നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയിന്‍ 2020 ഏപ്രിലിലെ പരീക്ഷയ്ക്ക് പരീക്ഷയ്ക്ക് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം. മാര്‍ച്ച് 16 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ഏപ്രില്‍ 5 മുതല്‍ 11 വരെയാണ് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.), കേന്ദ്ര സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികസ്ഥാപനങ്ങള്‍ എന്നിവയിലെ ബി.ഇ., ബി.ടെക്., ബി.ആര്‍ക്, ബി.പ്ലാനിങ് പ്രവേശനം ജെ.ഇ.ഇ. സ്‌കോര്‍ അടിസ്ഥാനമാക്കിയാണ്.

വര്‍ഷത്തില്‍ രണ്ടുതവണയാണ് ജെ.ഇ.ഇ. മെയിന്‍ നടക്കുന്നത്. ആദ്യ പരീക്ഷ 2020 ജനുവരി ആറുമുതല്‍ 11 വരെയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും https://jeemain.nic.in സന്ദര്‍ശിക്കുക.

ഇത്തവണ മുതല്‍ ജെഇഇ പേപ്പര്‍, ചോദ്യഘടന എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് ഇനിമുതല്‍ മൂന്നുപേപ്പറുണ്ടാകും. ബി.ഇ./ബി.ടെക്., ബി.ആര്‍ക്ക്., ബി.പ്ലാനിങ് എന്നീ പ്രവേശനങ്ങള്‍ക്കുള്ളതാണ് അവ. പ്രവേശനപദ്ധതിയനുസരിച്ച് ഒരാള്‍ക്ക് ഒന്നോ കൂടുതലോ പേപ്പറുകള്‍ അഭിമുഖീകരിക്കാം.

Content Highlights:  NTA Begins Registration For April JEE Main 2020