ബാംഗളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ ബ്രെയിന്‍ റിസര്‍ച്ച് ഒക്ടോബറില്‍ തുടങ്ങുന്ന ഫുള്‍ടൈം ഗവേഷണ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആണ് പിഎച്ച്.ഡി നല്‍കുന്നത്.

ബേസിക്/ക്ലിനിക്കല്‍ ന്യൂറോ സയന്‍സിലെ ഇന്റര്‍ഡിസിപ്ലിനറി ഗവേഷണം, ഡിസീസ് ന്യൂറോബയോളജി, ഹ്യൂമണ്‍ ജനറ്റിക്‌സ്, കംപ്യൂട്ടേഷണല്‍ ബയോളജി, മാഗ്‌നറ്റിക് റസണന്‍സ് ഇമേജിങ്, സ്‌പെക്ട്രോസ്‌കോപ്പി തുടങ്ങിയ മേഖലകളിലെ ഗവേഷണം എന്നിവയില്‍ താത്പര്യമുള്ളവരെ പ്രോഗ്രാമില്‍ പ്രതീക്ഷിക്കുന്നു.

സയന്‍സിലെ ഏതെങ്കിലും ബ്രാഞ്ചില്‍ മാസ്റ്റേഴ്‌സ് ബിരുദം, മെഡിസിന്‍/ എന്‍ജിനിയറിങ്/ടെക്‌നോളജി/വെറ്ററിനറി സയന്‍സ്/ഫാര്‍മസി/ബയോസ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലെ ഏതെങ്കിലും ബ്രാഞ്ചിലെ നാലുവര്‍ഷ ബിരുദം എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ദേശീയതല ഫെലോഷിപ്പ് പരീക്ഷയില്‍ ജെ.ആര്‍.എഫിനായുള്ള യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആര്‍.-യു.ജി.സി. നെറ്റ്, ഡി.ബി.ടി-ജെ.ആര്‍.എഫ്., ഐ.സി.എം.ആര്‍.- ജെ.ആര്‍.എഫ്., ജസ്റ്റ്, എന്‍.ബി.എച്ച്.എം. സ്‌ക്രീനിങ് ടെസ്റ്റ്, ഇന്‍സ്‌പെയര്‍ ഫെലോസ് (പിഎച്ച്.ഡി.ക്ക്), ഗേറ്റ് തുടങ്ങിയവ ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതാ കോഴ്‌സിന്റെ അന്തിമവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷ ഓണ്‍ലൈനായി www.cbr.iisc.ac.in വഴി സെപ്റ്റംബര്‍ നാലുവരെ നല്‍കാം.

Content Highlights: PhD at Centre for Brain Research; apply by 4 September