കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ 17 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന രണ്ടുവര്‍ഷ ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് പോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. എറണാകുളം (മൂന്ന് കേന്ദ്രങ്ങള്‍), കോഴിക്കോട്, കണ്ണൂര്‍, കോട്ടയം (രണ്ട് വീതം), തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്ളത്.

ഒരു കേന്ദ്രത്തില്‍ പരമാവധി 60 പേര്‍ക്ക് പ്രവേശനം നല്‍കും. കേന്ദ്രങ്ങളുടെ വിവരങ്ങളും അപേക്ഷയും http://sitttrkerala.ac.in- ല്‍ ലഭിക്കും.

സെക്രട്ടേറിയല്‍ പ്രാക്ടീസ്, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് എന്നീ വിഷയങ്ങള്‍ സംയോജിച്ചുള്ളതാണ് പാഠ്യപദ്ധതി. വേഡ് പ്രോസസിങ് (ഇംഗ്ലീഷ്, മലയാളം), ഡി.ടി.പി. (ഇംഗ്ലീഷ്, മലയാളം), ഡേറ്റാ എന്‍ട്രി, ഫോട്ടോഷോപ്പ്, ടാലി, ടൈപ്‌റൈറ്റിങ്, ഷോര്‍ട്ട് ഹാന്‍ഡ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ബിസിനസ് കമ്യൂണിക്കേഷന്‍, പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിലെ നൈപുണി വികസനത്തിന് പ്രോഗ്രാം അവസരമൊരുക്കുന്നു.

ഇംഗ്ലീഷ് ഷോര്‍ട്ട് ഹാന്‍ഡും ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ്ങും ഹയര്‍ഗ്രേഡിനും മലയാളം ഷോര്‍ട്ട് ഹാന്‍ഡും മലയാളം ടൈപ്പ് റൈറ്റിങ്ങും ലോവര്‍ ഗ്രേഡിനും ഇംഗ്ലീഷ് വേഡ് പ്രോസസിങ് ഹയര്‍ ഗ്രേഡിനും തത്തുല്യമായി ഈ പ്രോഗ്രാം അംഗീകരിച്ചിട്ടുണ്ട്.

ഉന്നതപഠനത്തിനുള്ള അര്‍ഹതയോടെ, എസ്.എസ്.എല്‍.സി./തത്തുല്യ പ്രോഗ്രാം ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല.

പൂരിപ്പിച്ച അപേക്ഷയും രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രവേശനം തേടുന്ന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ഒന്നിന് വൈകീട്ട് നാലിനകം നല്‍കണം. ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാന്‍ ഓരോന്നിലേക്കും പ്രത്യേകം അപേക്ഷ നല്‍കണം.

Content Highlights: Secretarial practice diploma in commercial institute