ചെന്നൈയിലെ ഐ.സി.എം.ആർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജി, സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത്; തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിക്കു വേണ്ടി നടത്തുന്ന മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എപ്പിഡമിയോളജി ആൻഡ് ഹെൽത്ത് സിസ്റ്റംസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
രണ്ടുവർഷമാണ് പ്രോഗ്രാം ദൈർഘ്യം. ഇന്ത്യയിലെ പൊതുജന ആരോഗ്യരീതികൾക്ക് ഊന്നൽ നൽകി, അതിന്റെ അടിസ്ഥാന തത്ത്വങ്ങൾ പകർന്നുനൽകാൻ കോഴ്സ് ലക്ഷ്യമിടുന്നു.
കോണ്ടാക്ട് സെഷനുകളും ഫീൽഡ് പോസ്റ്റിങ്ങുകളും ഉൾപ്പെട്ട പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള കോഴ്സിലേക്ക് സർക്കാർ, സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ബിരുദധാരികളെ പരിഗണിക്കും. പൊതുജന ആരോഗ്യഅനുബന്ധ മേഖലകളിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഉയർന്ന പ്രായപരിധി ജൂലായ് ഒന്നിന് 45 വയസ്സ്. സംവരണ വിഭാഗക്കാർ/ഐ.സി.എം.ആർ. ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രായവ്യവസ്ഥയിൽ ഇളവുകളുണ്ട്.
അപേക്ഷാമാതൃക, ഇൻഫർമേഷൻ ബ്രോഷർ എന്നിവ www.nie.gov.in ൽ നിന്ന് ഡൗൺലോഡു ചെയ്തെടുക്കാം (ഐ.സി.എം.ആർ.സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ലിങ്ക് വഴി). പൂരിപ്പിച്ച അപേക്ഷയും രേഖകളും ബ്രോഷറിൽ നൽകിയിട്ടുള്ള വിലാസത്തിൽ 2021 ജനുവരി 15-നകം ലഭിക്കണം. വിശദാംശങ്ങൾ സൈറ്റിൽ. അപേക്ഷാ ഫോം വിലയിരുത്തൽ, എഴുത്തുപരീക്ഷ (ആവശ്യമെങ്കിൽ), ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്.
Content Highlights: Public Health masters program for MBBS graduates, Medical field