ബിരുദതല ശാസ്ത്രപഠനം മികവുറ്റതാക്കാൻ, കേന്ദ്ര ബയോടെക്നോളജി വകുപ്പ് ആവിഷ്കരിച്ച 'സ്റ്റാർ കോളേജ് സ്കീം' പ്രകാരമുള്ള സഹായത്തിന് അപേക്ഷിക്കാം. വിദ്യാർഥികൾക്ക് ശാസ്ത്രപഠനത്തിന്റെ ഭാഗമായി ലഭിക്കുന്ന പ്രായോഗിക പരിശീലനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പ്രവൃത്തികൾക്ക് ഈ ഘടകത്തിലൂടെ സഹായം ലഭിക്കുന്നു.

ഫാക്കൽറ്റികളുടെ അടിസ്ഥാനശാസ്ത്രം, സവിശേഷ സമ്പ്രദായങ്ങൾ എന്നിവയിലെ വിജ്ഞാനം മെച്ചപ്പെടുത്തുക, അടിസ്ഥാന സൗകര്യങ്ങൾ വിദ്യാർഥികൾക്കു ലഭ്യമാക്കുക, വിദ്യാർഥികൾക്ക് ആവശ്യമായ കൺസ്യൂമബിൾസ്, റീഏജന്റ്സ്, കെമിക്കൽസ് എന്നിവ ഉറപ്പാക്കുക, വിമർശനപരമായ വിചാരശക്തി വളർത്തിയെടുക്കാൻ ഉതകുന്ന പഠനത്തിന്റെ രൂപകല്പനയ്ക്കും നടത്തിപ്പിനും പ്രായോഗിക പരിശീലനം നൽകുക, ബുക്കുകൾ, ഇ-ജേണലുകൾ ഉൾപ്പെടെയുള്ള ജേണലുകൾ ലഭ്യമാക്കുക തുടങ്ങിയവ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

സഹായത്തിന്റെ ഭാഗമായി സയൻസ് ഡിപ്പാർട്ട്മെന്റുകൾക്ക് (i) ഒറ്റത്തവണ ഗ്രാന്റ് ആയി 10 ലക്ഷം രൂപ (ii) പ്രതിവർഷം മൂന്ന് ലക്ഷം രൂപ തോതിൽ മൂന്ന് വർഷത്തേക്ക് ആവർത്തന ഗ്രാന്റ് (iii) കണ്ടിൻജൻസി ഗ്രാന്റ് ആയി വർഷം ഒരു ലക്ഷം രൂപ എന്നിവ ലഭിക്കും. സ്ഥാപനത്തിലെ സയൻസ് ഡിപ്പാർട്ട്മെന്റുകളുടെ എണ്ണത്തിനനുസരിച്ച് 1/2/3 ലക്ഷം രൂപ; യാത്ര, മെന്ററിങ് എന്നിവയ്ക്ക് അനുവദിക്കും.

പദ്ധതിയുടെ വിശദമായ മാർഗരേഖ www.dbtindia.gov.in ൽ ലഭിക്കും. അപേക്ഷ https://www.dbtepromis.nic.in വഴി നൽകാം. പ്രപ്പോസലിന്റെ ഹാർഡ് കോപ്പി പൂർത്തിയാക്കിയത് ജൂൺ 15-നകം മാർഗനിർദേശരേഖയിൽ നൽകിയിട്ടുള്ള വിലാസത്തിൽ ലഭിക്കണം. ഉൾപ്രദേശങ്ങളിലെ സ്ഥാപനങ്ങളുടെ അപേക്ഷ ജൂൺ 30 വരെ സ്വീകരിക്കും.

Content Highlights: Star college Scheme by Central Biotechnology Department