ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) 2021 - 22ല്‍ നടത്തുന്ന പിഎച്ച്.ഡി. പ്രവേശനത്തിനുള്ള എഴുത്തുപരീക്ഷയ്ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.

പാര്‍ട്ട് ടൈം, ഫുള്‍ ടൈം രീതികളില്‍ പ്രോഗ്രാം നടത്തുന്നുണ്ട്. കുറഞ്ഞത് മൂന്നും പരമാവധി ആറും വര്‍ഷമെടുത്ത് ഗവേഷണം പൂര്‍ത്തിയാക്കണം. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഗവേഷണം പൂര്‍ത്തിയാക്കാന്‍ എട്ടു വര്‍ഷം വരെ ലഭിക്കും.

വിഷയങ്ങള്‍

ആന്ത്രോപ്പോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കെമിസ്ട്രി, ജിയോളജി, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, മാനേജ്‌മെന്റ്, എജ്യുക്കേഷന്‍, വിമന്‍സ് സ്റ്റഡീസ്, ഇന്റര്‍ ഡിസിപ്ലിനറി ആന്‍ഡ് ട്രാന്‍സ് ഡിസിപ്ലിനറി സ്റ്റഡീസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ടൂറിസം സ്റ്റഡീസ്, കംപ്യൂട്ടര്‍ സയന്‍സ്, ലോ, നഴ്‌സിങ്, ട്രാന്‍സ്‌ലേഷന്‍ സ്റ്റഡീസ്, വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, ഇംഗ്ലീഷ്, സാന്‍സ്‌ക്രിറ്റ്, ഉറുദു, ഹിന്ദി, ചൈല്‍ഡ്‌ െഡവലപ്‌മെന്റ്.

യോഗ്യത

കുറഞ്ഞത് 55 ശതമാനം മാര്‍ക്കോടെ/തത്തുല്യ ഗ്രേഡോടെ, ബന്ധപ്പെട്ട വിഷയത്തില്‍ മാസ്റ്റേഴ്‌സ് ബിരുദം വേണം. പട്ടിക/ഒ.ബി.സി./ ഭിന്നശേഷി വിഭാഗക്കാര്‍ക്കും 19.9.1991നു മുമ്പ് മാസ്റ്റേഴ്‌സ് എടുത്തവര്‍ക്കും 50 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് മതി.

പ്രവേശനപരീക്ഷ

പ്രവേശന പരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ജനുവരി 16ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടത്തുന്ന പരീക്ഷയ്ക്ക് 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍, റിസര്‍ച്ച് മെത്തഡോളജി (50), ബന്ധപ്പെട്ട വിഷയം (50) എന്നിവയില്‍ നിന്നും ചോദ്യങ്ങള്‍ ഉണ്ടാകും. നെഗറ്റീവ് മാര്‍ക്കിങ് ഇല്ല. ഓരോ വിഷയത്തിന്റെയും സിലബസ് ignou.nta.ac.in ല്‍ ഉള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ കിട്ടും.

പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് (പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 45 ശതമാനം) വാങ്ങുന്നവര്‍ക്ക്, ഇന്റര്‍വ്യൂ/സിനോപ്‌സിസ് അവതരണം എന്നിവ ഉണ്ടാകും. പ്രവേശന പരീക്ഷയ്ക്ക് 70ഉം ഇന്റര്‍വ്യൂവിന് 30ഉം ശതമാനം വെയ്‌റ്റേജ് നല്‍കി റാങ്ക് പട്ടിക തയ്യാറാക്കി പ്രവേശനം നടത്തും. അപേക്ഷ ignou.nta.ac.in വഴി ഡിസംബര്‍ 22ന് വൈകീട്ട് അഞ്ചു വരെ നല്‍കാം.

Content Highlights: PhD from indira Gandhi National Open University