  എം.എസ്. പ്രവേശനം എന്നിവ ഇതില്‍ ഉള്‍പ്പെടും. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ അഞ്ച് വര്‍ഷ എം. എസ്‌സി. പ്രോഗ്രാം പ്രവേശനത്തില്‍ കെ.വി.പി.വൈ. ഫെലോസിനെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റി (കാറ്റ്) ല്‍ ഒഴിവാക്കിയിട്ടുണ്ട്.

ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ പ്ലസ് ടു കഴിഞ്ഞവര്‍ക്കായുള്ള ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പ്രവേശന പ്രക്രിയയില്‍ എന്‍ട്രന്‍സ് ടെസ്റ്റില്‍നിന്ന് കെ.വി.പി.വൈ. സ്‌കോളര്‍മാരെ ഒഴിവാക്കാറുണ്ട്.

Content Highlights: Those who have passed Plus Two can study science with a fellowship