തിരുവനന്തപുരം: ബി.എസ്‌സി. നഴ്‌സിങ് സര്‍ക്കാര്‍ സീറ്റുകളിലേക്കുള്ള പ്രവേശനനടപടികള്‍ തിങ്കളാഴ്ചയോടെ എല്‍.ബി.എസ്. സെന്റര്‍ ആരംഭിക്കും. സര്‍ക്കാര്‍ കോളേജുകളിലെയും സ്വാശ്രയ, സഹകരണ മേഖലയിലെ കോളേജുകളിലെയും സിപാസിനു കീഴിലുള്ള കോളേജുകളിലെയും മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് എല്‍.ബി.എസിന് അനുമതി നല്‍കി.

ട്രയല്‍ അലോട്ട്‌മെന്റ് 11നും ആദ്യ അലോട്ട്‌മെന്റ് 15നും പ്രസിദ്ധീകരിക്കാനാണ് ആലോചിച്ചിട്ടുള്ളതെന്ന് എല്‍.ബി.എസ്. ഡയറക്ടര്‍ ഡോ. അബ്ദുള്‍റഹ്മാന്‍ അറിയിച്ചു. ആലപ്പുഴ, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍, തിരുവനന്തപുരം,എറണാകുളം, പരിയാരം സര്‍ക്കാര്‍ കോളേജുകളിലായി 478 സീറ്റുകളടക്കം 6235 നഴ്‌സിങ് സീറ്റുകളാണുള്ളത്. സര്‍ക്കാര്‍ കോളേജുകളിലെ മുഴുവന്‍ സീറ്റിലും മറ്റു കോളേജുകളിലെ പകുതിസീറ്റിലുമാണ് എല്‍.ബി.എസ്. അലോട്ട്‌മെന്റ് നടത്തുന്നത്.

മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റുകള്‍ മാനേജ്‌മെന്റ് അസോസിയേഷനുകള്‍ നേരത്തേ ആരംഭിച്ചിരുന്നു. രണ്ട് അസോസിയേഷനുകളും രണ്ട് അലോട്ട്‌മെന്റുകള്‍വീതം നടത്തി. പ്രൈവറ്റ് നഴ്‌സിങ് കോളേജ് മാനേജ്‌മെന്റ് അസോസിയേഷനു കീഴിലെ കോളേജുകളില്‍ 457 മാര്‍ക്കുവരെ ലഭിച്ചവര്‍ക്കാണ് ഇതുവരെ അലോട്ട്‌മെന്റ് ലഭിച്ചത്.

Content Highlights:  Nursing admissions 2021 process begins