ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍ എന്ന വിഭാഗത്തില്‍ വരുന്ന സ്ഥാപനങ്ങളിലെ മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി (എസ്.എസ്.) പ്രോഗ്രാമുകളിലെ ജനുവരി 2022 സെഷന്‍ പ്രവേശനത്തിനായി നടത്തുന്ന ഐ.എന്‍.ഐ. എസ്.എസ്. എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാം.

ഡി.എം./എം.സി.എച്ച്., എം.ഡി. (ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍) എന്നീ പ്രോഗ്രാമുകളിലെ പ്രവേശനമാണ് പരീക്ഷയുടെ പരിധിയില്‍ വരുന്നത്.

സ്ഥാപനങ്ങള്‍: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)  ന്യൂഡല്‍ഹി, ഭോപാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, പട്‌ന, റായ്പുര്‍, ഋഷികേശ്; ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍)  പുതുച്ചേരി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (നിംഹാന്‍സ്)  ബെംഗളൂരു; പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (പി.ജി.ഐ.എം.ഇ.ആര്‍).  ചണ്ഡീഗഢ്, ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി)  തിരുവനന്തപുരം. കോഴ്‌സുകള്‍, പ്രവേശനയോഗ്യത എന്നിവ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ iniss.aiimsexams.ac.in ല്‍ ഉള്ള പ്രോസ്‌പെക്ടസില്‍ ലഭിക്കും. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് രണ്ടു ഘട്ടങ്ങള്‍ ഉണ്ടാകും.

ആദ്യഘട്ടം എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. രണ്ടാം ഘട്ടം എയിംസിനു മാത്രം ബാധകമായിരിക്കും. പരീക്ഷയുടെ വിശദാംശങ്ങള്‍ പ്രോസ്‌പെക്ടസില്‍ ഉണ്ട്. പരീക്ഷാ തീയതി പ്രഖ്യാപിച്ചിട്ടില്ല. അപേക്ഷ ഇതേ വെബ്‌സൈറ്റ് വഴി നവംബര്‍ 12ന് വൈകീട്ട് അഞ്ച് വരെ നല്‍കാം. അപേക്ഷാഫീസ് എല്ലാവര്‍ക്കും 4250 രൂപയാണ്.

Content Highlights: Medical Super Specality Program Admissions