സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്ര സോഫ്റ്റ്‌വേറിലൂടെയുള്ള ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ്‌വേര്‍ (ഐസിഫോസ്സ്) നടത്തുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

പൈത്തണ്‍ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീന്‍ ലേണിങ്, ലാടെക്ക് എന്നിവയാണ് കോഴ്‌സുകള്‍. മേയ് 10ന് ക്ലാസ് ആരംഭിക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണല്‍സിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സില്‍ നേരിട്ട് സംവദിക്കാനാവുന്ന മൂഡില്‍ സൗകര്യം ഉപയോഗിച്ചാണ് പഠനം.

രാവിലെ പത്തു മുതല്‍ ഒന്നുവരെയും ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ അഞ്ച് വരെയായിരിക്കും പരിശീലനം. പൊതുവായും ഇന്‍ഡസ്ട്രിയിലും ഫലപ്രദമായി പ്രയോഗിക്കാന്‍ പ്രാപ്തമായ രീതിയിലാണ് കോഴ്‌സുകളുടെ പാഠ്യക്രമം തയ്യാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓണ്‍ലൈന്‍ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. എന്‍ജിനിയറിങ് ടെക്‌നോളജി, സയന്റിഫിക് റിസര്‍ച്ച് എന്നീ മേഖലകളില്‍ സര്‍ഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും വളര്‍ത്തിയെടുക്കാന്‍ ഈ കോഴ്‌സുകള്‍ സഹായിക്കും.

സായാഹ്ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിദഗ്ധരായ പരിശീലകരുടെ സേവനം ലഭിക്കും. പ്രത്യേകം വൈദഗ്ധ്യം ലഭിച്ച പരിശീലകരുടെ മേല്‍നോട്ടത്തിലാണ് പ്രോജക്ടുകള്‍ സമര്‍പ്പിക്കേണ്ടത്.

https://icfoss.in/events/upcoming വഴി മേയ് ഏഴിനകം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക്: +91 471 2700013, 7356610110.

Content Highlights: online certificate course in icfoss