കേന്ദ്ര ആണവോർജ മന്ത്രാലയത്തിന്റെ സ്വയംഭരണ സ്ഥാപനമായ കൊൽക്കത്തയിലെ സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ്, ഓഗസ്റ്റിൽ തുടങ്ങുന്ന പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം. വിഷയങ്ങൾ: ഫിസിക്സ്, ബയോഫിസിക്കൽ സയൻസസ്.

യോഗ്യത: എം.എസ്സി. ഫിസിക്സ് യോഗ്യതയുള്ളവർക്ക് ഫിസിക്സ് പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ്ടു തലത്തിൽ ലൈഫ് സയൻസ് പഠിച്ച ഫിസിക്സ്/കെമിസ്ട്രി എം.എസ്സിക്കാർ ഫിസിക്സ്, കെമിസ്ട്രി പ്ലസ്ടു തലത്തിൽ പഠിച്ച ലൈഫ് സയൻസസ് എം.എസ്സിക്കാർ എന്നിവർക്ക് ബയോഫിസിക്കൽ സയൻസസ് പിഎച്ച്.ഡി. പ്രവേശനത്തിന് അർഹതയുണ്ട്. അപേക്ഷകരുടെ മുൻകാല അക്കാദമിക് മികവ് പരിഗണിച്ച് ആദ്യഘട്ട സ്ക്രീനിങ് നടത്തും.

രണ്ടാംഘട്ടത്തിൽ ഫിസിക്സിന് ജോയന്റ് എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്), ഫിസിക്സ് ഗേറ്റ്, ഫിസിക്സ് ജെ.ആർ.എഫ്.നുള്ള സി.എസ്.ഐ.ആർ- യു.ജി.സി. നെറ്റ് എന്നിവയും ബയോ ഫിസിക്കൽ സയൻസസിന് ജോയന്റ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോളജി ആൻഡ് ഇന്റർ ഡിസിപ്ലിനറി ലൈഫ് സയൻസസ് (ജെ.ജി.ഇ.ഇ.ബി.ഐ.എൽ.എസ്.), ജെ.ആർ.എഫ്- നുള്ള സി.എസ്.ഐ.ആർ- യു.ജി.സി./ഡി.ബി.ടി./ഐ.സി.എം.ആർ. നെറ്റ്, ലൈഫ് സയൻസസ്, ബയോടെക്നോളജി, ഫിസിക്സ്, കെമിസ്ട്രി ഗേറ്റ് എന്നിവയും പരിഗണിക്കും.

പ്രവേശനം ലഭിക്കുന്നവർക്ക് ആദ്യ വർഷം പോസ്റ്റ് എം.എസ്സി. പ്രോഗ്രാം (പ്രീ- പിഎച്ച്.ഡി. കോഴ്സ് വർക്ക്) ഉണ്ടാകും. ഫിസിക്സ് പ്രോഗ്രാമിന് തിയററ്റിക്കൽ ഫിസിക്സ്, എക്സ്പെരിമെന്റൽ ഫിസിക്സ് എന്നീ ബ്രാഞ്ചുകളിലാണ് കോഴ്സ് വർക്ക് നടത്തുക. അപേക്ഷ www.saha.ac.in വഴി മേയ് മൂന്ന് വരെ നൽകാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

Content Highlights: Research opportunity in biophysical science and physics