ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് (ഐ.ഐ.എ.), ജൂലായ് 12 മുതല്‍ 16 വരെ നടത്തുന്ന ഓണ്‍ലൈന്‍ സമ്മര്‍ സ്‌കൂള്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഒബ്‌സര്‍വേഷണല്‍ ആസ്‌ട്രോണമി, തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്‌സ്, ബന്ധപ്പെട്ട ഫിസിക്‌സ് എന്നീ മേഖലകളിലെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐ.ഐ.എ.യിലെ ഈ സമ്മര്‍ പ്രോഗ്രാം കോളേജ്, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഈ മേഖലയിലെ ഗവേഷണങ്ങളിലേക്ക് കടക്കാന്‍ പ്രചോദനം നല്‍കുക എന്ന ഉദ്ദേശ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്.

ആസ്‌ട്രോണമി, ആസ്‌ട്രോഫിസിക്‌സ് മേഖലകളിലെ ഗവേഷണങ്ങള്‍ പരിചയപ്പെടാന്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കുന്നു. ലക്ചറുകള്‍, ട്യൂട്ടോറിയലുകള്‍, ഡെമോണ്‍സ്‌ട്രേഷനുകള്‍ എന്നിവ ഉണ്ടാകും.

സോളാര്‍ ഫിസിക്‌സ്, സ്റ്റാര്‍സ് ആന്‍ഡ് ഇന്റര്‍സ്റ്റെല്ലാര്‍ മീഡിയം, ഗാലക്‌സീസ് ആന്‍ഡ് ഇന്റര്‍ ഗാലാക്ടിക് മീഡിയം, ആസ്‌ട്രോണമിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍, എക്‌സ്‌പോ പ്ലാനറ്റ്‌സ്, കോസ്‌മോളജി തുടങ്ങിയ മേഖലകളും പരിചയപ്പെടാന്‍ അവസരം ലഭിക്കും

ഫിസിക്‌സ്/ആസ്‌ട്രോണമി എന്നിവയിലെ എം.എസ്‌സി./ഇന്റഗ്രേറ്റഡ് എം.എസ്‌സി./ഇന്റഗ്രേറ്റഡ് ബി.എസ്.എം.എസ്. എന്നീ പ്രോഗ്രാമുകള്‍, ബി.ഇ./ബി.ടെക്. പ്രോഗ്രാം എന്നിവയിലെ പ്രീ ഫൈനല്‍ വര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ https://www.iiap.res.in/summer_school/ വഴി ജൂലായ് ഒന്നുവരെ നല്‍കാം.

Content Highlights: Summer school in Astrophysics Institute, apply now