റോത്തക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ലോ (ഐ.പി.എൽ.) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ബിസിനസ് മാനേജ്മെന്റ്, ലോ, ഗവേണൻസ് എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന ഇന്റർ ഡിസിപ്ലിനറി സ്വഭാവമുള്ളതാണ് പാഠ്യപദ്ധതി. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഇന്റഗ്രേറ്റഡ് ബി.ബി.എ.-എൽഎൽ.ബി. ബിരുദം ലഭിക്കും. എക്സിറ്റ് ഓപ്ഷൻ ഇല്ല.

അപേക്ഷാർഥി പ്ലസ്ടു ജയിച്ചിരിക്കണം. 10, 12 ക്ലാസുകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. പ്രായം 2021 ജൂലായ് 31-ന് 20 കവിയരുത്. പന്ത്രണ്ടാംക്ലാസ് പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ https://www.iimrohtak.ac.in -ലെ പ്രോഗ്രാം ലിങ്ക് വഴി മേയ് 31 വരെ നൽകാം. അപേക്ഷാഫീസ് 3890 രൂപ.

കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) റാങ്ക് പരിഗണിച്ച് അപേക്ഷകരെ ഷോർട്ട് ലിസ്റ്റ് ചെയ്യും. ഇന്റർവ്യൂ ഉണ്ടാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.

Content Highlights: Rohtak IIM invites five year integrated Law course