ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിൽ 2022 ജനുവരിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശം. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലെ പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ജൂൺ അഞ്ചിന് നടക്കും.

അഡ്മിഷൻ സമയത്ത് ഏഴാംക്ലാസിൽ പഠിക്കുന്നവരോ ഏഴാം ക്ലാസ് പാസായവരോ ആവണം. 2009 ജനുവരി ഒന്നിന് മുമ്പും 2010 ജൂലായ് ഒന്നിന് ശേഷവും ജനിച്ചവർക്ക് അപേക്ഷിക്കാൻ അർഹത ഇല്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും വിവരങ്ങളും മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പറുകളും ലഭിക്കാൻ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗക്കാർക്ക് 600 രൂപയ്ക്കും എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 555 രൂപയ്ക്കും അപേക്ഷഫോറം തപാലിൽ ലഭിക്കും.

അതിന് മേൽ തുകയ്ക്കുള്ള ഡിമാൻഡ് ഡ്രാഫ്റ്റ്- ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ഡെറാഡൂൺ, ഡ്രോയീ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ, ഡെറാഡൂൺ, ഉത്തരാഖണ്ഡ് (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്നതരത്തിൽ എടുത്ത് കത്ത് സഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളേജ്, ഡെറാഡൂൺ, ഉത്തരാഖണ്ഡ്-248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകർ പൂരിപ്പിച്ച അപേക്ഷ മാർച്ച് 31-ന് മുമ്പ് ലഭിക്കുന്ന തരത്തിൽ സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷാ ഫോറം (രണ്ട് കോപ്പി), പാസ്പോർട്ട് വലുപ്പത്തിലുള്ള രണ്ട് ഫോട്ടോകൾ എന്നിവ ഒരു കവറിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

ജനന സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകർപ്പ്, സ്ഥിരമായ വാസസ്ഥലം സംബന്ധിക്കുന്ന സർട്ടിഫിക്കറ്റ് (ഡൊമിസിൽ സർട്ടിഫിക്കറ്റ്), കുട്ടി ഇപ്പോൾ പഠിക്കുന്ന സ്കൂളിലെ മേലധികാരി നിർദിഷ്ട അപേക്ഷാഫോറം സാക്ഷ്യപ്പെടുത്തുന്നതിനോടൊപ്പം ഫോട്ടോ പതിപ്പിച്ച് ജനന തീയതി അടങ്ങിയ കത്തും കുട്ടി ഏതു ക്ലാസിൽ പഠിക്കുന്നു എന്നുള്ളതും സാക്ഷ്യപ്പെടുത്തിയ രേഖ, പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ രണ്ട് പകർപ്പ്, 9.35x4.25 ഇഞ്ച് വലുപ്പത്തിലുള്ള പോസ്റ്റേജ് കവർ (അഡ്മിഷൻ ടിക്കറ്റ് ലഭിക്കേണ്ട മേൽവിലാസം എഴുതി 42 രൂപയുടെ സ്റ്റാമ്പ് പതിച്ചത്) എന്നിവ ഉള്ളടക്കം ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: www.rimc.gov.in.

Content Highlights: RIMC invites class 8 admission application