കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) അപേക്ഷിക്കാം. അഞ്ച് വർഷത്തെ ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രവേശനം തേടുന്നവർ (എൻ.ഐ.ടി., ഐ.ഐ.ടി. പ്രവേശന ചാനലുകൾ ഒഴികെ) നിർബന്ധമായും നാറ്റ അഭിമുഖീകരിച്ച് യോഗ്യത നേടണം.

പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങൾ

ചിത്രരചന, നിരീക്ഷണ നൈപുണി, അനുപാതത്തെക്കുറിച്ചുള്ള ധാരണ, സൗന്ദര്യ ബോധം, നിരൂപണപരമായ ചിന്താഗതി എന്നിവയളക്കുന്നതിനൊപ്പം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് മികവും പരീക്ഷക്കപ്പെടും. പരീക്ഷയ്ക്ക് രണ്ടുഭാഗങ്ങളുണ്ട്‌.

പാർട്ട് എ: ഡ്രോയിങ് ആയിരിക്കും. 135 മിനിറ്റ് ദൈർഘ്യമുള്ള ചിത്രരചന നടത്തേണ്ട ഈ ഭാഗത്തിന് 125 മാർക്കാണ്. 35 മാർക്കിന്റെ രണ്ടും 55 മാർക്കിന്റെ ഒന്നും ചോദ്യങ്ങൾ പേപ്പർ അധിഷ്ഠിതമായ ഈ ഭാഗത്ത് ഉണ്ടാകും. പാർട്ട് ബി: പാർട്ട് എ കഴിഞ്ഞ് 15 മിനിറ്റ്‌ ഇടവേളയ്ക്കു ശേഷം ഓൺലൈനായി ഉത്തരംനൽകേണ്ട മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. സമയം 45 മിനിറ്റ്. പരമാവധി മാർക്ക് 75. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജനറൽ ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്നും ചോദ്യങ്ങൾ. നെഗറ്റീവ് മാർക്കിങ് രീതി ഇല്ല. മൊത്തം മാർക്ക് 200. പരീക്ഷയുടെ സിലബസ് http://www.nata.in ൽ നിന്ന്‌ ഡൗൺലോഡു ചെയ്തെടുക്കാവുന്ന എൻ.ടി.എ. ബ്രോഷർ, അപ്പൻഡിക്സ് l ൽ ഉണ്ട്.

യോഗ്യതാ മാർക്ക്

പരീക്ഷയിൽ യോഗ്യതനേടാൻ പാർട്ട് എ.യിൽ 125-ൽ 32-ഉം, പാർട്ട് ബി യിൽ 75-ൽ 18-ഉം (രണ്ടും ഏകദേശം 25 ശതമാനം വീതം) മാർക്കു വാങ്ങണം. കൂടാതെ മൊത്തത്തിൽ നിശ്ചിത മാർക്ക് വാങ്ങേണ്ടതുണ്ട്‌. ഈ മാർക്ക് എത്രയെന്ന് പരീക്ഷയ്ക്കു ശേഷമേ തീരുമാനിക്കു. 2020-21ലെ ബി.ആർക്. പ്രോഗ്രാം പ്രവേശനത്തിനേ നാറ്റ 2020 സ്കോറിന് സാധുതയുള്ളൂ.

പ്രവേശന യോഗ്യത

പ്ലസ്ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് മൂന്നിനുംകൂടി 50-ഉം പ്ലസ്‌ടു പരീക്ഷയ്ക്ക് മൊത്തത്തിൽ 50-ഉം ശതമാനം മാർക്കു വാങ്ങി ജയിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് അംഗീകൃത 10+3 ഡിപ്ലോമ, മൊത്തം 50 ശതമാനം മാർക്ക് വാങ്ങി ജയിച്ചവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ അഞ്ച് ശതമാനം ഇളവുണ്ട്.

