കൊച്ചിയിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് (ന്യുവാല്‍സ്) ഉള്‍പ്പെടെ 22 ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തരതല നിയമ പോഗ്രാമുകളിലെ പ്രവേശനത്തിനുള്ള കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് (ക്ലാറ്റ്) ഇപ്പോള്‍ അപേക്ഷിക്കാം.

ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ഭോപാല്‍, ജോധ്പുര്‍, റായ്പുര്‍, ഗാന്ധിനഗര്‍, ലഖ്‌നൗ, പട്യാല, പട്‌ന, കട്ടക്ക്, റാഞ്ചി, ഗുവാഹാട്ടി, വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുര്‍, ഔറംഗാബാദ്, ജബല്‍പുര്‍, ഷിംല, സോണിപട്ട് എന്നിവിടങ്ങളിലാണ് മറ്റ് ദേശീയ നിയമ സര്‍വകലാശാലകള്‍.

ബിരുദതലത്തില്‍ അഞ്ച് വ്യത്യസ്ത ഇന്റഗ്രേറ്റഡ് ഓണേഴ്‌സ് പ്രോഗ്രാം (അഞ്ചുവര്‍ഷ ദൈര്‍ഘ്യം) ഉണ്ട്. ഇതില്‍ ബി.എ. എല്‍എല്‍.ബി. പ്രോഗ്രാം 22 സര്‍വകലാശാലകളിലുമുണ്ട്. ബി.എസ്‌സി.എല്‍എല്‍.ബി. (ഗാന്ധിനഗര്‍, കൊല്‍ക്കത്ത), ബി.കോം.എല്‍എല്‍.ബി (ഗാന്ധിനഗര്‍, തിരുച്ചിറപ്പള്ളി), ബി.ബി.എ.എല്‍എല്‍.ബി (ഗാന്ധിനഗര്‍, ജോധ്പുര്‍, പട്‌ന, കട്ടക്, ഷിംല), ബി.എസ്.ഡബ്ല്യു.എല്‍എല്‍.ബി. (ഗാന്ധിനഗര്‍) എന്നിവിടങ്ങളിലാണ്.

ബിരുദാനന്തര ബിരുദതലത്തില്‍ ഒരുവര്‍ഷത്തെ എല്‍എല്‍.എം. പ്രോഗ്രാം, ഔറംഗാബാദ്, സോണിപട്ട് ഒഴികെയുള്ള 20 സര്‍വകലാശാലകളിലുമുണ്ട്. സ്‌പെഷ്യലൈസേഷന്‍ വിവരം അതതു സ്ഥാപന വെബ്‌സൈറ്റില്‍. കൊച്ചി ന്യുവാല്‍സില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ലോ, കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ലോ എന്നിവയാണ് സ്‌പെഷ്യലൈസേഷനുകള്‍.

യു.ജി. പ്രോഗ്രാമുകളിലേക്ക് ഏതെങ്കിലും സ്ട്രീമില്‍ 45 ശതമാനം മാര്‍ക്കോടെയുള്ള (പട്ടികവിഭാഗക്കാര്‍ക്ക് 40 ശതമാനം) പ്ലസ്ടു/തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്‍എല്‍.എം.പ്രവേശനത്തിന് 50 ശതമാനം (പട്ടികവിഭാഗക്കാര്‍ക്ക് 45 ശതമാനം) മാര്‍ക്കോടെ എല്‍എല്‍.ബി./തുല്യ ബിരുദം വേണം. രണ്ടു പ്രോഗ്രാമുകള്‍ക്കും യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല.

നിയമ സര്‍വകലാശാലകളുടെ കൂട്ടായ്മയായ ക്ലാറ്റ് കണ്‍സോര്‍ഷ്യം നടത്തുന്ന യു.ജി./പി.ജി. ക്ലാറ്റ് ജൂണ്‍ 13ന് ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ നടത്തും. യു.ജി. ക്ലാറ്റിന് ഇംഗ്ലീഷ്, കറന്റ് അഫയേഴ്‌സ് (ജനറല്‍ നോളജ് ഉള്‍പ്പെടെ), ലീഗല്‍ റീസണിങ്, ലോജിക്കല്‍ റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ് എന്നിവയില്‍നിന്നുമായി 150 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടാകും.

പി.ജി. ക്ലാറ്റിന് മള്‍ട്ടിപ്പിള്‍ ചോയ്‌സ്, സബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. വിശദാംശങ്ങള്‍ക്ക് https://consortiumofnlus.ac.in/clat2021/ കാണണം. അപേക്ഷ ഈ വെബ്‌സൈറ്റ് വഴി മാര്‍ച്ച് 31 വരെ നല്‍കാം.

Content Highlights: National Law University admission, apply till March 31