ന്യൂഡല്‍ഹി സി.എസ്.ഐ.ആര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ.ജി.ഐ.ബി.) പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് മാസ്റ്റേഴ്‌സ് ബിരുദം (എം.എസ്സി./എം.ടെക്./എം.ഫാം.) വേണം. ലൈഫ് സയന്‍സസ്, ബയോടെക്‌നോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, അനുബന്ധ വിഷയങ്ങള്‍ എന്നിവയിലൊന്നിലെ എതെങ്കിലും ബ്രാഞ്ചിലാകാം മാസ്റ്റേഴ്‌സ് ബിരുദം. ബി.ടെക്. (ബയോളജിക്കല്‍ സയന്‍സസ്/ ബയോളജിയിലെ താത്പര്യത്തോടെ മറ്റേതെങ്കിലും ബ്രാഞ്ച്), ബി.ഫാം., ബി.ഇ., എം.ബി.ബി.എസ്. ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക്/ഗ്രേഡ് വ്യവസ്ഥയുണ്ട്. യോഗ്യതാകോഴ്‌സ് ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായം 2021 ഏപ്രില്‍ 20-ന് 28 വയസ്സ്. വനിതകള്‍ക്കും സംവരണ വിഭാഗക്കാര്‍ക്കും ഇളവ്.

അപേക്ഷകര്‍ക്ക് ജെ.ആര്‍.എഫ്. (സി.എസ്.ഐ.ആര്‍.-യു.ജി.സി./ ഐ.സി.എം. ആര്‍./ഡി.ബി.ടി.)/ ഡി.എസ്.ടി.-ഇന്‍സ്പയര്‍/തുല്യ ഫെലോഷിപ്പ് വേണം. ഗേറ്റ്-ജെ.ആര്‍.എഫ്. ഫെലോഷിപ്പ് വ്യവസ്ഥകള്‍ തൃപ്തിപ്പെടുത്തുന്ന ബി.ഇ./ബി.ടെക്./ ബി.ഫാമുകാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ ആദ്യം അക്‌സിര്‍ വെബ്‌സൈറ്റായ http://acsir.res.in-ല്‍ അഡ്മിഷന്‍ ലിങ്കില്‍ രജിസ്റ്റര്‍ചെയ്ത് രജിസ്‌ട്രേഷന്‍ നമ്പര്‍ നേടണം. തുടര്‍ന്ന് https://www.igib.res.in-ലെ പിഎച്ച്.ഡി.അഡ്മിഷന്‍ ലിങ്ക് വഴി ഏപ്രില്‍ 20 വൈകീട്ട് ആറിനകം അപേക്ഷ നല്‍കണം. അപേക്ഷാര്‍ഥിയുടെ ശാസ്ത്ര അഭിരുചി വിലയിരുത്തുന്നതിലേക്ക് ഒരു റിസര്‍ച്ച് പ്രൊപ്പോസല്‍ അപ്ലോഡ് ചെയ്യണം. ഇത് ചെയ്യാനുദ്ദേശിക്കുന്ന ഗവേഷണവുമായി ബന്ധപ്പെട്ടാകണമെന്നില്ല. വിശദാംശങ്ങള്‍ സൈറ്റിലുണ്ട്.

Content Highlights:  Research at the Institute of Genomics and Integrative Biology