പരീക്ഷ രണ്ടുതവണ

2020 പ്രവേശനത്തിന് നാറ്റ രണ്ടുതവണ നടത്തും. താത്‌പര്യമനുസരിച്ച് ഇവയിൽ ഏതെങ്കിലും ഒന്നിനോ, രണ്ടിനുമോ അപേക്ഷിക്കാം. ആദ്യ പരീക്ഷ, ഏപ്രിൽ 19-നും രണ്ടാം പരീക്ഷ മേയ് 31-നും പരീക്ഷാ കേന്ദ്രങ്ങളിൽ കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തൃശ്ശൂർ, തിരുവനന്തപുരം ഉൾപ്പെടുന്നു. ഫലം, യഥാക്രമം മേയ് ഏട്ടിനും ജൂൺ 14-നും അറിയാം. രണ്ടു പരീക്ഷകളും അഭിമുഖീകരിക്കുന്നവർക്ക് ഓരോ പരീക്ഷയ്ക്കുമുള്ള പ്രത്യേകം സ്കോർ കാർഡ് നൽകും. രണ്ടാം ടെസ്റ്റിന്റെ സ്കോർ കാർഡിൽ രണ്ടു പരീക്ഷകളുടെ മാർക്കും രണ്ടിലെ മെച്ചപ്പെട്ട മാർക്കും രേഖപ്പെടുത്തിയിരിക്കും. സ്കോർ സാധുത 2020-21 സെഷനിലെ പ്രവേശനത്തിനു മാത്രമാണ്.

അപേക്ഷാഫീസ്

ഒരു പരീക്ഷ അഭിമുഖീകരിക്കാനുള്ള ഫീസ് 2000 രൂപയും രണ്ടിനുംകൂടി അപേക്ഷിക്കാനുള്ള ഫീസ് 3800 രൂപയുമാണ്. പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് ഇത് യഥാക്രമം 1700 രൂപയും 3100 രൂപയുമാണ്. ക്രഡിറ്റ്/ഡബിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്‌ വഴി അടയ്ക്കാം.

രജിസ്ട്രേഷൻ

ആദ്യ പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ www.nata.in വഴി മാർച്ച് 16 രാത്രി 11.59 വരെ നടത്താം. ഇമേജ് അപ് ലോഡിങ്, ഫീസ് അടയ്ക്കൽ എന്നിവ മാർച്ച് 20-നകം പൂർത്തിയാക്കണം. അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ മാർച്ച് 21-23 കാലയളവിൽ സൗകര്യം കിട്ടും. കൺഫർമേഷൻ പേജ് മാർച്ച് 23 വരെ പ്രിന്റ് ചെയ്യാം. രണ്ടാം നാറ്റ രജിസ്ട്രേഷൻ സമയ പരിധി മേയ് നാല് ആണ്.

റാങ്ക് പട്ടിക

നാറ്റ സ്കോറിനും പ്ലസ്ടു മൊത്തം സ്കോറിനും തുല്യ പരിഗണന നൽകിയാണ് ബി.ആർക്. റാങ്ക് പട്ടിക തയ്യാറാക്കുക. അതിനായി, യോഗ്യതാ പരീക്ഷാ മാർക്ക് നിർദിഷ്ട സമയത്ത് അറിയിക്കണം. കൂടാതെ നാറ്റ സ്കോർ ജൂൺ ഒന്നിനകം പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കണം. ഇക്കാരണത്താൽ കേരളത്തിൽ എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റ് വഴി പ്രവേശനം തേടുന്നവർക്ക് ഇപ്പോഴത്തെ നിലയിൽ ആദ്യ നാറ്റ ടെസ്റ്റിന്റെ ഫലംവെച്ചു മാത്രമേ പങ്കെടുക്കാൻ കഴിയൂ. രണ്ടാം നാറ്റ ടെസ്റ്റിന്റെ ഫലം ജൂൺ 14-നേ വരികയുള്ളൂ.

Content Highlights: National Aptitude Test in Architecture; Register by 16 March