ന്യൂഡല്‍ഹി: ഇ.എസ്.ഐ. കോര്‍പ്പറേഷന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. സീറ്റ് വര്‍ധിപ്പിച്ചു. ഇ.എസ്.ഐ യില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കള്‍ക്കുള്ള ക്വാട്ടയിലും ആനുപാതിക വര്‍ധനയുണ്ടാകും. രാജ്യത്തെ ഒമ്പത് മെഡിക്കല്‍ കോളേജുകളില്‍ 900 സീറ്റുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. അത് 1125 ആകും. ഇവയില്‍ 383 സീറ്റുകളിലേക്കാണ് ഇ.എസ്.ഐ. വരിക്കാരുടെ മക്കള്‍ക്ക് ഇക്കുറി പ്രവേശനം നല്‍കുക.

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 39 പേര്‍ക്ക് ഇ.എസ്.ഐ. ക്വാട്ട ലഭിക്കുമെന്ന് കോര്‍പ്പറേഷന്‍ ബോര്‍ഡംഗം അഡ്വ. വി. രാധാകൃഷ്ണന്‍ പറഞ്ഞു. നേരത്തേ ഇത് 34 ആയിരുന്നു. കൊല്ലത്ത് ഇതുവരെ 100 സീറ്റാണ് ഉണ്ടായിരുന്നത്. അത് ഇക്കൊല്ലം മുതല്‍ 125 ആകും. ഇ.എസ്.ഐ. മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിനുള്ള വിശദ മാര്‍ഗരേഖ ബോര്‍ഡ് കഴിഞ്ഞദിവസം പുറത്തിറക്കി. ഇ.എസ്.ഐ. ക്വാട്ട സംബന്ധിച്ച തടസ്സം നീക്കി സീറ്റ് വര്‍ധിപ്പിച്ച നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.

Content Highlights: No of seats increased in ESI Medical colleges