ഭൂമിയിലും ബഹിരാകാശത്തും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാന്‍ യു.എസ്. ബഹിരാകാശ ഏജന്‍സിയായ നാസ അന്താരാഷ്ട്ര ഹാക്കത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു. നാസയുടെ സൗജന്യ ഓപ്പണ്‍ ഡേറ്റ ഉപയോഗിക്കാവുന്ന 'നാസ സ്‌പേസ് ആപ്‌സ് ചലഞ്ച്' എന്ന വെര്‍ച്വല്‍ മത്സരം ഒക്ടോബര്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കും.

ലോകത്തെവിടെയുമുള്ള കോഡേഴ്‌സ് (പ്രോഗ്രാമര്‍മാര്‍), ശാസ്ത്രജ്ഞര്‍, ഡിസൈനര്‍മാര്‍, സ്റ്റോറി ടെല്ലര്‍മാര്‍, മേക്കര്‍മാര്‍, ബില്‍ഡര്‍മാര്‍, ടെക്‌നോളജിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. നാസ ഉദ്യോഗസ്ഥര്‍ മുന്നോട്ടുവെക്കുന്ന വെല്ലുവിളികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ പരിഹാരം നിര്‍ദേശിക്കണം. ഒക്ടോബര്‍ ഒന്നിന് രാവിലെ പ്രാദേശിക സമയം ഒന്‍പതിന് തുടങ്ങുന്ന മത്സരം ഒക്ടോബര്‍ ഒന്ന് രാത്രി പ്രാദേശിക സമയം 11.59ന് അവസാനിക്കും. ഈ വേളയില്‍ ഉണ്ടാകാവുന്ന സംശയങ്ങള്‍ ദൂരീകരിക്കുന്നതിനായി നാസയിലെയും പാര്‍ട്‌നര്‍ സ്‌പേസ് ഏജന്‍സികളിലെയും വിദഗ്ധരുടെ സേവനം ലഭ്യമാക്കും.

പങ്കെടുക്കാന്‍ ആദ്യം https://www.spaceappschallenge.org വഴി രജിസ്റ്റര്‍ ചെയ്യണം. ഒക്ടോബര്‍ മൂന്നുവരെ സൗകര്യമുണ്ടാകും. ഒരു ലൊക്കേഷന്‍ മത്സരാര്‍ഥിക്ക് തിരഞ്ഞെടുക്കാം. കേരളത്തില്‍ കൊച്ചി ലൊക്കേഷനാണ്. സൗകര്യപ്രദമായ ലൊക്കേഷന്‍ ലഭിക്കാതെ വന്നാല്‍ യൂണിവേഴ്‌സല്‍ ഈവന്റില്‍ രജിസ്റ്റര്‍ചെയ്യാം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ലോക്കല്‍ ലീഡ്, അവിടെയുള്ള മറ്റ് മത്സരാര്‍ഥികള്‍ എന്നിവരുമായി ബന്ധപ്പെടാം. ഒപ്പം ടീമുകള്‍ രൂപപ്പെടുത്താം.

ചലഞ്ച് വിഷയങ്ങളും ഡേറ്റാ ലഭ്യതയും വെബ്‌സൈറ്റില്‍ നല്‍കും. തുടര്‍ന്ന് തയ്യാറെടുപ്പുകള്‍ തുടങ്ങാം. മത്സരം ആരംഭിക്കുന്ന വേളയില്‍ പ്രോജക്ട് സമര്‍പ്പണനടപടികള്‍ ആരംഭിക്കാം. എഡിറ്റിങ് നടത്താം. സമര്‍പ്പിക്കപ്പെടുന്ന പ്രോജക്ടുകള്‍ സ്‌പേസ് ഏജന്‍സി വിദഗ്ധര്‍ വിലയിരുത്തി 10 ഗ്ലോബല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും. വിജയികള്‍ക്ക്, അവരുടെ പ്രോജക്ട് നാസ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ അവതരിപ്പിക്കാന്‍ അവസരം ലഭിക്കും. സ്വന്തം ചെലവില്‍ നാസ സൈറ്റ് സന്ദര്‍ശിക്കാനും അവസരം ലഭിക്കാം.

Content Highlights: NASA Space Apps challenge, Register now