നാഷണല്‍ കൗണ്‍സില്‍ ഓഫ് എജ്യുക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്‍.ടി.) സ്ഥാപനമായ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ (ആര്‍.ഐ.ഇ.) നടത്തുന്ന വിവിധ അധ്യാപന യോഗ്യതാ പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം. അജ്‌മേര്‍, ഭോപാല്‍, ഭുവനേശ്വര്‍, മൈസൂര്‍ എന്നീ ആര്‍.ഐ.ഇ.കള്‍, ഷില്ലോങ് നോര്‍ത്ത് ഈസ്റ്റേണ്‍ ആര്‍.ഐ. ഇ. എന്നിവിടങ്ങളിലാണ് പ്രവേശനം.

കോഴ്‌സുകള്‍

ബിരുദത്തോടൊപ്പം (ബി.എസ്‌സി./ബി.എ.) ഹൈസ്‌കൂള്‍തല അധ്യാപകരാകാന്‍ വേണ്ട ബി.എഡ്. യോഗ്യതയും ചേര്‍ന്നുള്ള നാല് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍; എം.എസ്‌സി.ക്കൊപ്പം സയന്‍സില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരാകാന്‍ വേണ്ട ബി.എഡും ചേര്‍ന്നുള്ള ആറ് വര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയ്ക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രോഗ്രാമിനനുസരിച്ച് പ്ലസ്ടു തലത്തില്‍ പഠിച്ചിരിക്കേണ്ട വിഷയത്തില്‍ മാറ്റമുണ്ടാകും.

പ്രോഗ്രാമും പ്ലസ്ടുവില്‍ പഠിച്ചിരിക്കേണ്ട വിഷയങ്ങളും

* ബി.എസ്‌സി. ബി.എഡ്. (ഫിസിക്കല്‍ സയന്‍സ്)  ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്

* ബി.എസ്‌സി. ബി.എഡ്. (ബയോളജിക്കല്‍ സയന്‍സസ്)  ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്‌നോളജി

* ബി.എ.ബി.എഡ്.: സയന്‍സ്/ കൊമേഴ്‌സ്/ആര്‍ട്‌സ് സ്ട്രീമില്‍ പ്ലസ്ടു

* എം.എസ്‌സി.എഡ്. (ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്)  പ്ലസ് ടു തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്

ഈ മൂന്നു പ്രോഗ്രാമുകള്‍ക്കും പ്ലസ് ടു 2019/2020ല്‍ ജയിച്ചവര്‍ക്കും 2021ല്‍ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

മറ്റു പ്രോഗ്രാമുകളും പ്രവേശന യോഗ്യത:

* രണ്ടുവര്‍ഷ ബി.എഡ്.: സയന്‍സ് ബിരുദം അല്ലെങ്കില്‍ സയന്‍സ്/മാത്തമാറ്റിക്‌സ് സ്‌പെഷ്യലൈസേഷനോടെയുള്ള ബി.ടെക്./ബി.ഇ. അല്ലെങ്കില്‍ സോഷ്യല്‍ സയന്‍സസ്/ഹ്യുമാനിറ്റീസ്/കൊമേഴ്‌സ് ബാച്ചലര്‍ ബിരുദം.

* രണ്ടു വര്‍ഷ എം.എഡ്: ബി.എഡ്./ ബി. എ.ബി.എഡ്./ബി.എ.എഡ്./ബി.എസ്‌സി. ബി.എഡ്./ ബി.എസ്‌സി.എഡ്. /ബി.എല്‍.എഡ്. കൂടാതെ ആര്‍ട്‌സ്/സയന്‍സ് ബാച്ചലര്‍ ബിരുദവും ഡി.എല്‍.എഡ്. ഉം ഉള്ളവര്‍ക്കും അപേക്ഷിക്കാം.

എല്ലാ പ്രോഗ്രാമുകള്‍ക്കും യോഗ്യതാപരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/ഇ.ഡബ്ല്യു.എസ്./ ഭിന്നശേഷിക്കാര്‍ക്ക് 45 ശതമാനം) മൊത്തത്തില്‍ വേണം. വിവിധ കേന്ദ്രങ്ങളിലുള്ള ബി.എഡ്., എം.എഡ്., ബി.എസ്‌സി./ബി.എ. ബി.എഡ്. പ്രോഗ്രാമുകള്‍ക്ക് അപേക്ഷാര്‍ഥിയുടെ താമസസ്ഥലം പരിഗണിച്ച് നിശ്ചിത കേന്ദ്രത്തിലേക്കേ അപേക്ഷിക്കാനാകൂ. കേരളത്തിലെ അപേക്ഷകര്‍ക്ക് മൈസൂരുവിലേക്ക് അപേക്ഷിക്കാം.

പ്രവേശനപരീക്ഷ

അഡ്മിഷന്റെ ഭാഗമായി ജൂലായ് 18-ന് രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പൊതു പ്രവേശനപരീക്ഷ (സി.ഇ.ഇ.) ഉണ്ടാകും. പരീക്ഷയുടെ സിലബസ്, മുന്‍ വര്‍ഷത്തെ ചോദ്യപ്പേപ്പര്‍ എന്നിവ https://cee.ncert.gov.in/ ല്‍ നല്‍കിയിട്ടുണ്ട്. അപേക്ഷ https://cee.ncert.gov.in വഴി ജൂണ്‍ 30 വരെ നല്‍കാം.

Content Highlights: Teachers education course for Plus two qualified, apply by June 30, NCERT