തായ്ലാൻഡിലെ നാഷണൽ സെന്റർ ഫോർ ജനറ്റിക് എൻജിനിയറിങ് ആൻഡ് ബയോടെക്നോളജി (ബയോടെക്) യിൽ ബയോടെക്നോളജിയിൽ ഗവേഷണം നടത്താൻ താത്‌പര്യമുള്ളവർക്ക് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് അവസരം.

വികസ്വര രാജ്യങ്ങളിലെ ശാസ്ത്രപുരോഗതി ലക്ഷ്യമിടുന്ന 'ദി വേൾഡ് അക്കാദമി ഓഫ് സയൻസസി' (ടി.ഡബ്ല്യു.എ.എസ്.) ന്റെ ഈ പദ്ധതിവഴി 12 മുതൽ 24 മാസംവരെ ദൈർഘ്യമുള്ള ഫെലോഷിപ്പ് ലഭിക്കും. ചെലവുകൾക്കായി പ്രതിമാസ അലവൻസ് വിശിഷ്ടാംഗത്തിന് അനുവദിക്കും.

മേഖലകൾ

ബയോടെക്നോളജി, മോളിക്യുളാർ ബയോളജി, ബയോകെമിസ്ട്രി, ഇമ്യൂണോളജി, മൈക്രോബയോളജി, മോളിക്യുളാർ ജനറ്റിക്സ്, ബയോ സെൻസേഴ്സ് ബയോടെക്നോളജി, ബയോഇൻഫർമാറ്റിക്സ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ടാണ്.

യോഗ്യത

മോളിക്യുളാർ ബയോളജി, മോളിക്യുളാർ ജനറ്റിക്സ്, ബയോടെക്നോളജി, പ്രോട്ടിയോമിക്സ്, മെറ്റബോളോമിക്സ്, മോളിക്യുളാർ ഇമ്യൂണോളജി, ബയോകെമിസ്ട്രി, മെഡിക്കൽ ടെക്നോളജി, സെൽ കൾച്ചർ ടെക്നോളജി, ബയോപ്രോസസ് ടെക്നോളജി, അനുബന്ധ വിഷയങ്ങൾ എന്നിവയിലൊന്നിൽ പിഎച്ച്.ഡി. നേടിയിരിക്കണം. ബയോടെക്കിലും ഗവേഷണ യൂണിറ്റുകളിലുമുള്ള പോസ്റ്റ് ഡോക്ടറൽ സ്ഥാനങ്ങൾക്കുവേണ്ട ആവശ്യകത അവർ തൃപ്തിപ്പെടുത്തണം. ഇതിന്റെ വിശദാംശങ്ങൾ https://twas.org/opportunities/fellowships/postdoc -ൽ ഉള്ള പ്രോഗ്രാം ലിങ്കിൽ ലഭിക്കും.

പിഎച്ച്.ഡി. നേടിയത് കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിലാകണം. അപേക്ഷാർഥിക്ക്, തന്റെ രാജ്യത്ത് ഒരു ഗവേഷണ/വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു റിസർച്ച് അസൈമെന്റോടെയുള്ള സ്ഥിരം ജോലിയുണ്ടാകണം.

Content Highlights: National Centre for Genetic Engineering and Biotechnology, Postdoctoral fellowship