കേരള സര്‍വകലാശാല ഫിലോസഫി വകുപ്പ് നടത്തുന്ന, ഒരു വര്‍ഷം (രണ്ട് സെമസ്റ്റര്‍) ദൈര്‍ഘ്യമുള്ള, 'ഫിലോസഫിക്കല്‍ കൗണ്‍സലിങ്' പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പ്രായോഗിക തത്ത്വചിന്തയിലെ സമകാലിക രീതിയാണ് ഫിലോസഫിക്കല്‍ കൗണ്‍സലിങ്.

ഫിലോസഫി വകുപ്പിന്റെ കീഴിലുള്ള, സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് ആന്‍ഡ് റിസര്‍ച്ച് ആണ് 30 പേര്‍ക്ക് പ്രവേശനം നല്‍കുന്ന പ്രോഗ്രാം നടത്തുന്നത്.

തത്ത്വചിന്തയുടെ ആശയങ്ങള്‍ വികസിപ്പിച്ചും ഉപയോഗപ്പെടുത്തിയും വ്യക്തികള്‍ സാധാരണമായി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്താന്‍ പഠിതാക്കള്‍ക്ക് പ്രോഗ്രാമിലൂടെ പരിശീലനം ലഭിക്കും. തത്ത്വചിന്താരീതികള്‍ക്ക് പ്രായോഗിക മാര്‍ഗങ്ങള്‍ രൂപപ്പെടുത്തി ചിന്താ നൈപുണികള്‍ വികസിപ്പിച്ചെടുക്കാനും പ്രോഗ്രാമില്‍കൂടി ശ്രമിക്കുന്നു. വ്യക്തികളുടെ പോസിറ്റീവ് ചിന്തകളെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക് മികച്ച മാനസികാരോഗ്യം പ്രദാനം ചെയ്യുക, ക്രിയാത്മകമായി ചിന്തിപ്പിക്കുക, സ്വഭാവവും വ്യക്തിത്വവും വികസിപ്പിക്കുക എന്നിവയും പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നു.

ഫിലോസഫിക്കല്‍ കൗണ്‍സലിങ് ആമുഖം, ഫിലോസഫിക്കല്‍ കൗണ്‍സലിങ്പാശ്ചാത്യ/പൗരസ്ത്യ രീതികള്‍, യുക്തിവിചാരവും നിരൂപണപരമായ ചിന്താഗതിയും, കൗണ്‍സലിങിന്റെ ധാര്‍മികമായ തത്ത്വങ്ങള്‍, ആരോഗ്യം: മനശ്ശാസ്ത്രസാമൂഹിക ദര്‍ശനങ്ങള്‍, റിസര്‍ച്ച് മെത്തഡോളജി ആന്‍ഡ് റിപ്പോര്‍ട്ട് റൈറ്റിങ്, കൗണ്‍സലിങ് പ്രായോഗിക സെഷനുകള്‍ എന്നിവയടങ്ങുന്നതാണ് പാഠ്യപദ്ധതി.

ഏതെങ്കിലും വിഷയത്തില്‍ അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദമെടുത്തവര്‍ക്ക് അപേക്ഷിക്കാം. ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, സയന്‍സ് ബിരുദധാരികള്‍ക്ക് മുന്‍ഗണന നല്‍കും.

അപേക്ഷാ ഫോം, പ്രോസ്പക്ടസ് എന്നിവ https://cpcruok.comല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. കേരള സര്‍വകലാശാലാ കാര്യവട്ടം കാമ്പസിലെ ഫിലോസഫി വകുപ്പിലെ സെന്ററില്‍നിന്ന് നേരിട്ട് വാങ്ങാം. അപേക്ഷാഫീസ് 100 രൂപ.

പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകള്‍ക്കൊപ്പം 2021 ഡിസംബര്‍ 30നകം 'ഡയറക്ടര്‍, സെന്റര്‍ ഫോര്‍ ഫിലോസഫിക്കല്‍ കൗണ്‍സലിങ് ആന്‍ഡ് റിസര്‍ച്ച്, കേരള സര്‍വകലാശാല, കാര്യവട്ടം കാമ്പസ്, കാര്യവട്ടം, തിരുവനന്തപുരം  695581' എന്ന വിലാസത്തില്‍ ലഭിക്കണം.

സാഹചര്യം പരിഗണിച്ച് ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ രീതിയില്‍ കോഴ്‌സ് പഠനം ക്രമീകരിക്കും.

Content Highlights: PG Diploma in Philosophical Counseling