സ്‌പോര്‍ട്‌സ് രംഗത്ത് മാനേജീരിയല്‍ സ്ഥാനങ്ങള്‍ തേടാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിടുന്ന രണ്ടുവര്‍ഷത്തെ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എക്‌സിക്യുട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് റോഹ്തക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ചു.

ദേശീയ, അന്തര്‍ദേശീയ തലത്തില്‍ സ്‌പോര്‍ട്‌സ് മേഖലയുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക, പ്രാവര്‍ത്തിക, കാര്യനിര്‍വഹണ, നിയമ, ബ്രാന്‍ഡിങ് തത്ത്വങ്ങള്‍ മനസ്സിലാക്കാന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ സാധിക്കും. യു.കെ.യിലെ അള്‍സ്റ്റര്‍ സര്‍വകലാശാലയില്‍ എം.എസ്സി. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പഠനത്തിനും അവസരം ലഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ https://admission.iimrohtak.ac.in-ലെ പ്രോഗ്രാം ബ്രോഷറിലുണ്ട്.

ഓണ്‍ലൈന്‍, ഓഫ്ലൈന്‍ രീതികളില്‍ നടത്തുന്ന സെഷനുകള്‍ കൂടാതെ തത്സമയ പ്രോജക്ടുകള്‍, വ്യാവസായിക സന്ദര്‍ശനങ്ങള്‍, ഇന്‍കാമ്പസ് മൊഡ്യൂളുകള്‍ എന്നിവയുണ്ടാകും. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ/തുല്യ ഒ.ജി.പി.എ.യോടെ ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിലെ പ്രവൃത്തിപരിചയത്തിന് പരിഗണന ലഭിക്കും.

ഓണ്‍ലൈനായി നടത്തുന്ന സ്‌പോര്‍ട്‌സ് ആപ്റ്റിറ്റിയൂഡ് അസസ്മെന്റ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അപേക്ഷ ജൂലായ് 19 വരെ ഓണ്‍ലൈനായി നല്‍കാം.

Content Highlights: Sport management diploma