ശാസ്ത്രവിഷയങ്ങളിലെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്‍.എഫ്.), സര്‍വകലാശാലകളിലും കോളേജുകളിലും ലക്ചറര്‍/അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് അപേക്ഷിക്കാനുള്ള അര്‍ഹത എന്നിവയ്ക്കുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന് (നെറ്റ്) അപേക്ഷിക്കാം.

കെമിക്കല്‍ സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്ഫറിക് ഓഷ്യന്‍ ആന്‍ഡ് പ്ലാനറ്ററി സയന്‍സസ്, ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ് എന്നീ അഞ്ചുവിഷയങ്ങളില്‍ പരീക്ഷ നടത്തും. കംപ്യൂട്ടര്‍ അധിഷ്ഠിതരീതിയില്‍ നടത്തുന്ന പരീക്ഷയ്ക്ക് ഒരു പേപ്പറാണുള്ളത്. അതില്‍ മൂന്നുഭാഗങ്ങളിലായി ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.

വിഷയമനുസരിച്ച്, ചോദ്യങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാകും. ചോയ്‌സും ഉണ്ടാകും. വിശദമായ പരീക്ഷാഘടന www.csirnet.nta.nic.in-ല്‍ ലഭിക്കും. 2022 ജനുവരി 29, ഫെബ്രുവരി അഞ്ച്, ആറ് തീയതികളില്‍, രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.

മാസ്റ്റേഴ്സ് ബിരുദം/തത്തുല്യയോഗ്യത/ഇന്റഗ്രേറ്റഡ് ബി.എസ്.- എം.എസ്./നാലുവര്‍ഷ ബി.എസ്./ബി.ഇ./ബി.ടെക്./ബി. ഫാര്‍മ/എം.ബി.ബി.എസ്. ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാപ്രോഗ്രാമില്‍ 55 ശതമാനം മാര്‍ക്ക് (പട്ടിക/ഭിന്നശേഷി/ട്രാന്‍സ്ജന്‍ഡര്‍ അപേക്ഷകര്‍ക്ക് 50 ശതമാനം) വേണം (മാര്‍ക്ക് ക്രമപ്പെടുത്താനാകില്ല).

എം.എസ്സി.ക്കു പഠിക്കുന്നവര്‍, യോഗ്യതാ കോഴ്‌സിന്റെ 10+2+3 ഭാഗം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് 'റിസല്‍ട്ട് എവൈറ്റഡ്' വിഭാഗത്തില്‍ അപേക്ഷിക്കാം. ബി.എസ്സി. (ഓണേഴ്‌സ്)/തത്തുല്യ ബിരുദമുള്ളവര്‍, ഇന്റഗ്രേറ്റഡ് എം.എസ്സി.-പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. ബാച്ചിലര്‍ ബിരുദധാരികള്‍ക്ക് ജെ.ആര്‍.എഫിന് മാത്രമേ അര്‍ഹത ലഭിക്കൂ. ബി.ഇ./ബി.എസ്./ബി. ടെക്./ബി. ഫാര്‍മ./എം.ബി.ബി.എസ്. അന്തിമ വര്‍ഷക്കാര്‍/ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ക്കും ഫെലോഷിപ്പിന് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

ബി.എസ്സി. (ഓണേഴ്‌സ്) അന്തിമവര്‍ഷക്കാര്‍/ഫലം കാത്തിരിക്കുന്നവര്‍ എന്നിവര്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷ www.csirnet.nta.nic.in വഴി ജനുവരി രണ്ടുവരെ നല്‍കാം.

Content Highlights: NET 2021 June applications invited