നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (എന്‍.സി.എച്ച്.എം. ജെ.ഇ.ഇ. 2021) വഴിയുള്ള പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അപേക്ഷ ക്ഷണിച്ചു.
എന്‍.സി.എച്ച്.എം. ആന്‍ഡ് സി.ടി. അഫിലിയേഷനുള്ള ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ മൂന്നുവര്‍ഷ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ ബി.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിനാണ് എന്‍.സി.എച്ച്.എം. ജെ.ഇ.ഇ. നടത്തുന്നത്.
യോഗ്യത
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് ജയിച്ച് പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് അഞ്ചുവിഷയം പഠിച്ച, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്/ സംസ്ഥാന ബോര്‍ഡിന്റെ ഓപ്പണ്‍ സ്‌കൂളിങ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷ, ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ പരീക്ഷ തുടങ്ങിയവയുള്‍പ്പെടെയുള്ള തത്തുല്യ പരീക്ഷകളുടെ പട്ടിക https://nchmjee.nta.nic.in ഉള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനില്‍ നല്‍കിയിട്ടുണ്ട്. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷ
എന്‍.സി.എച്ച്.എം. ജെ.ഇ.ഇ. ജൂണ്‍ 12ന് രാവിലെ ഒന്‍പത് മുതല്‍ 12 വരെ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുള്ള ഒരു കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായി നടത്തും. ന്യൂമറിക്കല്‍ എബിലിറ്റി ആന്‍ഡ് അനലറ്റിക്കല്‍ ആപ്റ്റിറ്റിയൂട് (30 ചോദ്യങ്ങള്‍), റീസണിങ് ആന്‍ഡ് ലോജിക്കല്‍ ഡിഡക്ഷന്‍ (30), ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് (30), ഇംഗ്ലീഷ് ലാംഗ്വേജ് (60), ആപ്റ്റിറ്റിയൂഡ് ഫോര്‍ സര്‍വീസ് സെക്ടര്‍ (50) എന്നീ വിഷയങ്ങളില്‍ നിന്നുമാകും ചോദ്യങ്ങള്‍. ശരിയുത്തരം നാല് മാര്‍ക്ക്, ഉത്തരം തെറ്റിയാല്‍ ഒരു മാര്‍ക്ക് നഷ്ടമാകും. കേരളത്തില്‍ എറണാകുളം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.
അപേക്ഷ
https://nchmjee.nta.nic.in വഴി മേയ് 10-ന് വൈകീട്ട് അഞ്ചുവരെ നല്‍കാം.
സ്ഥാപനങ്ങള്‍
കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മൊത്തം 74 ഇന്‍സ്റ്റിറ്റ്യൂട്ടുകളിലായി 12045 സീറ്റുകളാണ് ഈ പ്രോഗ്രാമിനുള്ളത്.
കേരളത്തില്‍ ഈ പരീക്ഷവഴി പ്രവേശനം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്‍് തിരുവനന്തപുരം (കേന്ദ്രസര്‍ക്കാര്‍ 298 സീറ്റ്), സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് (സംസ്ഥാനസര്‍ക്കാര്‍ 90). രണ്ടു സ്വകാര്യസ്ഥാപനങ്ങളിലായി 240 സീറ്റ് ഇതിനു പുറമേയുണ്ട്. സ്ഥാപനങ്ങളുടെ പൂര്‍ണ പട്ടിക, സീറ്റ് ലഭ്യത, മറ്റു വിശദാംശങ്ങള്‍ എന്നിവ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്.
Content Highlights: nchmjee apply now, Hotel Management JEE NTA invited application