ന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മദ്രാസില്‍ നിര്‍മിത ബുദ്ധി, ഡേറ്റ സയന്‍സ് വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നതിന് ഫെലോഷിപ്പ്. ഈ വിഷയങ്ങള്‍ സ്പെഷ്യലൈസ് ചെയ്യാന്‍ താത്പര്യപ്പെടുന്ന എന്‍ജിനിയറിങ് ബിരുദധാരികള്‍ക്കാണ് അവസരം. ഐ.ഐ.ടി. മദ്രാസിലെ റോബര്‍ട്ട് ബോഷ് സെന്റര്‍ ഫോര്‍ ഡേറ്റ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാണ് (ആര്‍.ബി.സി.ഡി.എസ്.എ.ഐ.) ബാക്കലൂറിയറ്റ് ഫെലോഷിപ്പ് നല്‍കുന്നത്. നിര്‍മിതബുദ്ധി, ഡേറ്റ സയന്‍സ് വിഷയങ്ങളില്‍ ലോകത്തിലെ പ്രധാന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ് ആര്‍.ബി.സി.- ഡി.എസ്.എ.ഐ.

മികച്ച അവസരം

ബിരുദപഠനം കഴിഞ്ഞ്  രണ്ടുവര്‍ഷത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കാവുന്ന മികച്ച അവസരമാണിത്. ഈ വിഷയങ്ങളില്‍ രാജ്യാന്തരതലത്തില്‍ പ്രമുഖരുമായി ആശവിനിമയം നടത്താന്‍ സാധിക്കും. നൂതനആശയങ്ങളും പുതിയ അറിവുകളും നേടാം. മികച്ച ഗൈഡുകള്‍ക്ക് കീഴില്‍ ഗവേഷണം നടത്താനുള്ള അവസരമാണ്. രണ്ടുവര്‍ഷംവരെ നീളുന്ന ഗവേഷണത്തിനിടെ ദേശീയതലത്തില്‍ നടക്കുന്ന പ്രധാന സെമിനാറുകളില്‍ പങ്കെടുക്കാനും സാധിക്കും. 

സ്‌റ്റൈപെന്‍ഡ് 40,000 രൂപ

കോവിഡ്-19 പശ്ചാത്തലത്തില്‍ പല കമ്പനികളും മികച്ച വിദ്യാര്‍ഥികള്‍ക്കുപോലും ജോലി വാഗ്ദാനം നിരസിച്ചിരിക്കുന്നതിനാല്‍ ഇത്തവണ ഫെലോഷിപ്പ് കൂടുതല്‍ പേര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. മാസം സ്‌റ്റൈപെന്‍ഡ് 40,000 രൂപയാണ്. വിദ്യാര്‍ഥികളുടെ യോഗ്യതയും പരിചയസമ്പത്തും അനുസരിച്ച് 60,000 രൂപവരെ ലഭിക്കും.

അപേക്ഷ

എല്ലാ മാസവും 20-ന് മുമ്പ് https://rbcdsai.iitm.ac.in/ വഴി അപേക്ഷിക്കാം. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന്റെ അടുത്ത മാസം ആദ്യ ആഴ്ചയില്‍ ചുരുക്കപ്പട്ടിക തയ്യാറാക്കും. അഭിമുഖവും അതേ ആഴ്ചയില്‍ നടക്കും. നടത്താന്‍ ഉദ്ദേശിക്കുന്ന ഗവേഷണത്തെക്കുറിച്ച് 300-500 വാക്കുകളില്‍ ഹ്രസ്വവിവരണവും അപ്ലോഡ് ചെയ്യണം. 

തിരഞ്ഞെടുപ്പ് 

കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ബിരുദതല ത്തിലെ അക്കാദമിക് മികവ്, പ്രോഗ്രാമിങ് മികവ്, പൈത്തണ്‍, ആര്‍ തുടങ്ങിയ ഹൈലെവല്‍ പ്രോഗ്രാമിങ് ലാംഗ്വേജുകളിലെയും ഓപ്പണ്‍ പ്രോജക്ടുകളിലെയും പരിചയം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പ്രവേശനം

ഗവേഷണ സാധ്യതകള്‍

എല്ലാ സൗകര്യവും ഉപയോഗപ്പെടുത്തി സ്വതന്ത്രമായി ഗവേഷണം നടത്താന്‍ അവസരം ലഭിക്കും. വിദഗ്ധ അധ്യാപകരുടെ മാര്‍ഗനിര്‍ദേശത്തില്‍ ഗവേഷണത്തിന്റെ വിവിധ തലത്തിലുള്ള സാധ്യതകള്‍ പരിചയപ്പെടാം. മറ്റ് ഗവേഷക സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും പഠനസംരഭങ്ങള്‍ക്കായി പുതിയ കൂട്ടുകെട്ടുകളുണ്ടാക്കാനും ഫെലോഷിപ്പ് ലഭിക്കുന്നവര്‍ക്ക് അവസരമുണ്ട്. 
-പ്രൊഫ. ബി. രവീന്ദ്രന്‍ (മേധാവി, ആര്‍.ബി.സി. ഡി.എസ്.എ.ഐ.ഐ.ഐ.ടി. മദ്രാസ്)

Content Highlights: PhD in Arificial Intelligence and Data Science at IIT Madras