മാസ്റ്റര്‍ ഓഫ്‌ ഡെന്റല്‍ സര്‍ജറി (എം.ഡി.എസ്.) പ്രവേശനത്തിന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് നടത്തുന്ന നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് എം.ഡി.എസ്.) 2022ന് അപേക്ഷിക്കാം.

രാജ്യത്തെ എം.ഡി.എസ്. പ്രോഗ്രാമിലെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍, എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്റ്റേറ്റ് ക്വാട്ട സീറ്റുകള്‍, സ്വകാര്യ ഡെന്റല്‍ കോളേജുകള്‍, സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവയിലെ സീറ്റുകള്‍, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസസ് സ്ഥാപനങ്ങളിലെ സീറ്റുകള്‍ എന്നിവയിലെ പ്രവേശനത്തിനുള്ള ഈ പരീക്ഷ,ഡെന്റല്‍ സര്‍ജന്മാര്‍ക്കുള്ള (ബി.ഡി.എസ്. ആന്‍ഡ് എം.ഡി.എസ്.) ആര്‍മി ഡെന്റല്‍ കോര്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ സ്‌ക്രീനിങ് ടെസ്റ്റ് കൂടിയാണ്. ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) എം.ഡി.എസ്. പ്രവേശനം ഇതിന്റെ പരിധിയില്‍ വരുന്നില്ല. അപേക്ഷകര്‍ക്ക് അംഗീകൃത ബാച്ചിലര്‍ ഇന്‍ െഡന്റല്‍ സര്‍ജറി (ബി.ഡി.എസ്.) ബിരുദം വേണം. സ്റ്റേറ്റ്‌ ഡെന്റല്‍ കൗണ്‍സില്‍ താത്കാലിക/സ്ഥിരം രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. 12 മാസം ദൈര്‍ഘ്യമുള്ള, നിര്‍ബന്ധിത റൊട്ടേറ്ററി ഇന്റേണ്‍ഷിപ്പ്/പ്രായോഗിക പരിശീലനം 2022 മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കുന്നവര്‍ക്കും താത്കാലികമായി അപേക്ഷിക്കാം.

മാര്‍ച്ച് ആറിന് രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് 12വരെ കംപ്യൂട്ടര്‍ അധിഷ്ഠിത രീതിയില്‍ നടത്തുന്ന പരീക്ഷയ്ക്ക് 240 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരം നാലുമാര്‍ക്ക്. ഉത്തരംതെറ്റിയാല്‍ ഒരു മാര്‍ക്കുവീതം നഷ്ടപ്പെടും. സിലബസ്, ചോദ്യങ്ങളുടെ മേഖലകള്‍ തുടങ്ങിയവ www.nbe.edu.inല്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍ ലഭിക്കും. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍, എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ഫലപ്രഖ്യാപനം മാര്‍ച്ച് 21ന്.

ഡെമോ ടെസ്റ്റ് ഫെബ്രുവരി 21മുതല്‍ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ www.nbe.edu.in വഴി ജനുവരി 24വരെ നല്‍കാം.

Content Highlights: NEET MDS 2022