മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് (ടിസ്) തുല്‍ജാപുര്‍ (മഹാരാഷ്ട്ര), ഗുവാഹാട്ടി (അസം) കേന്ദ്രങ്ങളിലെ ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. ബി.എ. സോഷ്യല്‍ സയന്‍സസ് പ്രോഗ്രാം രണ്ടു കാമ്പസുകളിലും ഉണ്ട്.

ബി.എ. (ഓണേഴ്‌സ്) ഇന്‍ സോഷ്യല്‍ വര്‍ക്ക് സ്‌പെഷ്യലൈസേഷന്‍ ഇന്‍ റൂറല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം, തുല്‍ജാപുറില്‍ മാത്രം. ഏതെങ്കിലും സ്ട്രീമില്‍ പ്ലസ്ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക്/ഫലം കാത്തിരിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന സമയത്ത് യോഗ്യത തെളിയിക്കണം. 2021 സെപ്റ്റംബര്‍ 18ന് ഉയര്‍ന്ന പ്രായപരിധി 20 വയസ്സ്. ഒ.ബി.സി.ക്കാര്‍ക്ക് 22, പട്ടിക വിഭാഗം 24.

ടിസ് ബാച്ചിലേഴ്‌സ് അഡ്മിഷന്‍ ടെസ്റ്റ് (ടിസ് ബാറ്റ്) വഴിയാണ് പ്രവേശനം. പരീക്ഷ സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെ ഓണ്‍ലൈന്‍ റിമോട്ട് പ്രോക്ടേഡ് അസസ്‌മെന്റ് രീതിയില്‍ നടത്തും. പരീക്ഷയ്ക്ക് വെര്‍ബല്‍ എബിലിറ്റി, മാത്തമാറ്റിക്‌സ് ആന്‍ഡ് ലോജിക്കല്‍ റീസണിങ്, ജനറല്‍ അവയര്‍നസ് എന്നിവയില്‍നിന്നു ഒരു മാര്‍ക്കുവീതമുള്ള 20 വീതം ചോദ്യങ്ങള്‍ ഉണ്ടാകും. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് നഷ്ടപ്പെടില്ല. അപേക്ഷ admissions.tiss.edu വഴി സെപ്റ്റംബര്‍ 13 വരെ നല്‍കാം. ചില സംവരണ വിഭാഗക്കാര്‍ക്ക് കുടുംബവരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷാഫീസില്‍ ഇളവുണ്ട്.

Content Highlights: Tata Institute of Social Sciences Admissions