കേരള അക്കാദമി ഓഫ് സ്കിൽസ് എക്സലൻസിന്റെ (കേസ്) കീഴിൽ കൊല്ലം നീണ്ടകരയിൽ (ചവറ) പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ.ഐ.ഐ.സി) ഒരു വർഷം (രണ്ട്‌ സെമസ്റ്റർ) ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ മെക്കാനിക്കൽ ഇലക്ട്രിക്കൽ ആൻഡ് പ്ലംബിങ് (എം.ഇ.പി.) സിസ്റ്റംസ് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.

എം.ഇ.പി. മേഖലയിലെ ഉയർന്ന മികവു പ്രതീക്ഷിക്കുന്ന കൺസ്ട്രക്ഷൻ പ്രോഗ്രാം മാനേജ്മെന്റിനും നടപ്പാക്കലിനും എൻജിനിയർമാർക്കുവേണ്ട അനുയോജ്യമായ ടെക്നോ-മാനേജീരിയൽ നൈപുണികൾ മെച്ചപ്പെടുത്താൻ പ്രോഗ്രാം ലക്ഷ്യമിടുന്നു.

ഇലക്ട്രിക്കൽ സിസ്റ്റം (പവർഗ്രിഡ് മുതൽ വിവിധ ഔട്ട്പുട്ടുകൾവരെ), പ്ലംബിങ് (ജലവിതരണവും മലിനജല നിർമാർജനവും ഉൾപ്പെടെ), ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാര പരിശോധന, ആസൂത്രണ ഗുണനിലവാരം ഉറപ്പുവരുത്തൽ, ആരോഗ്യസുരക്ഷാ ഗുണനിലവാരം തുടങ്ങിയ മേഖലകളിലെ പഠനങ്ങൾ, തൊഴിലിടങ്ങളിൽ ഇന്റേൺഷിപ്പ്‌ അവസരം എന്നിവ പാഠ്യപദ്ധതിയിൽ ഉൾപ്പെടുന്നു.

ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനിയറിങ് ബി.ടെക്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയം നിർബന്ധമില്ല. സെമസ്റ്റർ ഫീസ് 62,500 രൂപ. വിശദാംശങ്ങൾ https://iiic.ac.in ൽ അക്കാദമിക്സ് > കോഴ്സസ് ലിങ്കിൽ കിട്ടും. അപേക്ഷ ഓൺലൈനായി ജനുവരി 23 വരെ നൽകാം.

Content Highlights: PG Diploma in MIP System Management