നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്  അണ്ടര്‍ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി.) സെപ്റ്റംബര്‍ 12-ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ അഞ്ചുവരെ നടത്തും. ബിരുദതല മെഡിക്കല്‍ പ്രവേശനത്തിനുള്ള രാജ്യത്തെ ഏക പ്രവേശന പരീക്ഷയാണ് നീറ്റ് യു.ജി. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ആണ് പരീക്ഷ നടത്തുന്നത്.

കോഴ്‌സുകള്‍

രാജ്യത്തെ എം.ബി.ബി.എസ്. (മെഡിക്കല്‍) ബി.ഡി.എസ്. (െഡന്റല്‍), ബി.എ. എം.എസ്. (ആയുര്‍വേദ), ബി.യു.എം.എസ്. (യുനാനി), ബി.എസ്.എം.എസ്. (സിദ്ധ), ബി.എച്ച്.എം.എസ്. (ഹോമിയോപ്പതി) കോഴ്‌സുകളിലെ പ്രവേശനമാണ് മുഖ്യമായും നീറ്റ്  യു.ജി.യുടെ പരിധിയില്‍ വരുന്നത്. കൂടാതെ, വെറ്ററിനറി ബിരുദ കോഴ്‌സിലെ (ബി.വി.എസ്.സി. ആന്‍ഡ് എ.എച്ച്.) 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളും നീറ്റ് അടിസ്ഥാനമാക്കിയാകും നികത്തുക. ചില സ്ഥാപനങ്ങള്‍ ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ് പ്രവേശനത്തിന് നീറ്റ് യു.ജി. സ്‌കോര്‍ ഉപയോഗിക്കും.

പരീക്ഷ

ഒബ്ജക്ടീവ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു പേപ്പര്‍ പരീക്ഷയ്ക്കുണ്ടാകും. ഒ.എം.ആര്‍. ഷീറ്റുപയോഗിച്ച് ഓഫ് ലൈന്‍ രീതിയിലായിരിക്കും പരീക്ഷ. പരീക്ഷയില്‍ ഉള്‍പ്പെടുന്ന വിഷയങ്ങളില്‍, നല്‍കുന്ന ചോദ്യങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത് ഉത്തരം നല്‍കാനുള്ള അവസരം ഭാഗികമായി ഇത്തവണ ലഭ്യമാണ്.

ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ നാല് വിഷയങ്ങളില്‍ നിന്നാകും ചോദ്യങ്ങള്‍. നാലു വിഷയങ്ങള്‍ക്കും രണ്ടു ഭാഗങ്ങളിലായി (എ/ബി) ചോദ്യങ്ങള്‍ ഉണ്ടാകും. ഓരോന്നിലും ഭാഗം എയില്‍ 35ഉം ഭാഗം ബിയില്‍ 15ഉം ചോദ്യങ്ങള്‍. ഭാഗം എ യിലെ ചോദ്യങ്ങള്‍ നിര്‍ബന്ധമാണ്. ഭാഗം ബി യില്‍നിന്നും 15 ല്‍ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതി. ഇപ്രകാരം ഓരോ വിഷയത്തില്‍നിന്നും മൊത്തം 45 വീതം ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത് (35+10). മൊത്തം 180 ചോദ്യങ്ങള്‍ (45x4). ശരിയുത്തരത്തിന്/ഏറ്റവും അനുയോജ്യമായ ഉത്തരത്തിന് നാല് മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍, ഒരു മാര്‍ക്ക് നഷടപ്പെടും. പരമാവധി മാര്‍ക്കില്‍ മാറ്റമില്ല  720 (180 x 4).

അപേക്ഷ

ഇംഗ്ലീഷ്, മലയാളം എന്നിവ ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യപ്പേപ്പര്‍ തയ്യാറാക്കും. അപേക്ഷ നല്‍കുമ്പോള്‍ ഏത് ഭാഷയിലെ ചോദ്യപ്പേപ്പര്‍ വേണമെന്ന് അറിയിക്കണം. കേരളത്തില്‍ 13 പരീക്ഷാകേന്ദ്രങ്ങളുണ്ട്. കുവൈത്തിലും പരീക്ഷാകേന്ദ്രമുണ്ടാകും.

അപേക്ഷ ഓഗസ്റ്റ് ആറ് വരെ https://neet.nta.nic.in വഴി നല്‍കാം. ഓണ്‍ലൈനായി ഫീസടയ്ക്കാന്‍ ഓഗസ്റ്റ് ഏഴുവരെ സമയമുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ രണ്ടുഘട്ടമായി പൂര്‍ത്തിയാക്കാം. അനിവാര്യമായ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ സമയത്തു നല്‍കണം. ഓപ്ഷണല്‍ ഫീല്‍ഡുകള്‍ ഫലപ്രഖ്യാപനത്തിനുമുമ്പ് നല്‍കിയാല്‍ മതിയാകും.

Content Highlights: NEET UG 2021 Application invited, apply now