അഖിലേന്ത്യാ ക്വാട്ടയില്‍ എല്ലാ സ്ഥാപനങ്ങളിലും ഒ.ബി.സി./ഇ.ഡബ്ല്യു.എസ്. സംവരണം ബാധകമാക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നീറ്റ് യു.ജി. 2021 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ ഭേദഗതിചെയ്തു.

അതനുസരിച്ച്, 2021-'22 അക്കാദമിക് വര്‍ഷംമുതല്‍ എം.ബി.ബി.എസ്./ബി.ഡി.എസ്. ഓള്‍ ഇന്ത്യ ക്വാട്ടയിലെ മൊത്തത്തിലുള്ള സംവരണത്തോത് ശതമാനത്തില്‍ ഇപ്രകാരമായിരിക്കും: പട്ടികജാതി -15, പട്ടികവര്‍ഗം -7.5, ഒ.ബി.സി.(നോണ്‍ ക്രീമിലെയര്‍) (കേന്ദ്ര ഒ.ബി.സി. പട്ടികപ്രകാരം) -27, ഇ.ഡബ്ല്യു.എസ്. - കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം -10. ഇതില്‍ ഓരോവിഭാഗത്തിലും നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ മാനദണ്ഡങ്ങള്‍ തൃപ്തിപ്പെടുത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് അഞ്ചുശതമാനം സീറ്റ് സംവരണംചെയ്യും.

മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി ഇക്കാര്യത്തില്‍ ജൂലായ് 29-ന് ഇറക്കിയ നോട്ടീസ് https://mcc.nic.in/UGCounselling- ല്‍ ലഭിക്കും. കഴിഞ്ഞവര്‍ഷംവരെ എം.ബി.ബി.എസ്./ബി.ഡി.എസ്. ഓള്‍ ഇന്ത്യ ക്വാട്ടയില്‍ കേന്ദ്രസര്‍ക്കാര്‍സ്ഥാപനങ്ങളില്‍ മാത്രമായിരുന്നു ഒ.ബി.സി.,ഇ.ഡബ്ല്യു.എസ്. സംവരണം ബാധകമാക്കിയത്.

Content Highlights: NEET 2021