സൈന്യത്തില്‍ ഓഫീസര്‍ തസ്തികയില്‍ ജോലിനേടാനുള്ള ആദ്യപടിയാണ് സൈനിക സ്‌കൂളുകള്‍. അതിലേക്ക് കുട്ടികളെ ആകര്‍ഷിക്കാനും ശാരീരികവും മാനസികവുമായ പരിശീലനം നല്കാനും തിരുവനന്തപുരത്തേതുള്‍പ്പെടെ രാജ്യത്തുള്ളത് 26 സൈനിക സ്‌കൂളുകള്‍. ചിട്ടയായ പഠനവും കായികപരിശീലനവുമാണ് പ്രത്യേകത. ഏതുപ്രതിസന്ധിയെയും അതിജീവിക്കാനും നേരിടാനും ഇത് കരുത്തേകും.

പുണെ ഖഡക്‌വാസ്‌ലയിലുള്ള നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍.ഡി.എ), കണ്ണൂര്‍ ഏഴിമല നേവല്‍ അക്കാദമി (എന്‍.എ) എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം സൈനികസ്‌കൂളിലെ പഠനം എളുപ്പമാക്കും. പ്രതിരോധമന്ത്രാലയത്തിനാണ് സ്‌കൂളുകളുടെ നിയന്ത്രണം. പഠനം സി.ബി.എസ്.ഇ. സിലബസിലും.

കഴക്കൂട്ടത്താണ് കേരളത്തിലെ സൈനികസ്‌കൂള്‍. എന്‍.ഡി.എ.യിലേക്ക് കൂടുതല്‍ കുട്ടികളെ പ്രവേശനയോഗ്യരാക്കിയതിന് അഞ്ചുതവണ ഡിഫന്‍സ് മിനിസ്റ്റേഴ്‌സ് ട്രോഫിയും സ്‌കൂളിന് ലഭിച്ചിട്ടുണ്ട്. അടുത്ത അധ്യയനവര്‍ഷത്തിലെ ആറ്്, ഒമ്പത് ക്ലാസുകളിലേക്കാണ് ഇപ്പോള്‍ അപേക്ഷിക്കാവുന്നത്. 1962ല്‍ തുടങ്ങിയ സ്‌കൂളില്‍ 10, 12 ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയില്‍ നൂറുശതമാനം വിജയമാണ്. 

അഞ്ച് പരീക്ഷാകേന്ദ്രങ്ങള്‍

സൈനിക സ്‌കൂള്‍ കൂടാതെ കോഴിക്കോട്, പാലക്കാട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്. ജനുവരി ഏഴിനാണ് പ്രവേശന പരീക്ഷ. ഒബ്ജക്ടീവ് പരീക്ഷയാണ് രണ്ടുക്ലാസുകാര്‍ക്കും നടത്തുന്നത്. കണക്ക്, പൊതുവിജ്ഞാനം, ഭാഷ, ബുദ്ധിവൈഭവം എന്നിവയില്‍ ആകെ 300 മാര്‍ക്ക്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷയില്‍ എഴുതാം. ഒന്‍പതാംക്ലാസ് പ്രവേശനപരീക്ഷ 400 മാര്‍ക്കിനാണ്. കണക്ക്, ഇംഗ്ലീഷ്, ബുദ്ധിവൈഭവം, ജനറല്‍ സയന്‍സ്, സാമൂഹികശാസ്ത്രം എന്നിവയാണ് വിഷയങ്ങള്‍. ഇംഗ്ലീഷിലാണ് എഴുതേണ്ടത്. പ്രവേശനപരീക്ഷയില്‍ കണക്കിനാണ് മുന്‍തൂക്കം.

മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ 

പ്രോസ്‌പെക്ടസും അപേക്ഷാഫോമും മുന്‍വര്‍ഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവര്‍ The Principal, Sainik School, Kazhakoottam, Thiruvananthapuram 695581 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. Principal, Sainik School, Kazhakoottam എന്ന പേരില്‍ തിരുവനന്തപുരത്തുമാറാവുന്ന 450 രൂപയുടെ ഡി.ഡി.കൂടി അയക്കണം. പട്ടികവിഭാഗക്കാര്‍ക്ക് 300 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാല്‍മതി. നേരിട്ടുവാങ്ങുന്നവര്‍ക്ക് യഥാക്രമം 400 രൂപയും 250 രൂപയുമാണ്.  

പ്രവേശനം ആണ്‍കുട്ടികള്‍ക്ക് 

ആറാം ക്ലാസില്‍ 60 ഉം ഒമ്പതില്‍ പത്തുസീറ്റുമുണ്ട്. പ്രവേശനസമയത്ത് ഒഴിവുകളുടെ എണ്ണമനുസരിച്ച് വ്യത്യാസം വരാം. ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2007 ജൂലായ് രണ്ടിനും 2008 ജൂലായ് ഒന്നിനും ഇടയ്ക്ക് ജനിച്ചവരാകണം. ഒന്‍പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2004 ജൂലായ് രണ്ടിനും 2005 ജൂലായ് ഒന്നിനും ഇടയ്ക്ക് ജനിച്ചവരാകണം. ഏതെങ്കിലും അംഗീകൃതസ്‌കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരുമാകണം. 

സ്‌കോളര്‍ഷിപ്പ്

രക്ഷിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സ്‌കോളര്‍ഷിപ്പുകളുണ്ട്. പ്രവേശനപരീക്ഷയ്ക്കു പുറമേ അഭിമുഖത്തിന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് പട്ടികയില്‍നിന്നാകും പ്രവേശനം.

ശ്രദ്ധിക്കാന്‍

  • അപേക്ഷാഫോറം നവംബര്‍ 30 വരെ. 
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ അഞ്ച്. 
  • അപേക്ഷ www.sainikschooltvm.nic.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. 
  • മറ്റ് സംസ്ഥാനങ്ങളിലേക്കും കേരളത്തിലുള്ളവര്‍ക്ക് അപേക്ഷിക്കാം. അതിന് അവിടത്തെ  സ്‌കൂളുകളുടെ വെബ്‌സൈറ്റ് വിലാസം ഉപയോഗിക്കണം.