IBSരാജ്യത്തെ മൂന്ന് മുന്‍നിരസ്ഥാപനങ്ങള്‍ സംയുക്തമായി നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്‌സ് കോഴ്സിലേക്ക് അപേക്ഷിക്കാം. മാര്‍ക്കറ്റ് പ്രവണതകള്‍ പഠിക്കുന്ന ഈ മേഖലയുടെ  മൂന്നുതലങ്ങളാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്  കൊല്‍ക്കത്ത, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പുര്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത എന്നിവ കൈകാര്യം  ചയ്യുന്നത്. ഈ മൂന്നുസ്ഥാപനങ്ങളിലും കുറച്ചുകാലം ചെലവഴിച്ചാണ് രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സ് പൂര്‍ത്തിയാക്കേണ്ടത്. 

യോഗ്യത: 10+2+4/10+2+5/10+2+3+2 പദ്ധതിയില്‍ പഠിച്ച്  ബി.ഇ./ബി.ടെക്./എം.എസ്സി./എം.കോം./തത്തുല്യം തുടങ്ങിയ യു.ജി./പി.ജി. യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷയില്‍ 60 ശതമാനം മാര്‍ക്ക്/10 പോയന്റ് സ്‌കെയിലില്‍ സി.ജി.പി.എ. 6.5 വേണം. കോഴ്സിന്റെ അന്തിമ വര്‍ഷത്തില്‍  പഠിക്കുന്നവര്‍ക്കും മേയ് 31-നകം യോഗ്യതാപരീക്ഷ വിജയിച്ച് ഒക്ടോബര്‍ 31-നകം മാര്‍ക്ക് ലിസ്റ്റ് നല്‍കണമെന്നുമുള്ള വ്യവസ്ഥകള്‍ക്കുവിധേയമായി അപേക്ഷിക്കാം.

പ്രവേശനപ്പരീക്ഷ: ഫെബ്രുവരി 17-ന് പ്രവേശനപ്പരീക്ഷയുണ്ടാകും. വെര്‍ബല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ്, ഡേറ്റ ഇന്റര്‍പ്രറ്റേഷന്‍, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് എന്നിവയില്‍നിന്നുമായിരിക്കും ചോദ്യങ്ങള്‍. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് അഭിമുഖമുണ്ടാകും. ഇവയിലെ സ്‌കോറും 10, 12 ക്ലാസിലെ മാര്‍ക്ക്, പ്രവൃത്തിപരിചയം എന്നിവയും  പരിഗണിച്ച് അന്തിമ മെറിറ്റ് പട്ടിക തയ്യാറാക്കും. അപേക്ഷ: ജനുവരി മൂന്നുവരെ. www.pgdba.iitkgp.ac.in

Content Highlights: PG Diploma, Business Analytics, Indian Institute of Management, Indian Institutes of Technology, Indian Statistical Institute