സ്‌കോള്‍കേരള മുഖേന 2021-23 ബാച്ചിലേക്ക് ഹയര്‍ സെക്കന്‍ഡറി ഓപ്പണ്‍ റെഗുലര്‍, പ്രൈവറ്റ്, സ്‌പെഷ്യല്‍ കാറ്റഗറി (പാര്‍ട്ട് III) എന്നീ വിഭാഗങ്ങളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ സര്‍ക്കാര്‍ അംഗീകൃത തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഉയര്‍ന്ന പ്രായപരിധി ഇല്ല. ഓപ്പണ്‍ റെഗുലര്‍ വിഭാഗത്തില്‍ സയന്‍സ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് ഗ്രൂപ്പുകളില്‍ പ്രാക്ടിക്കല്‍, പ്രാക്ടിക്കല്‍ ഇതര സബ്ജക്ട് കോമ്പിനേഷനുകളുണ്ട്. ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വയം പഠനസഹായികളും ലാബ് സൗകര്യവും പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകളും ലഭിക്കും. www.scolekerala.org വഴി രജിസ്റ്റര്‍ ചെയ്യാം. പിഴകൂടാതെ ഡിസംബര്‍ 15 വരെയും 60 രൂപ പിഴയോടെ 22 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം നിര്‍ദിഷ്ടരേഖകള്‍ സഹിതമുള്ള അപേക്ഷകള്‍ ജില്ലാ ഓഫീസുകളില്‍ നേരിട്ടും സംസ്ഥാന ഓഫീസില്‍ നേരിട്ടും തപാല്‍മാര്‍ഗവും എത്തിക്കാവുന്നതാണ്.

Content Highlights: scole kerala plus one admission