സാമ്പത്തിക വളർച്ചയിൽ നിർണായക സ്ഥാനമുള്ള നിക്ഷേപ സമാഹരണ, പണമിടപാടു മുന്നേറ്റങ്ങൾക്കു സഹായകരമായ സെക്യൂരിറ്റീസ് മേഖലയെക്കുറിച്ചു പഠിക്കാൻ അവസരം. സെക്യൂരിറ്റീസ്, കമ്മോഡിറ്റി മാർക്കറ്റ് എന്നിവയുടെ നിയന്ത്രണ സമിതിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ വിദ്യാഭ്യാസസംരംഭമായ മഹാരാഷ്ട്രയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് (എൻ.ഐ.എസ്.എം.) ആണ്. ഈ മേഖല പ്രവൃത്തിമണ്ഡലമായി മാറ്റാൻ ആഗ്രഹിക്കുന്നവർക്കായും ഒരു പ്രൊഫഷണലൈസ്ഡ് സെക്യൂരിറ്റീസ് മാർക്കറ്റ് രൂപപ്പെടുത്തുന്നതിലേക്കുമാണ് വിവിധ പ്രോഗ്രാമുകളിലൂടെ അവസരമൊരുക്കുന്നത്.

പ്രോഗ്രാമുകൾ, യോഗ്യത:

* പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ പോർട്ഫോളിയോ മാനേജ്മെന്റ്/ ഇൻവെസ്റ്റ്മെന്റ് അഡൈ്വസറി/റിസർച്ച് അനാലിസിസ്: 15 മാസത്തെ വീക്ക് എൻഡ് പ്രോഗ്രാം - സൂചിപ്പിച്ച മേഖലകൾക്ക് ഊന്നൽനൽകി സെക്യൂരിറ്റീസ് മാർക്കറ്റുകളെക്കുറിച്ച് അറിവു നേടാനും അടുത്തറിയാനും സഹായകരമാകുന്ന പ്രോഗ്രാമിലേക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദധാരികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.nism.ac.in/pgpipr - അവസാന തീയതി: ഏപ്രിൽ 10.

* പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മാനേജ്മെന്റ് (സെക്യൂരിറ്റീസ് മാർക്കറ്റ്): സെക്യൂരിറ്റീസ് മാർക്കറ്റ്സിൽ അഭിനിവേശമുള്ള അതിന്റെ ആഴത്തിലുള്ള അറിവിലും ആ മേഖലയിൽ ഒരു കരിയർ രൂപപ്പെടുത്തുന്നതിലും താത്‌പര്യമുള്ളവരെ ലക്ഷ്യമിടുന്നതാണ്. രണ്ടുവർഷ ഫുൾ ടൈം റെസിഡൻഷ്യൽ പ്രോഗ്രാം. 50 ശതമാനം മാർക്കോടെ (സംവരണ വിഭാഗക്കാർക്ക് 45 ശതമാനം) ബിരുദം വേണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. കാറ്റ്, സാറ്റ് (XAT), സിമാറ്റ്, ആത്മ (എ.ടി.എം.എ.), മാറ്റ്, ജിമാറ്റ്, എം.എച്ച്.-സി.ഇ.ടി. (മാനേജ്മെന്റ്) യോഗ്യത നേടിയിരിക്കണം. അപേക്ഷ, www.nism.ac.in/pgdm വഴി ഏപ്രിൽ 30 വരെ നൽകാം.

* എൽഎൽ.എം. പ്രോഗ്രാം ഇൻ ഇൻവെസ്റ്റ്മെന്റ് ആൻഡ് സെക്യൂരിറ്റീസ് ലോസ്: മുംബൈ മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി (എം.എൻ.എൽ.യു.)യുമായി സഹകരിച്ച് എൻ.ഐ.എസ്.എം. നടത്തുന്ന ഒരു വർഷ ഫുൾ ടൈം റെസിഡൻഷ്യൽ പ്രോഗ്രാം. വിദ്യാർഥികളെയും വർക്കിങ് ലീഗൽ പ്രൊഫഷണലുകളെയും ഉദ്ദേശിച്ച് നടത്തുന്നത്. ഈ മേഖലയിലെ നിയമങ്ങളുമായി ബന്ധപ്പെട്ട അഡ്വാൻസ്ഡ് പ്രോഗ്രാമാണ്. എൽഎൽ.ബി. ബിരുദം 50 ശതമാനം മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 45 ശതമാനം) വേണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ www.nism.ac.in/ll-m വഴി മേയ് 13 വരെ നൽകാം. വിവരങ്ങൾക്ക്: www.nism.ac.in/academics

Content Highlights: Securities markets course in NISM, SEBI