2021-'22 അധ്യയനവർഷത്തെ ബി.ആർക്. പ്രവേശനത്തിനുള്ള അഭിരുചിപരീക്ഷ നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) ഏപ്രിൽ 10-നും ജൂൺ 12-നും രാവിലെ 10 മുതൽ ഒരുമണിവരെ ഓൺലൈൻ രീതിയിൽ നടത്തും.

കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷയ്ക്ക് ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

മൂന്നുമണിക്കൂർ പരീക്ഷയ്ക്ക് 200 മാർക്കിനുള്ള 125 ചോദ്യങ്ങൾ ഉണ്ടാകും. മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, പ്രിഫറൻഷ്യൽ ചോയ്സ് ടൈപ്പ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ് ചോദ്യങ്ങളുണ്ടാകാം. ഡയഗ്രമാറ്റിക്, ന്യൂമറിക്കൽ, വെർബൽ, ഇൻഡക്ടീവ്, ലോജിക്കൽ, അബ്സ്ട്രാക്ട് റീസണിങ്, സിറ്റുവേഷണൽ ജഡ്ജ്മെന്റ് തുടങ്ങിയവയുടെ മികവ് അളക്കുന്നതാകും ചോദ്യങ്ങൾ. യോഗ്യത നേടാൻ 75 മാർക്ക് വേണം.

വിശദാംശങ്ങൾ www.nata.in ലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. പ്രവേശന വർഷത്തേക്കു മാത്രമാണ് സ്കോറിന്റെ സാധുത. രണ്ടുപരീക്ഷയും അഭിമുഖീകരിക്കുന്നവർക്ക് ഓരോന്നിനും പ്രത്യേകം സ്കോർഷീറ്റ് നൽകും. രണ്ടാംസ്കോർ ഷീറ്റിൽ ആദ്യടെസ്റ്റിന്റെ സ്കോറും ഉണ്ടാകും. ഭേദപ്പെട്ട മാർക്കാകും പ്രവേശനപ്രക്രിയയിൽ പരിഗണിക്കുക.

അപേക്ഷാർഥി പ്ലസ്ടു തുല്യ പ്രോഗ്രാം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച് മൂന്നിനുംകൂടി മൊത്തത്തിൽ 50 ശതമാനം മാർക്കും പ്ലസ് ടു പരീക്ഷയിൽ മൊത്തത്തിൽ 50 ശതമാനം മാർക്കുംവാങ്ങി ജയിച്ചിരിക്കണം.

മാത്തമാറ്റിക്സ് ഒരു നിർബന്ധവിഷയമായി പഠിച്ച് അംഗീകൃത ത്രിവത്സര ഡിപ്ലോമ 50 ശതമാനം മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 2020-21-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

ആദ്യപരീക്ഷയ്ക്ക് മാർച്ച് 28 വരെയും രണ്ടാംപരീക്ഷയ്ക്ക് മേയ് 30 വരെയും രാത്രി 11.59 വരെ www.nata.in വഴി അപേക്ഷിക്കാം. ഒരു പരീക്ഷയ്ക്കോ രണ്ടിനുമോ ഇപ്പോൾ അപേക്ഷിക്കാം. ആദ്യ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞ് 14 ദിവസം വരെയും രണ്ടാംപരീക്ഷയ്ക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് ഒരു ടെസ്റ്റിന് 2000 രൂപയാണ് (പട്ടികജാതി/വർഗ, ഭിന്നശേഷി, ട്രാൻസ്സെക്ഷ്വൽ വിഭാഗക്കാർക്ക് 1500 രൂപ). കൂടുതൽ വിവരങ്ങൾ ബ്രോഷറിൽ.

കേരളത്തിൽ പ്രവേശനപരീക്ഷാകമ്മിഷണർ നടത്തുന്ന ബി.ആർക് പ്രവേശനത്തിന് നാറ്റ ബാധകമാണ്. പ്ലസ്ടു മാർക്ക്, നാറ്റ സ്കോർ എന്നിവയ്ക്ക് തുല്യപരിഗണന നൽകിയാണ് റാങ്ക്പട്ടിക തയ്യാറാക്കുന്നത്.

Content Highlights: NATA apply for first exam till march 28, B.Arch