എം.ബി.ബി.എസ്., ബി.ഡി.എസ്., അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്കും ആയുര്‍വേദ, ഹോമിയോ കോഴ്‌സുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റിലേക്കുമുള്ള നടപടിക്രമങ്ങള്‍ പ്രവേശനപരീക്ഷാകമ്മിഷണര്‍ ആരംഭിച്ചു.
ഒന്‍പതിന് രാവിലെ 11 വരെ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം. 10ന് വൈകീട്ട് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും.
എം.ബി.ബി.എസ്., ബി.ഡി.എസ്., അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി, ഫോറസ്ട്രി, ഫിഷറീസ് കോഴ്‌സുകളില്‍ നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധമായും നടത്തണം. ഓപ്ഷന്‍ കണ്‍ഫര്‍മേഷനെത്തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കണം. ആവശ്യമില്ലാത്തവ റദ്ദാക്കല്‍, പുതുതായി ഉള്‍പ്പെടുത്തിയ കോളേജ്/കോഴ്‌സ് എന്നിവയിലേക്ക് ആവശ്യമുള്ളപക്ഷം ഓപ്ഷനുകള്‍ നല്‍കാനുള്ള സൗകര്യം ഒന്‍പതിന് രാവിലെ 11 വരെ ലഭിക്കും.
സ്വാശ്രയ ആയുര്‍വേദ മെഡിക്കല്‍ കോളേജുകളിലെ ബി.എ.എം.എസ്. കോഴ്‌സിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്ക് കമ്മിഷണര്‍ അലോട്ട്‌മെന്റ് നടത്തും. ഈ ഘട്ടത്തില്‍ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ ഈ സീറ്റുകളിലേക്ക് സംസ്ഥാന ആയുര്‍വേദ റാങ്ക് ലിസ്റ്റ് പ്രകാരം ജനനസ്ഥലം പരിഗണിക്കാതെയാകും അലോട്ട്‌മെന്റ് നടത്തുക.
പാലക്കാട് കരുണ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം എസ്.യു.ടി. മെഡിക്കല്‍ കോളേജ് എന്നീ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ്. കോഴ്‌സിലേക്ക് ഈ ഘട്ടത്തില്‍ പുതുതായി ഓപ്ഷന്‍ രജിസ്റ്റര്‍ചെയ്യാം. സിദ്ധ, യുനാനി കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റ് ഈ ഘട്ടത്തില്‍ ഉണ്ടായിരിക്കുന്നതല്ല.
Content Highlights: Medical Option registration window opens, Medical field